ജിദ്ദ: എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉംറ നിര്‍വഹിക്കാന്‍ ഇറാനിയന്‍ തീര്‍ഥാടകര്‍ മക്കയിലെത്തുന്നു. ഡിസംബര്‍ 19 ചൊവ്വാഴ്ച മുതലായിരിക്കും ഇറാനിൽ നിന്നുള്ള തീര്‍ഥാടകര്‍ സൗദി അറേബ്യയില്‍ എത്തിത്തുടങ്ങുക. ഇറാന്‍ ഹജജ് ആന്‍ഡ് പില്‍ഗ്രിമേജ് ഓര്‍ഗനൈസേഷന്‍ മേധാവി അബ്ബാസ് ഹുസൈനിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ബാച്ചില്‍ 550 തീര്‍ഥാടകരായിരിക്കും ഉണ്ടാവുകയെന്നും ഹുസൈനി പറഞ്ഞു.

To advertise here,

'തീര്‍ഥാടകര്‍ ഡിസംബര്‍ 19-ന് മക്കയിലെ ദൈവഭവനത്തിലേക്ക് ഇറാനില്‍ നിന്ന് പോകും. തീര്‍ത്ഥാടകര്‍ 10 ദിവസം സൗദി അറേബ്യയിലുണ്ടാകും. അതില്‍ അഞ്ച് ദിവസം മക്കയിലും അഞ്ച് ദിവസം മദീനയിലും തങ്ങും.' -അബ്ബാസ് ഹുസൈനിയെ ഉദ്ധരിച്ച് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ന്യൂസ് ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

സൗദി ഹജജ്, ഉംറ മന്ത്രാലയവുമായി ആവശ്യമായ കൂടിയാലോചനകളും ഏകോപനവും നടത്തി ഇത് സംബന്ധിച്ച ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചതിന് ശേഷമാണ് ഇറാനിയന്‍ ഉംറ വിമാനങ്ങള്‍ പുനരാരംഭിക്കുന്നതെന്നും ഹുസൈനി പറഞ്ഞു. 

ടെഹ്‌റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉംറ തീര്‍ഥാടകരുടെ ആദ്യ സംഘം സൗദി അറേബ്യയിലേക്ക് പുറപ്പെടും. പിന്നീട് മഷാദ്, തബ്രിസ്, ഇസ്ഫഹാന്‍, യസ്ദ്, കിര്‍മാന്‍, അഹ്‌വാസ്, ഷിറാസ്, സാരി, സഹേദാന്‍ തുടങ്ങിയ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്നും ഉംറ വിമാനങ്ങള്‍ സര്‍വീസ് നടത്തും. 550 ബാച്ചുകളിലായി 70,000 ഇറാനിയന്‍ തീര്‍ഥാടകര്‍ ഈ വര്‍ഷം ഉംറ നിര്‍വഹിക്കും.

വിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി ഫെബ്രുവരി 29 വരെ ഉംറ തീര്‍ഥാടകരെ ഇറാനില്‍ നിന്ന് അയക്കും. 2008-ല്‍ തീര്‍ഥാടനത്തിന് പ്രാരംഭ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് തീര്‍ഥാടനത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. 57 ലക്ഷം ഇറാനികള്‍ ഉംറ തീര്‍ഥാടനത്തില്‍ പങ്കെടുക്കാന്‍ തങ്ങളുടെ ഊഴം കാത്ത് നിൽക്കുകയാണ്. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ മറ്റ് അനുബന്ധ സ്ഥാപനങ്ങളും ഉംറയ്ക്കായി സൗദി അറേബ്യയിലേക്ക് എട്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ തീര്‍ഥാടകരെ അയക്കാന്‍ തയ്യാറാണെന്നും ഹുസൈനി കൂട്ടിച്ചേര്‍ത്തു. ഇതിനാവശ്യമായ സഹകരണം ഇറാന്‍ ഹജ്ജ് ആന്‍ഡ് പില്‍ഗ്രിമേജ് ഓര്‍ഗനൈസേഷന്‍ നല്‍കുമെന്നും അബ്ബാസ് ഹുസൈനി പറഞ്ഞു.

സൗദിയും ഇറാനും തമ്മിലുള്ള ബന്ധം 2016-ല്‍ വിഛേദിച്ചിരുന്നു. ഇതിന് ശേഷം ചൈനയുടെ മധ്യസ്ഥതയിലുള്ള കരാറിലൂടെ ഇറാനും സൗദി അറേബ്യയും 2023 മാര്‍ച്ചിലാണ് നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. നയതന്ത്രബന്ധം വിഛേദിക്കുന്നതിന് ഒരു വര്‍ഷം മുമ്പ്, 2015-ലായിരുന്നു ഇറാന്‍ ഉംറ തീര്‍ഥാടകരെ സൗദിയിലേക്കയക്കുന്നത് നിര്‍ത്തിയത്.