റിയാദ്: ഹജ്ജ് തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഹജ്ജ് സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി വിവിധ സർക്കാർ വകുപ്പുകളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും വ്യക്തമായി നിർവചിച്ച് സൗദി മന്ത്രിസഭ ഭേദഗതി അംഗീകരിച്ചു.

To advertise here,

സുരക്ഷാ ചുമതലകൾ ആഭ്യന്തര മന്ത്രാലയത്തിനാണ് നൽകിയിരിക്കുന്നത്. മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ സുരക്ഷാ വിഭാഗങ്ങളും മക്ക, മദീന മേഖലാ ഗവർണറേറ്റുകളും ഈ ചുമതല നിർവഹിക്കും. ദേശീയ ഗാർഡ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയവും സായുധ സേനയും, ജനറൽ ഇന്റലിജൻസ് പ്രസിഡൻസി, സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസി, ഹൈ കമ്മീഷൻ ഫോർ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) എന്നിവ പിന്തുണ നൽകും.

ആരോഗ്യ സേവനങ്ങളുടെ ചുമതല ആരോഗ്യ മന്ത്രാലയത്തിനാണ്. ദേശീയ ഗാർഡ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സൗദി റെഡ് ക്രസന്റ് അതോറിറ്റി, പബ്ലിക് ഹെൽത്ത് അതോറിറ്റി, ജനറൽ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി എന്നിവ ഇതിന് പിന്തുണ നൽകും.

മുനിസിപ്പൽ സേവനങ്ങളും പൊതുസൗകര്യങ്ങളും മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിംഗ് മന്ത്രാലയത്തിന്റെ ചുമതലയാണ്. ഗതാഗത-ലോജിസ്റ്റിക്‌സ് മന്ത്രാലയവും മക്ക നഗരത്തിന്റെയും വിശുദ്ധ കേന്ദ്രങ്ങളുടെയും റോയൽ കമ്മീഷനും സഹകരിക്കും.

ഹജ്ജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനുള്ള പ്രധാന ഉത്തരവാദിത്വം ഹജ്ജ്-ഉംറ മന്ത്രാലയത്തിനാണ്. ആഭ്യന്തര മന്ത്രാലയം, ടൂറിസം മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സൗദി അറേബ്യൻ സ്‌കൗട്ട്‌സ് അസോസിയേഷൻ, മക്കയുടെയും വിശുദ്ധ കേന്ദ്രങ്ങളുടെയും റോയൽ കമ്മീഷൻ എന്നിവ പിന്തുണ നൽകും.

ഇസ്ലാമിക ബോധവൽക്കരണവും മതോപദേശവും ഇസ്ലാമിക കാര്യങ്ങൾ, ദഅ്വ, മാർഗനിർദേശ മന്ത്രാലയത്തിന്റെ ചുമതലയായിരിക്കും. മക്കയിലെ ഗ്രാൻഡ് മസ്ജിദിലും മദീനയിലെ പ്രവാചക പള്ളിയിലും ഈ സേവനങ്ങൾ അതത് പള്ളികളുടെ മതകാര്യ പ്രസിഡൻസി നിർവഹിക്കും. രണ്ട് വിശുദ്ധ പള്ളികളുടെ പരിപാലന സേവനങ്ങൾ ജനറൽ അതോറിറ്റി ഫോർ ദി കെയർ ഓഫ് ദി അഫയേഴ്‌സ് ഓഫ് ദി ഗ്രാൻഡ് മോസ്‌ക് ആൻഡ് ദി പ്രോഫറ്റ്സ് മോസ്‌കിനാണ് നൽകിയിരിക്കുന്നത്.

മാധ്യമ പ്രവർത്തനങ്ങളുടെയും വാർത്താ ഏകോപനത്തിന്റെയും ചുമതല മാധ്യമ മന്ത്രാലയത്തിന് കീഴിലുള്ള യൂണിഫൈഡ് ഹജ്ജ് ഓപ്പറേഷൻസ് സെന്ററിനാണ്. ഹജ്ജുമായി ബന്ധപ്പെട്ട വിവരശേഖരണം, പഠനങ്ങൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിവ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് നിർവഹിക്കും. ആഭ്യന്തര മന്ത്രാലയം, ഹജ്ജ്-ഉംറ മന്ത്രാലയം, സാമ്പത്തിക-ആസൂത്രണ മന്ത്രാലയം, SDAIA എന്നിവ ഇതിന് പിന്തുണ നൽകും.

ഹജ്ജ് പ്രവർത്തനങ്ങളുടെ മേൽനോട്ടവും അഴിമതി നിരീക്ഷണവും നസാഹയുടെ (ഓവർസൈറ്റ് ആൻഡ് ആന്റി-കറപ്ഷൻ അതോറിറ്റി) ചുമതലയായിരിക്കും. ജനറൽ ഇന്റലിജൻസ് പ്രസിഡൻസിയും സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസിയും സഹകരിക്കും.

ഔദ്യോഗിക അതിഥി സ്വീകരണ സേവനങ്ങൾ റോയൽ പ്രോട്ടോക്കോളിനാണ്. ആശയവിനിമയ സേവനങ്ങൾ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നിർവഹിക്കും. കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി അതോറിറ്റി പിന്തുണ നൽകും.

പരിസ്ഥിതി, ജലവിതരണം, കാലാവസ്ഥാ സേവനങ്ങൾ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ ചുമതലയാണ്. മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളും, മക്ക നഗരത്തിന്റെയും വിശുദ്ധ കേന്ദ്രങ്ങളുടെയും റോയൽ കമ്മീഷനും, മദീന റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിയും സഹകരിക്കും.

ഊർജ സേവനങ്ങൾ ഊർജ മന്ത്രാലയത്തിനാണ്. ഊർജ മേഖലയിലെ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും, മക്ക റോയൽ കമ്മീഷനും, മദീന ഡെവലപ്മെന്റ് അതോറിറ്റിയും പിന്തുണ നൽകും.

ഭക്ഷണ വിതരണവും കാറ്ററിംഗ് സേവനങ്ങളും വാണിജ്യ മന്ത്രാലയത്തിന്റെ ചുമതലയായിരിക്കും. വിശുദ്ധ നഗരത്തിന്റെ മുനിസിപ്പാലിറ്റി ഇതിന് പിന്തുണ നൽകും.

സാങ്കേതിക സേവനങ്ങളും ഡിജിറ്റൽ പരിവർത്തനവും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) കൈകാര്യം ചെയ്യും. സൈബർ സുരക്ഷാ സേവനങ്ങൾ നാഷണൽ സൈബർസെക്യൂരിറ്റി അതോറിറ്റിയുടെ ചുമതലയായിരിക്കും.

താമസ സൗകര്യങ്ങളുടെ ചുമതല ടൂറിസം മന്ത്രാലയത്തിനാണ്. ആഭ്യന്തര മന്ത്രാലയം, മക്ക-മദീന മേഖലാ ഗവർണറേറ്റുകൾ, സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ്, ഹജ്ജ്-ഉംറ മന്ത്രാലയം, മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിംഗ് മന്ത്രാലയം എന്നിവ പിന്തുണ നൽകും.

കര ഗതാഗത സേവനങ്ങളുടെ ചുമതല ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ടിനാണ് നൽകിയിരിക്കുന്നത്.

ഹജ്ജ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന എല്ലാ വകുപ്പുകളുടെയും ചുമതലകളും സേവനങ്ങളും വ്യക്തമായി വിശദീകരിച്ച്, നടപ്പാക്കൽ നടപടിക്രമങ്ങൾ രൂപപ്പെടുത്തുകയും പരസ്പര ഏകോപനം ഉറപ്പാക്കുകയും ചെയ്യണമെന്ന് സുപ്രീം ഹജ്ജ് കമ്മിറ്റിയോട് ഭേദഗതി നിർദേശിക്കുന്നു. നിലവിലുള്ള നിയമങ്ങൾ, രാജകീയ ഉത്തരവുകൾ, മാർഗനിർദേശങ്ങൾ, നിലവിലെ പ്രവർത്തനരീതികൾ എന്നിവ പരിഗണിച്ചായിരിക്കണം ഈ ഏകോപനം നടപ്പാക്കേണ്ടതെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു.