മക്ക: മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനും വിശുദ്ധ മാസത്തിൽ സുഗമമായ ഗതാഗതത്തിനായി ശേഷി വർധിപ്പിക്കുന്നതിനും ഹറമൈൻ ഹൈ- സ്പീഡ് റെയിൽവേ സംവിധാനം സജ്ജമായി. ദൈനംദിന യാത്രകളുടെ എണ്ണം വർധിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ഹറമൈൻ ഹൈ- സ്പീഡ് റെയിൽവേയുടെ സംയോജിത പ്രവർത്തനപദ്ധതിയിലൂടെ, ഈ വർഷത്തെ വിശുദ്ധ റംസാൻ മാസത്തിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി സൗദി അറേബ്യൻ റെയിൽവേ പ്രഖ്യാപിച്ചു.

To advertise here,

രണ്ട് പുണ്യനഗരങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ട്രെയിൽ യാത്രക്കാരുടെ ആവശ്യകത കണക്കിലെടുത്ത്, ഈ വർഷത്തെ റംസാൻ സീസണിലെ പ്രവർത്തന പദ്ധതിയിൽ 3,662-ലധികം ട്രെയിൻ സർവീസ് നടത്തുകയും 1.7 ദശലക്ഷത്തിലധികം സീറ്റുകൾ ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് സൗദി അറേബ്യൻ റെയിൽവേ വിശദീകരിച്ചു. പ്രാർഥനാസമയങ്ങൾക്കനുസൃതമായി തീർഥാടകരുടെയും സന്ദർശകരുടെയും യാത്ര ക്രമപ്പെടുത്തുംവിധം ഷെഡ്യൂളുകൾ കൈകാര്യം ചെയ്യും. ഇതുവഴി പ്രതിദിന ട്രെയിനുകളുടെ എണ്ണം നൂറിൽ അധികമായി കവിയുമെന്ന് അധികൃതർ അറിയിച്ചു.

വിവിധ മേഖലകളിൽ രാജ്യം സാക്ഷ്യം വഹിക്കുന്ന സമഗ്രവികസന പ്രക്രിയ ലക്ഷ്യമിട്ട് പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിലൂടെയും സൗദി വിഷൻ 2030-ന് അനുസൃതമായി ഗതാഗത- ലോജിസ്റ്റിക്സിനായുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി നടപടികൾ പൊരുത്തപ്പെടുന്നുണ്ടെന്ന് സൗദി അറേബ്യൻ റെയിൽവേ സ്ഥിരീകരിച്ചു.

സ്പാനിഷ് കമ്പനിയായ ടാൽഗോയിൽനിന്ന് 20 പുതിയ ബോഗികൾ വാങ്ങുന്നതിനുള്ള കരാർ അടുത്തിടെ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. പ്രവർത്തന സന്നദ്ധത വർധിപ്പിക്കുന്നതിനും റംസാൻ പോലെയുള്ള പീക്ക് സീസണുകളിൽ കൂടുതൽ യാത്രക്കാർക്ക് സേവനം നൽകാൻ പ്രാപ്തമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നടപടിയായി സ്പാനിഷ് കമ്പനിയായ ടാൽഗോയിൽനിന്ന് 20 പുതിയ ട്രെയിനുകൾ വാങ്ങുന്നതിനുള്ള കരാർ പ്രഖ്യാപനത്തെ വിലയിരുത്തുന്നു.

ഹറമൈൻ ഹൈ- സ്പീഡ് റെയിൽവേ ലോകത്തിലെ ഏറ്റവും വേഗതയേറിയ പാസഞ്ചർ ട്രെയിനുകളിൽ ഒന്നാണ്. മണിക്കൂറിൽ 300 കിലോമീറ്റർ വരെ പ്രവർത്തന വേഗതയുണ്ട്. ഇത് മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്നു. ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. 453 കിലോമീറ്റർ റെയിൽവേ ലൈൻ വഴി, ഗതാഗത സംവിധാനത്തിന്റെ സംയോജനം ദീർഘിപ്പിക്കുകയും വേഗത- സുഖസൗകര്യങ്ങൾ- വിശ്വാസ്യത എന്നിവയിൽ യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.