
കോഴിക്കോട്: കടലിരമ്പുന്ന സൗത്ത് ബീച്ചിലെ സന്ധ്യകൾക്ക് ഇപ്പോൾ രുചിയുടെയും മണത്തിന്റെയും ഓർമ്മകളാണ്.
വൈകുന്നേരം ആറോടെ അടുക്കളകൾ ഓരോന്നായി ഉണരുന്ന തീരം പുലർച്ചെ ഒരുമണിവരെ രുചിവൈവിധ്യങ്ങൾകൊണ്ട് നിറയും. വൈകുന്നേരങ്ങളിൽ നോമ്പുതുറവിഭവങ്ങളിൽ തുടങ്ങി, രാത്രിയോടടുക്കുംതോറും വ്യത്യസ്തമായ രുചിക്കൂട്ടുകളിൽ മുങ്ങിനിവരുകയാണ് സൗത്ത് ബീച്ച്. ‘ഒരു പ്രത്യേക വൈബാണ്.
കടൽക്കാറ്റേറ്റ് നല്ല എരിവുള്ള അരിക്കടുക്കകഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ, ആഹാ... അത് വാക്കുകൾക്കപ്പുറമാണ്. അറബിക് വിഭവങ്ങളും നമ്മുടെ നാടൻപലഹാരങ്ങളുടെ മധുരവും ഒരേസ്ഥലത്ത് കിട്ടുന്നു’ – ബീച്ചിലെ രുചിയെക്കുറിച്ച് പറയുമ്പോൾ നാവിൽ കപ്പലോടുന്നതിന്റെ ആവേശമുണ്ട് സമീറിനും കൂട്ടുകാർക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗത്തുനിന്ന് രുചിവൈവിധ്യമറിയാൻ കുടുംബമായാണ് ഭക്ഷണപ്രേമികൾ ബീച്ചിലെത്തുന്നത്.
അറേബ്യൻനാട്ടിൽനിന്ന് കടൽകടന്നെത്തിയ മന്തിയും മജ്ബൂസും ഇന്ന് കോഴിക്കോടിന്റെ സ്വന്തം വിഭവങ്ങളായി മാറിക്കഴിഞ്ഞു. തുർക്കിഷ് പ്ലാറ്ററുകളും നാവിലഞ്ഞുചേരുന്ന കുനാഫയും അലീസയും ബീച്ചിലെ തരംഗമാണ്. കനലിൽവെന്ത മന്തിയും ഷവായ് ചിക്കനുമെല്ലാമുണ്ട്. മധുരമൂറുന്ന കുനാഫയും ഇന്ന് ഈ തീരത്തെ താരങ്ങളാണ്. മുസ്‌ലിംവീടുകളിലെ വിരുന്നുകളിലും കല്യാണങ്ങളിലുംമാത്രം കണ്ടിരുന്ന പലഹാരങ്ങൾക്കും ഒട്ടും കുറവില്ല. ഉന്നക്കായ, മുട്ടമാല, മുട്ടസുർക്ക, ചട്ടിപ്പത്തിരി, കുഞ്ഞിപ്പത്തിരി, നൈസ് പത്തിരി തുടങ്ങിയ നാടൻപലഹാരങ്ങളെല്ലാം വന്ന് കയ്ച്ചോളീന്ന് മാടിവിളിക്കുന്നുണ്ട്. പലഹാരത്തിന്റെ രുചിയിൽ ലയിച്ചിരിക്കുമ്പോൾ ഇത്തിരി തണുപ്പുനുണയാമെന്നുണ്ടെങ്കിൽ ‘ഐസ് ഉരതി’യുണ്ട്.
തെരുവോരങ്ങളിൽ സ്ഥാപിച്ച വിഭവങ്ങളുടെ പേരുകൾ ആരെയുമൊന്ന് ആശ്ചര്യപ്പെടുത്തും. പാനീയങ്ങളിൽത്തന്നെ കലംകലക്കി, ഇക്കിളിസോഡ, ഇടിവെട്ട് സോഡ, വേടൻ പാടും അങ്ങനെ വൈവിധ്യമേറെയുണ്ട്. പലതരം പഴങ്ങളുടെയും പച്ചക്കറികളുടെയും നീരിനൊപ്പം കാന്താരിമുളകുചേർത്തുള്ള പാനീയങ്ങളാണ് ഏറെയും. ഇത്തരം പേരുകൾ എങ്ങനെ വന്നു എന്നുചോദിച്ചാൽ ഒറ്റമറുപടിയേയുള്ളൂ, ‘‘ചേർക്കുന്ന കാന്താരിമുളകിന്റെ അളവിനനുസരിച്ചാണ് പേരുകൊടുക്കുന്നത്’’. മിക്കതിനും അസഹ്യമായ എരിവാണ്. എന്നിരുന്നാലും ആരാധകരേറെയാണ്.
ഇതിനൊപ്പം കടൽവിഭവങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. വിവിധതരം മത്സ്യവിഭവങ്ങൾ, ഞണ്ട്, കല്ലുമക്കായ, എരുന്ത് അങ്ങനെ നീളും രുചി. അതിനിടയിൽ വീശിയ അറബിക്കടലിലെ കാറ്റിനുപോലും മൊഹബത്തുകലർന്ന മസാലമണം..!
Content Highlights: Vibrant evening to late-night food culture at South Beach.
Published: 12 Mar 2026, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented