മക്ക: ഇഹ്‌റാമിന്റെ വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ മക്കയിലേക്ക് ഒഴുകുകയാണ്. 13 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഇതിനകം പുണ്യനഗരിയിലെത്തിയിട്ടുണ്ട്. ഈ തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും സ്വന്തം രാജൃങ്ങളില്‍ നിന്ന് ജിദ്ദ വിമാനത്താവളം വഴി നേരിട്ട് മക്കയിലേക്ക് വന്നവരും, ബാക്കിയുള്ള തീര്‍ത്ഥാടകര്‍ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം മക്കയിലെത്തിയവരുമാണ്.
തങ്ങളുടെ ജീവിതാഭിലാഷമായ ഹജ്ജ് കര്‍മ്മത്തിനു തുടക്കം കുറിക്കും മുമ്പ് ഏതാനും ദിവസത്തിനുള്ളില്‍ നടക്കുന്ന പ്രാഥമിക ചടങ്ങായ മിനയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി തീര്‍ത്ഥാടകര്‍ അവസാന തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. ഈ വര്‍ഷത്തെ ഹജ്ജ് ജൂണ്‍ 14 ന് സമാനമായ ദുല്‍ ഹിജ്ജ 8 വെള്ളിയാഴ്ച മിനയിലേക്കുള്ള ഹാജിമാരുടെ പ്രയാണത്തോടെ ആരംഭിക്കും. ജൂണ്‍ 15 ന് (ദുല്‍ ഹിജ്ജ 9) ന് നടക്കുന്ന ഹജജിന്റെ പരമപ്രധാന ചടങ്ങായ അറഫാ സംഗമത്തിനുമുമ്പായി ഹാജിമാര്‍ തര്‍വിയ്യ ദിനത്തില്‍ (ജൂണ്‍ 14ന്) അഞ്ചുനേരത്തെ പ്രാര്‍ത്ഥന, വിശുദ്ധ ഖുര്‍ ആന്‍ പാരായണം തുടങ്ങിയ കര്‍മ്മങ്ങളുമായി മിനായിലെ തങ്ങളുടെ കൂടാരങ്ങളില്‍ കഴിഞ്ഞുകൂടും. വാര്‍ഷിക തീര്‍ത്ഥാടനത്തിന്റെ പരകോടിയായി അടയാളപ്പെടുത്തുന്ന അറഫാ സംഗമത്തിനായി അടുത്ത ദിവസം അറഫാത്തില്‍ വിശാലമായ താഴ്‌വാരത്തേക്ക് ഒഴുകുന്നതിനുമുമ്പ് തീര്‍ത്ഥാടകര്‍ കൂടാര നഗരത്തില്‍ രാവും പകലും തങ്ങും.
പ്രായശ്ചിത്തത്തിന്റെ, വികാരങ്ങള്‍ നിറഞ്ഞ ആത്മീയതയുടെ അന്തരീക്ഷത്തില്‍ വിശ്വാസ തീര്‍ത്ഥാടകര്‍ ഇപ്പോള്‍ വിശുദ്ധ ഹറമിലെ വിശുദ്ധ കഅബയുടെ പരിസരത്ത് പ്രാര്‍ത്ഥനകളില്‍ മുഴുകുകായാണ്. സൗദി അധികൃതരും ഹജ്ജ് തീർത്ഥാടക സേവകരും ഹാജിമാര്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും സേവനങ്ങളും സംവിധാനിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് അവരുടെ അനുഷ്ഠാന കര്‍മ്മങ്ങള്‍ എളുപ്പത്തിലും സുഖത്തിലും നിര്‍വ്വഹിക്കാനുള്ള സൗകരൃമാണ് ഒരുക്കിയിട്ടുള്ളത്.
ജൂണ്‍ 7 ന് നടന്ന ഹജ്ജിനു മുമ്പുള്ള അവസാന വെള്ളിയാഴ്ച ഹറമില്‍ പ്രാര്‍ത്ഥനയ്ക്കായി പത്ത് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ തടിച്ചുകൂടിയതായാണ് റിപ്പോര്‍ട്ട്. ഹാജിമാരും പ്രാര്‍ത്ഥനക്കെത്തിയ മറ്റ് വിശ്വാസികളേയും കൊണ്ട് ഹറം പള്ളി കവിഞ്ഞൊഴുകിയിരുന്നു. സെന്‍ട്രല്‍ ഹറം ഭാഗത്തെ അങ്കണങ്ങളിലേക്കും സമീപത്തെ തെരുവുകളിലേക്കും വിശ്വാസികളുടെ നിര നീണ്ടു.
ലോകമെമ്പാടുമുള്ള 180 രാജ്യങ്ങളില്‍ നിന്നായി പതിമൂന്ന് ദശലക്ഷത്തിലധികം തീര്‍ഥാടകര്‍ ഇതുവരെ മക്കയില്‍ എത്തിയിട്ടുണ്ട്. ഏഷൃ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും അവരില്‍ ഉള്‍പ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 16 രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘങ്ങളുടെ വരവ് പൂര്‍ത്തിയായതായി തീര്‍തഥാടക സേവക കമ്പനികളിലൊന്നായ മഷാരിഖ് അല്‍-മസിയ മുതവാഫ് കമ്പനി സ്ഥിരീകരിച്ചു.
Content Highlights: hajj2024
Published: 11 Jun 2024, 01:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented