മക്ക: ഹജ്ജ് കര്‍മ്മത്തിന്റെ നാലാം ദിവസവും കല്ലേറ് കര്‍മത്തിന്റെ രണ്ടാം ദിവസവുമായ തഷ്രീഖിന്റെ ദിവസമായ ശനിയാഴ്ചത്തെ കല്ലേറ് കര്‍മ്മം തീര്‍ഥാടകര്‍ പൂര്‍ത്തിയാക്കി. ശനിയാഴ്ച ജംറയിലെ പിശാചിന്റെ മൂന്ന് പ്രതീകത്തിനു നേരെയും ഹാജിമാര്‍ കല്ലേറു കര്‍മ്മം നടത്തി. ഞായറാഴ്ച മൂന്നാം ദിവസത്തെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി ഭൂരിഭാഗം ഹാജിമാരും മിനായില്‍ നിന്നും തിരികെ പോകും.

To advertise here,

ജംറത്ത് അല്‍-ഔല എന്ന പിശാചിന്റെ ചെറിയ സ്തംഭം, ജംറത്ത് അല്‍-വുസ്ത എന്ന പിശാചിന്റെ മധ്യസ്തംഭം എന്നിവയില്‍ തുടങ്ങി ജംറത്ത് അല്‍-അഖബ എന്ന പിശാചിന്റെ വലിയ സ്തംഭത്തില്‍ അവസാനിക്കുന്ന വിധത്തില്‍ മൂന്ന് തൂണുകളിലേക്കായിരുന്നു ഇന്നത്തെ കല്ലേറ് കര്‍മ്മം. 

ഓരോ സ്തംഭത്തിലും മൂന്ന് കല്ലുകള്‍ വീതമാണ് ഹാജിമാര്‍ എറിഞ്ഞത്. കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി ഹാജിമാര്‍ തങ്ങളുടെ കൂടാരത്തില്‍ തന്നെ വിശ്രമിക്കുകയാണ്. ഞായറാഴ്ച കൂടി കല്ലേറ് കര്‍മ്മം നടത്തി ഭൂരിഭാഗം ഹാജിമാരും സൂര്യാസ്തമയത്തിനു മുമ്പ് മക്കയില്‍ നിന്നും വിടവാങ്ങും. 

സൂര്യാസ്തമയത്തിനു മുമ്പ് മക്കയില്‍ നിന്നും വിടവാങ്ങാന്‍ സാധിക്കാത്ത ഹാജിമാര്‍ തിങ്കളാഴ്ച നാലാം ദിവസത്തെ കല്ലേറ് കര്‍മ്മം കൂടി പൂര്‍ത്തിയാക്കിയായിരിക്കും ഹജ്ജ് കര്‍മത്തില്‍ നിന്നും വിടവാങ്ങുക. ഇതുവരെയുള്ള ഹജ്ജ് ചടങ്ങുകള്‍ വിജയകരമായി മുന്നേറുന്നതായി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.