മക്ക: ഹജ്ജിനും ഉംറക്കുമായി എത്തുന്ന രക്ഷിതാക്കളുടെ കുട്ടികളെ സുരക്ഷിതമായി സംരക്ഷിക്കുന്നതിനുള്ള സൗകര്യമാണ് വിശുദ്ധ ഹറമില്‍ ഒരുക്കിയിട്ടുള്ള 'ചൈല്‍ഡ് കെയര്‍ സെന്റര്‍'. ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം ഹറമില്‍ ഒരുക്കുന്നത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് തീര്‍ഥാടകര്‍ തങ്ങളുടെ കുട്ടികളെയുംകൂട്ടി ഹജജ് കര്‍മങ്ങള്‍ക്ക് എത്തുന്നുണ്ട്. ചിലര്‍ക്കിത് തങ്ങളുടെ പുണ്യ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രയാസമുണ്ടാക്കുന്നുണ്ട്. അങ്ങനെ പ്രയാസമനുഭവിക്കുന്നവരുടെ കുട്ടികളെ താത്കാലികമായി സംരക്ഷിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

To advertise here,

ചില തീര്‍ഥാടകര്‍ കുട്ടികളെയും കര്‍മങ്ങള്‍ ചെയ്യിക്കാന്‍ താത്പര്യപ്പെടുന്നുണ്ടെങ്കിലും മറ്റു ചിലര്‍ സൗകര്യപ്രദമായി തങ്ങളുടെ കര്‍മങ്ങള്‍ ചെയ്യാന്‍  കുട്ടികളെ സുരക്ഷിതമായി ഏര്‍പിക്കാന്‍ അവസരമില്ലാത്തന്നതിനാലാണ് കൂടെക്കൂട്ടുന്നത്. കുടുംബമോ വിശ്വസ്തരായ പരിചാരകരോ ഇല്ലാത്തവരുടെ കുട്ടികളെ സേവിക്കാനാണ് ഹറമില്‍ 'ചൈല്‍ഡ് കെയര്‍ സെന്റര്‍' ആരംഭിച്ചിട്ടുള്ളത്.

മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ഹജ്ജിന് കൊണ്ടുപോകുന്നത് പ്രയാസമുണ്ടാക്കാറുണ്ട്. ഹജ്ജ് കര്‍മത്തിന് കുട്ടികളെക്കൂട്ടി ദീര്‍ഘദൂരം നടക്കേണ്ടിവരുന്നത് പ്രയാസമുണ്ടാക്കാറുണ്ട്. കര്‍മങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍നിന്ന് അവര്‍ മാതാപിതാക്കളെ വ്യതിചലിപ്പിക്കുകയും ചെയ്യാറുണ്ട്. കഴിയുമെങ്കില്‍, ഹജ്ജിന് വരുന്നതിന് മുന്‍പ് മാതാപിതാക്കള്‍ കുട്ടികളെ സുരക്ഷിതമായ സ്ഥലത്താക്കണം. കാരണം മാതാപിതാക്കള്‍ കുട്ടികളുമായി വീണ്ടും ഒന്നിക്കാന്‍ അഞ്ച് ദിവസത്തോളമെടുക്കും. അതുവരെ കുട്ടികളെ സരക്ഷിതമായി ഏല്‍പിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ പറയുന്നു.

ഇത്തരമൊരു സാഹചര്യത്തെ നേരിടാനാണ് ഹറമില്‍ 'ചൈല്‍ഡ് കെയര്‍ സെന്റര്‍' എന്ന പേരില്‍ കുട്ടികള്‍ക്കായി സൗജന്യ നഴ്സറി ഈ വര്‍ഷം പള്ളിയുടെ മുറ്റത്ത് തുറന്നിട്ടുള്ളത്. ഔഖാഫിനുള്ള ജനറല്‍ അതോറിറ്റിയുടെ ധനസഹായവും ഹറമില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍, സുരക്ഷാ മേഖലകളില്‍ നിന്നുള്ളവരുടെയും സഹകരണത്തോടെ വിശുദ്ധ നഗരമായ മക്കയിലെ റോയല്‍ കമ്മിഷന്റെ നേതൃത്വത്തിലുള്ള രണ്ട് വിശുദ്ധ മസ്ജിദുകളുടെ വികസന സമിതിയാണ് ഈ സംരംഭം ആരംഭിച്ചിട്ടുള്ളത്.
തീര്‍ഥാടകര്‍ക്ക് ആശ്വാസത്തോടെയും ശാന്തതയോടെയും അവരുടെ ആചാരങ്ങള്‍ നിര്‍വഹിക്കാന്‍ സഹായിക്കുന്നതിന് 24 മണിക്കൂറും സേവനങ്ങള്‍ നല്‍കുന്ന പള്ളിയിലെ ആദ്യത്തെ ശിശു സംരക്ഷണ കേന്ദ്രമാണിത്. ആദ്യത്തെ മൂന്ന് മണിക്കൂര്‍ മാത്രമാണ് സൗജന്യം. കേന്ദ്രം മൂന്ന് മുറികള്‍ ഉള്‍പ്പെടുന്നതാണ്. ഓരോന്നിലും വിവിധ പ്രായക്കാരായ കുട്ടികള്‍ക്ക് ഗെയിമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാതാപിതാക്കളോ കുടുംബാംഗങ്ങളോ അവരുടെ ഹജ്ജ്, ഉംറ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ കുട്ടികള്‍ക്ക് കാത്തിരിക്കാനുള്ള സുരക്ഷിതമായ ഇടങ്ങളായിരിക്കും 'ചൈല്‍ഡ് കെയര്‍ സെന്റര്‍'.