റിയാദ്: ഈവർഷത്തെ ഹജ്ജ് കർമങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ലക്ഷക്കണക്കിന് തീർഥാടകരുടെ മടക്കയാത്രയ്ക്ക് സൗദി അറേബ്യ തുടക്കമിട്ടു. രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തി ചെക്ക്പോസ്റ്റുകൾ എന്നിവിടങ്ങളിൽ വിപുലമായ സംവിധാനങ്ങളൊരുക്കി തീർഥാടകരുടെ യാത്ര സുഗമമാക്കുകയാണെന്ന് സൗദി വാർത്താ ഏജൻസിയായ എസ് പി എ റിപ്പോർട്ട് ചെയ്തു.
രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകനായ സൽമാൻ രാജാവിന്റെ ഹജ്ജ്, ഉംറ, സന്ദർശന പദ്ധതി പ്രകാരമുള്ള ആദ്യ സംഘങ്ങൾ മദീനയിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രവാചക പള്ളിയായ മസ്ജിദുന്നബവിയും മറ്റ് ചരിത്ര-സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദർശിച്ച തീർഥാടകർക്ക് ആത്മീയാനുഭവം നിറഞ്ഞ യാത്രയായിരുന്നു ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.
മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ആദ്യ സംഘങ്ങളുടെ യാത്ര ക്രമീകരിച്ചത്. ഇസ്ലാമിക കാര്യ, ദഅ്വ, മാർഗനിർദേശ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തീർഥാടകർക്ക് മതപരവും സാംസ്‌കാരികവുമായ പ്രത്യേക പരിപാടികളും ഒരുക്കിയിരുന്നു. ഇസ്ലാമിനെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിനും തീർഥാടകരെ സേവിക്കുന്നതിലുള്ള സൗദി അറേബ്യയുടെ പരിശ്രമങ്ങൾ പരിചയപ്പെടുത്തുന്നതിനുമായിരുന്നു ഈ പരിപാടികൾ.
ഹജ്ജ് കാലയളവിൽ ലഭിച്ച താമസം, ഗതാഗതം, ആരോഗ്യപരിരക്ഷ, മറ്റ് സേവനങ്ങൾ എന്നിവയെ തീർഥാടകർ ഏറെ പ്രശംസിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മുസ്ലിംകൾക്ക് സൗദി രാജാവിന്റെ പ്രത്യേക പദ്ധതിയിലൂടെ ഹജ്ജ് നിർവഹിക്കാൻ അവസരം നൽകിയ സൗദി നേതൃത്വത്തോടും അവർ നന്ദി ഹാജിമാർ രേഖപ്പെടുത്തി.
അതേസമയം, ജിദ്ദ ഇസ്ലാമിക് തുറമുഖം വഴിയും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയും മടങ്ങുന്ന ആദ്യ സംഘങ്ങളുടെ യാത്രാനടപടികൾ വിജയകരമായി പൂർത്തിയാക്കിയതായി പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു. രാജ്യത്തെ എല്ലാ പ്രവേശന-പുറപ്പെടൽ കേന്ദ്രങ്ങളിലും ആവശ്യമായ ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും വിന്യസിച്ച് തീർഥാടകരുടെ മടക്കയാത്ര വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
ഈ വർഷം 17 ലക്ഷത്തിലധികം തീർഥാടകരാണ് ഹജ്ജിൽ പങ്കെടുത്തത്. ഇതിൽ 15 ലക്ഷത്തിലധികം പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും, 1,60,646 പേർ സൗദി പൗരന്മാരും പ്രവാസികളുമാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Published: 04 Jun 2026, 12:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented