റിയാദ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനം രാജ്യത്തുടനീളം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി. വെടിക്കെട്ടും ഡ്രോൺ പ്രദർശനങ്ങളും സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും സംഗീത-കലാപരിപാടികളും ആഘോഷങ്ങൾക്ക് നിറം പകർന്നു. “നമ്മുടെ അഭിമാനം നമ്മുടെ പ്രകൃതിയിലാണ്” എന്ന പ്രമേയത്തിലായിരുന്നു ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾ.

To advertise here,

1932 സെപ്റ്റംബർ 23-ന് അബ്ദുൽ അസീസ് അൽ സൗദ് രാജാവ് ഹിജാസും നജ്ദും ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ഏകീകരിച്ച് സൗദി അറേബ്യ എന്ന രാജ്യത്തിന് രൂപം നൽകിയതിന്റെ ഓർമയിലാണ് എല്ലാ വർഷവും ദേശീയ ദിനം ആഘോഷിക്കുന്നത്. ഇന്ന് ദേശീയ ദിനം രാജ്യത്തിന്റെ ചരിത്രം ഓർമിക്കുന്ന ദിനം മാത്രമല്ല. സൗദി അറേബ്യ കൈവരിച്ച വികസനവും ആധുനിക മാറ്റങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന അവസരം കൂടിയാണ്. വിഷൻ 2030 ന്റെ ഭാഗമായി രാജ്യത്ത് നടക്കുന്ന വലിയ മാറ്റങ്ങളും ആഘോഷങ്ങളിൽ പ്രതിഫലിച്ചു.

ആകാശത്ത് വർണവിസ്മയം

ദേശീയ ദിനത്തിന്റെ ഭാഗമായി റിയാദ്, ജിദ്ദ, അൽഖോബർ, മദീന, ഹായിൽ, അറാർ, അൽബാഹ, തബൂക്ക്, ബുറൈദ തുടങ്ങി വിവിധ നഗരങ്ങളിൽ വെടിക്കെട്ടുകൾ നടന്നു. റിയാദിലെ ബൊളിവാർഡ് സിറ്റിക്ക് മുകളിൽ ഡ്രോണുകൾ ദേശീയ ദിനത്തിന്റെ ചിഹ്നങ്ങൾ ആകാശത്ത് തീർത്തു. കെട്ടിടങ്ങളും പ്രധാന റോഡുകളും പച്ച നിറത്തിലുള്ള പ്രകാശത്തിൽ തിളങ്ങി. ജിദ്ദ പ്രൊമനേഡിലും അൽഖോബർ കോർണിഷിലും നടന്ന വെടിക്കെട്ടുകൾ കാണാൻ വലിയ ജനക്കൂട്ടമാണ് എത്തിയത്.

സൈനിക പ്രദർശനങ്ങൾ

 

റിയാദിലും അൽഖോബറിലും വ്യോമ-നാവിക സൈനിക പ്രദർശനങ്ങൾ നടന്നു. ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്തി. നാവിക കപ്പലുകളും ബോട്ടുകളും പങ്കെടുത്ത പ്രദർശനങ്ങളും ശ്രദ്ധേയമായി. സൈനിക ബാൻഡുകളുടെ പ്രകടനങ്ങൾക്കും വിവിധ സൈനിക അഭ്യാസങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചു.

 

 

 

പാരമ്പര്യത്തിനൊപ്പം ആഘോഷം

രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ പരമ്പരാഗത അർദ നൃത്തം, നാടോടി കലാപരിപാടികൾ, ദേശഭക്തിഗാനങ്ങൾ, കവിതകൾ, നാടകങ്ങൾ തുടങ്ങിയവ അരങ്ങേറി. അസീർ, അൽബാഹ, ഖസീം, അൽഅഹ്സ, നജ്റാൻ, മക്ക തുടങ്ങിയ പ്രദേശങ്ങളിൽ നഗരങ്ങൾ പച്ച നിറത്തിലുള്ള അലങ്കാരങ്ങളാൽ മനോഹരമായി. കുടുംബങ്ങളും കുട്ടികളും യുവാക്കളും വാഹന പരേഡുകളിലും വിവിധ പൊതുപരിപാടികളിലും സജീവമായി പങ്കെടുത്തു. ഖസീമിൽ റോഡുകളിലും പൊതുസ്ഥലങ്ങളിലുമായി 20,000 ത്തിലധികം സൗദി പതാകകൾ സ്ഥാപിച്ചു. അൽഅഹ്സയിൽ നടന്ന പരേഡിൽ സർക്കാർ-സുരക്ഷാ വിഭാഗങ്ങൾക്കൊപ്പം പഴയകാല കാറുകളും ആധുനിക കാറുകളും കുതിരകളും നാടോടി കലാരൂപങ്ങളും അണിനിരന്നു.

മക്കയിലും ആഘോഷം

മക്കയിൽ പാർക്കുകളിലും നടപ്പാതകളിലും ഷോപ്പിംഗ് മാളുകളിലും വിവിധ പൊതുസ്ഥലങ്ങളിലുമായി ദേശീയ ദിന പരിപാടികൾ നടന്നു. ദേശഭക്തിഗാനങ്ങളും കലാപരിപാടികളും കുടുംബങ്ങൾക്കായുള്ള വിവിധ പരിപാടികളും സംഘടിപ്പിച്ചു. സൗദി പതാകകളും പൂക്കളും സ്മാരക സമ്മാനങ്ങളും വിതരണം ചെയ്തു.

മദീനയിൽ പ്രത്യേക ചടങ്ങ്

മദീനയിലെ കിംഗ് സൽമാൻ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ പ്രത്യേക ദേശീയ ദിന ചടങ്ങ് നടന്നു. രാജകീയ ദേശീയഗാനം, ഖുർആൻ പാരായണം, അബ്ദുൽ അസീസ് രാജാവ് രാജ്യത്തെ ഏകീകരിച്ച ചരിത്രം ഓർമിപ്പിക്കുന്ന ദേശഭക്തികവിത എന്നിവ ചടങ്ങിന്റെ ഭാഗമായി.

ഖിദ്ദിയയിൽ ആദ്യ ദേശീയ ദിനം

പൊതുജനങ്ങൾക്കായി തുറന്നതിന് ശേഷമുള്ള ആദ്യ ദേശീയ ദിനം ഖിദ്ദിയ സിറ്റി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റിയിലും അക്വറേബിയയിലും വിനോദ, സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. രാത്രിയിൽ നടന്ന ലൈറ്റ് ഷോകളും വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു. ഖിദ്ദിയയിലെ മലനിരകൾ പച്ച വെളിച്ചത്തിൽ തിളങ്ങി.

അക്വറേബിയയിലെ ആഘോഷങ്ങൾ സെപ്റ്റംബർ 26വരെ തുടരും. സിക്സ് ഫ്ലാഗ്സിൽ സെപ്റ്റംബർ 25, 26 തീയതികളിൽ പ്രത്യേക കോമഡി പരിപാടികളും നടക്കും. അൽഖോബറിൽ സെപ്റ്റംബർ 26, 27 തീയതികളിലാണ് അടുത്ത ദേശീയ ദിന വ്യോമ പ്രദർശനം നടക്കുക. ചരിത്രവും പൈതൃകവും ആധുനികതയും ഒരുമിച്ച് ചേർന്ന ദേശീയ ദിനാഘോഷങ്ങളാണ് ഇത്തവണ സൗദിയിലുടനീളം അരങ്ങേറിയത്.