റിയാദ്: കയറ്റുമതിയിൽ ഇടിവുണ്ടായിട്ടും സൗദി അറേബ്യയുടെ ജൂലൈ മാസത്തെ ചരക്ക് വ്യാപാര മിച്ചം 14.36 ബില്യൺ റിയാൽ ( 3.83 ബില്യൺ ഡോളർ). ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പ്രാഥമിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ജൂലൈയിൽ സൗദിയുടെ ചരക്ക് കയറ്റുമതി കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 17.2 ശതമാനം കുറഞ്ഞ് 84.38 ബില്യൺ റിയാലായി. എണ്ണ കയറ്റുമതിയിലും എണ്ണയിതര കയറ്റുമതിയിലുമുണ്ടായ ഇടിവാണ് ഇതിന് പ്രധാന കാരണം.
അതേസമയം, ഇറക്കുമതി 15.4 ശതമാനം കുറഞ്ഞ് 70.02 ബില്യൺ റിയാലിലെത്തി. ഇറക്കുമതിയിലെ കുറവ് കയറ്റുമതിയിലെ ഇടിവിന്റെ ആഘാതം ഭാഗികമായി കുറച്ചതാണ് വ്യാപാര മിച്ചം നിലനിർത്താൻ സഹായിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് വ്യാപാര മിച്ചം 25 ശതമാനം കുറഞ്ഞു.
എണ്ണയിതര കയറ്റുമതിയും കാര്യമായ ഇടിവ് രേഖപ്പെടുത്തി. റീ-എക്സ്പോർട്ട് ഉൾപ്പെടെയുള്ള എണ്ണയിതര കയറ്റുമതി 26.2 ശതമാനം കുറഞ്ഞു. റീ-എക്സ്പോർട്ടുമാത്രം 40 ശതമാനം ഇടിഞ്ഞു. എണ്ണയിതര ഉൽപ്പന്നങ്ങളിൽ പ്ലാസ്റ്റിക്, റബർ തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തത്. എന്നാൽ ഈ വിഭാഗത്തിലും 17.8 ശതമാനം കുറവുണ്ടായി. രാസവസ്തുക്കളുടെ കയറ്റുമതി 32.1 ശതമാനം കുറഞ്ഞു.
ഇറക്കുമതിയിൽ യന്ത്രങ്ങൾ, വൈദ്യുത ഉപകരണങ്ങൾ എന്നിവയാണ് പ്രധാന വിഭാഗം. ഇവയുടെ ഇറക്കുമതി 26.6 ശതമാനം കുറഞ്ഞു. ഗതാഗത ഉപകരണങ്ങളുടെയും ഭാഗങ്ങളുടെയും ഇറക്കുമതിയിലും 41.2 ശതമാനം ഇടിവുണ്ടായി. സൗദിയുടെ എണ്ണയിതര ഉൽപ്പന്നങ്ങളുടെ പ്രധാന കയറ്റുമതി വിപണി യുഎഇയാണ്. ജൂലൈയിൽ യുഎഇയിലേക്കുള്ള കയറ്റുമതി 6.61 ബില്യൺ റിയാലായിരുന്നു. ഇന്ത്യയിലേക്ക് 3.20 ബില്യൺ റിയാലിന്റെയും ചൈനയിലേക്ക് 1.55 ബില്യൺ റിയാലിന്റെയും കയറ്റുമതി നടന്നു.
മൊത്തം കയറ്റുമതിയിൽ ചൈനയാണ് സൗദിയുടെ പ്രധാന വിപണി. 13.4 ശതമാനം വിഹിതവുമായി ചൈന ഒന്നാമതെത്തി. യുഎഇ 10 ശതമാനവും ജപ്പാൻ 8.7 ശതമാനവുമായി പിന്നാലെയുണ്ട്. ഇറക്കുമതിയിലും ചൈനയാണ് സൗദിയുടെ പ്രധാന പങ്കാളി. മൊത്തം ഇറക്കുമതിയുടെ 22.7 ശതമാനം ചൈനയിൽ നിന്നാണ്. അമേരിക്ക 8.4 ശതമാനവും സ്വിറ്റ്സർലൻഡ് 6.9 ശതമാനവുമായി പിന്നാലെയുണ്ട്.
ജൂലൈയിലെ സൗദിയുടെ ഏറ്റവും വലിയ ഇറക്കുമതി കവാടം ജിദ്ദ ഇസ്‌ലാമിക് തുറമുഖമാണ്. രാജ്യത്തെ മൊത്തം ഇറക്കുമതിയുടെ 42.7 ശതമാനവും ഈ തുറമുഖം വഴിയാണ് എത്തിയത്. ജിദ്ദ ഇസ്‌ലാമിക് തുറമുഖം തന്നെയാണ് എണ്ണയിതര കയറ്റുമതിയിലും പ്രധാന കവാടം.
Content Highlights: Saudi Arabia recorded a merchandise trade surplus of SAR 14.36 billion ($3.83 billion) in July., Total merchandise exports dropped by 17.2% year-on-year to SAR 84.38 billion due to declines in oil and non-oil exports., Imports decreased by 15.4% to SAR 70.02 billion, helping cushion the impact on the trade surplus., China remains Saudi Arabia's top trading partner for both total exports and imports.
Published: 24 Sept 2026, 11:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented