ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന ഹജ്ജ് സമ്മേളനത്തിനും പ്രദർശനത്തിനും ചുരുങ്ങിയ കാലത്തിനുള്ളിൽ വൻ വളർച്ച കൈവരിക്കാനായതായി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ. 2022ൽ ആരംഭിച്ച സമ്മേളനം നാല് വർഷത്തിനിടെ പങ്കാളിത്തത്തിന്റെ കാര്യത്തിൽ അഞ്ചിരട്ടിയിലേറെ വളർച്ച നേടിയതായി അദ്ദേഹം പറഞ്ഞു.
2022ൽ 84 കമ്പനികളും സ്ഥാപനങ്ങളും മാത്രമായിരുന്നു സമ്മേളനത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ ഈ വർഷം ആറാം പതിപ്പിലെത്തിയപ്പോൾ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെയും കമ്പനികളുടെയും എണ്ണം ഏകദേശം 520 ആയി ഉയർന്നു. ആദ്യ വർഷം 14,000ത്തോളം സന്ദർശകരാണ് എത്തിയിരുന്നത്. ഈ വർഷം സന്ദർശകരുടെ എണ്ണം രണ്ട് ലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
150ലേറെ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പങ്കാളിത്തമാണ് ഇത്തവണ സമ്മേളനത്തിന്റെ പ്രത്യേകത. വിവിധ രാജ്യങ്ങളിലെ ഉന്നത നേതാക്കൾ, മന്ത്രിമാർ, ഗ്രാൻഡ് മുഫ്തിമാർ തുടങ്ങിയ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായി വിവിധ മേഖലകളിൽ വലിയ സഹകരണവും കരാറുകളും രൂപപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രദർശനത്തിന് മികച്ച ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. തീർഥാടകരുടെ സേവനരംഗത്ത് കൂടുതൽ മുന്നേറ്റം കൈവരിക്കാൻ സമ്മേളനം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിദ്ദയിൽ നടക്കുന്ന ആറാമത് ഹജ്ജ് സമ്മേളനത്തിനും പ്രദർശനത്തിനും ഇന്ന് (ബുധനാഴ്ച) സമാപനമാകും. വൻ അന്താരാഷ്ട്ര പങ്കാളിത്തവും പുതിയ സഹകരണ കരാറുകളും കൊണ്ട് ഈ വർഷത്തെ സമ്മേളനം ശ്രദ്ധേയമായി.
ഹജ്ജ് സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ആധുനിക സാങ്കേതികവിദ്യകളും നൂതന ആശയങ്ങളും പ്രയോജനപ്പെടുത്തുന്നതിനുമുള്ള സൗദിയുടെ തുടർച്ചയായ ശ്രമങ്ങളുടെ പ്രതിഫലനം കൂടിയാണ് സമ്മേളനത്തിന്റെ ഈ വളർച്ച.
Published: 12 Nov 2026, 12:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented