ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിലെ അംഗ ക്ലബുകളെ ഉള്‍പ്പെടുത്തി ജിദ്ദയിലെ പ്രമുഖ ക്ലബ്ബായ ബ്ലൂ സ്റ്റാര്‍ ക്ലബ് സംഘടിപ്പിക്കുന്ന ആറാമത് ഇലവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റായ അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് 2025-ന് ജിദ്ദ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റ് അല്‍റുസൂഫ് ബ്ലൂസ്റ്റാര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ബ്ലൂസ്റ്റാര്‍ ക്ലബ് പ്രസിഡന്റ് ഷരീഫ് പരപ്പന്റെ അധ്യക്ഷതയില്‍ സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റ് ബേബി നീലാമ്പ്ര ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ബ്ലൂസ്റ്റാര്‍ ക്ലബ് ജനറല്‍ സെക്രട്ടറി ഷഫീഖ് പട്ടാമ്പി സ്വാഗതവും വൈസ് പ്രസിഡന്റ് ഷെരീഫ് സാംസങ് നന്ദിയും പറഞ്ഞു. സിഫ് ജനറല്‍ സെക്രട്ടറി നിസാം മമ്പാട് ആശംസകള്‍ നേര്‍ന്നു.
ടൂര്‍ണമെന്റിലെ ബി ഡിവിഷന്‍ ആദ്യമത്സരത്തില്‍ ആതിഥേയരായ അബീര്‍ എക്‌സ്പ്രസ്സ് ബ്ലൂസ്റ്റാര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ടെക്‌സോ പാക്ക് ന്യൂ കാസില്‍ എഫ്‌സിയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ നിബില്‍ നേടിയ ഗോളിന് ന്യൂ കാസില്‍ ലീഡ് നേടിയെങ്കിലും പതിയെ താളം വീണ്ടെടുത്ത ബ്ലൂ സ്റ്റാറിന്റെ അലന്‍ സോളമന്‍ (2), സുഫൈദ് എന്നിവര്‍ നേടിയ ഗോളുകളിലൂടെ ഇടവേളക്ക് പിരിയുമ്പോള്‍ തന്നെ 3- 1 എന്ന നിലയില്‍ ലീഡെടുത് മത്സരത്തിലേക്ക് തിരിച്ചു വന്നു. രണ്ടാം പകുതിയില്‍ ന്യൂ കാസില്‍ താരങ്ങള്‍ ഗോള്‍ മടക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരിചയ സമ്പന്നരായ മുസ്തഫ ഒതുക്കുങ്ങല്‍, നിഷാദ് മങ്കട എന്നിവരുടെ നേതൃത്വത്തില്‍ അണിനിരന്ന ബ്ലൂ സ്റ്റാര്‍ പ്രധിരോധനിര സമര്‍ഥമായി തടുത്തു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ന്യൂ കാസിലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോള്‍ ആക്കിക്കൊണ്ട് മുഹമ്മദ് ഷുഹൈബ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും കൂടുതല്‍ ഗോള്‍ വഴങ്ങാതെ ബ്ലൂസ്റ്റാര്‍ ടീം ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. ബ്ലൂസ്റ്റാറിന്റെ അലന്‍ സോളമന്‍ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
ബി ഡിവിഷന്‍ രണ്ടാം മത്സരത്തില്‍ വെല്‍കണക്ട് ട്രേഡിങ്ങ് ഫ്രണ്ട്സ് ജിദ്ദ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വിജയ് മസാല ബിഎഫ്‌സി യെ പരാജയപ്പെടുത്തി. മുഹമ്മദ് ജവാസിന്‍ ( 2 ) റിയാസ് വയനാട് എന്നിവര്‍ ഫ്രണ്ട്‌സിന് വേണ്ടി ഗോളുകള്‍ നേടി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ നേടി ഫ്രണ്ട്സ് ടീം മത്സരത്തില്‍ ആധിപത്യം നേടിയിരുന്നു. ഫ്രണ്ട്സ് ജിദ്ദയുടെ മുഹമ്മദ് ജവാസിന്‍ ആണ് മത്സരത്തിലെ മികച്ച താരം.
സിഫ് ഫുട്‌ബോളിലെ പ്രമുഖര്‍ ഏറ്റുമുട്ടിയ ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ സിഫ് മുന്‍ ചാമ്പ്യന്മാരായ ചാംസ് സബീന്‍ എഫ്‌സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് എഫ്‌സി ആദ്യ ജയവും വിലപ്പെട്ട മൂന്ന് പോയിന്റും കരസ്ഥമാക്കി. ഗോകുലം എഫ്‌സി താരം മുഹമ്മദ് ജിയാദ്, മുഹമ്മദ് നിയാസ് എന്നിവരുടെ നേതൃത്വത്തില്‍ മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച പാസിങ് ഗെയിമിലൂടെ സബീന്‍ എഫ്‌സി ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയ ബ്ലാസ്റ്റേഴ്സ് എഫ്‌സി ആക്രമങ്ങളെ ചെറുക്കാന്‍ സബീന്‍ നായകന്‍ ഷാഫി, സല്‍മാനുല്‍ ഫാരിസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിര നന്നേ പാടുപെട്ടു. ഫാസിലിന്റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്സ് മധ്യനിര മുന്നേറ്റ നിരയ്ക്ക് നിരന്തരം പന്തുകള്‍ എത്തിച്ചു ആക്രമങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കി. ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി സബീന്‍ എഫ്‌സിയുടെ പരിചയ സമ്പന്നനായ ഗോള്‍കീപ്പര്‍ ഷറഫുദ്ദിന് യാതൊരു അവസരവും നല്‍കാതെ ഗോളാക്കി മാറ്റിക്കൊണ്ട് മുഹമ്മദ് ജിയാദാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. അധികം വൈകാതെ മൈതാനത്തിന്റെ ഇടത്തെ മൂലയില്‍നിന്ന് മൂന്ന് പ്രതിരോധ നിരക്കാരെ സമര്‍ഥമായി വെട്ടിയൊഴിഞ്ഞു ഗോള്‍ പോസ്റ്റിന്റെ വലതു മൂലയിലേക്ക് അടിച്ചു കയറ്റിയ ഗോളിലൂടെ മുഹമ്മദ് ജിയാദ് തന്നെ ടീമിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടവേളക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് സബീന്‍ എഫ്‌സി ഗോള്‍ പോസ്റ്റിനു മുപ്പതുവാര അകലെ നിന്ന് ലഭിച്ച ഫ്രീ കിക്ക് ക്രോസ്സ് ബാറില്‍ തൊട്ടുരുമ്മി ഗോള്‍ വലയിലേക്ക് താഴ്ന്നിറങ്ങിയ മനോഹരമായ കര്‍വിങ് ഷോട്ടിലൂടെ മുഹമ്മദ് നിയാസ് മൂന്നാം ഗോളും നേടി മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ആധിപത്യം ഉറപ്പിച്ചു. മുഹമ്മദ് ജിയാദ് ആണ് മത്സരത്തിലെ മികച്ച താരം.
ഓരോ മത്സരങ്ങളിലെയും മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ക്കുള്ള വിജയ് മസാല നല്‍കുന്ന ട്രോഫിയും കിറ്റും ഷീറ ലാത്തിന്‍ നല്‍കുന്ന ഗിഫ്‌റ് കിറ്റും സിഫ് വൈസ് പ്രസിഡന്റ് സലാം കാളികാവ്, എന്‍കംഫര്‍ട് എംഡി ലത്തീഫ് പെരിന്തല്‍മണ്ണ, മമ്പാട് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ അലി മമ്പാട് എന്നിവര്‍ താരങ്ങള്‍ക്ക് സമ്മാനിച്ചു. സിഫ് സീനിയര്‍ വൈസ് പ്രസിഡന്റ് സലിം മമ്പാട്, സാദിഖ് അലി തുവൂര്‍, സിഫ് ജനറല്‍ കാപ്റ്റന്‍ അന്‍വര്‍ കരിപ്പ, വൈസ് പ്രസിഡന്റ് ഫിറോസ് ചെറുകോട് തുടങ്ങിയവര്‍ കളിക്കാരെ പരിചയപ്പെട്ടു.
ഉദ്ഘാടനത്തോടനുബന്ധിച്ചു പെന്റീഫ് കൂട്ടായ്മയിലെ കലാകാരികള്‍ അവതരിപ്പിച്ച ഒപ്പനയും സിനിമാറ്റിക് ഡാന്‍സും കാണികള്‍ക്ക് നല്ല അനുഭവമായി. അടുത്ത വെള്ളിയാഴ്ച ടൂര്‍ണമെന്റില്‍ നാലു മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഏഴ് മണിക്ക് ആദ്യ മത്സരത്തില്‍ വെറ്ററന്‍സ് വിഭാഗത്തില്‍ ഹിലാല്‍ എഫ്‌സി അബീര്‍ ഫ്രൈഡേ എഫ്‌സി ജിദ്ദയുമായി ഏറ്റുമുട്ടും. തുടര്‍ന്ന് ബി ഡിവിഷന്‍ മത്സരങ്ങളില്‍ അറബ് ഡ്രീംസ് എസിസിബി ടീം റീം യാസ് എഫ്‌സിയുമായും, ക്‌സൈക്‌ളോണ്‍ ഐടി സോക്കര്‍ എഫ്‌സി റെഡ് സീ ബ്ലാസ്റ്റേഴ്സ്മായും ഏറ്റുമുട്ടും. അവസാന മത്സരത്തില്‍ സൂപ്പര്‍ ലീഗില്‍ സിഫ് ഫുട്ബാളിലെ മുന്‍ ചാമ്പ്യന്മാരും രണ്ട് വന്‍ശക്തികളുമായ എന്‍കംഫര്‍ട് എസിസിഎ ടീമും റീം റിയല്‍ കേരളയും ഏറ്റുമുട്ടും. ടൂര്‍ണമെന്റിനോടനുബന്ധിച്ചു കാണികള്‍ക്കായി നറുക്കെടുപ്പിലൂടെ ഓരോ ആഴ്ചയിലും എല്‍ഇഡി ടെലിവിഷന്‍ തുടങ്ങിയ സമ്മാനങ്ങള്‍ക്ക് പുറമെ ബമ്പര്‍ സമ്മാനമായി നാട്ടില്‍ ഒരു സ്‌കൂട്ടിയും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Content Highlights: Abeer BlueStar Soccer Fest 2025
Published: 03 Aug 2025, 11:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented