ദോഹ: പ്രവാസി വനിതകളുടെ വ്യക്തിപരവും പ്രൊഫഷണലുമായ പുരോഗതിയും പരിസ്ഥിതി സൗഹൃദ ജീവിതരീതികളും ലക്ഷ്യമിട്ട് എം.ജി.എം ഖത്തർ സംഘടിപ്പിക്കുന്ന 'ഫ്ലേവേഴ്സ് ആൻഡ് ഫ്ലോറ എക്സ്പോ 2026' നവംബർ 13 വെള്ളിയാഴ്ച ഹെറിറ്റേജ് ഇന്റർനാഷണൽ അക്കാദമിയിൽ നടക്കും. 'സുസ്ഥിരത പ്രവർത്തി പഥത്തിൽ' എന്ന പ്രമേയമാക്കി സംഘടിപ്പിക്കപ്പെടുന്ന എക്സ്പോയിൽ ആകർഷണീയമായ നിരവധി പ്രദർശനങ്ങൾ നടക്കും. പ്രവാസി വനിതകളുടെ ശാക്തീകരണത്തിനായി നിരന്തരം പ്രവർത്തിക്കുന്ന എം.ജി.എം ഖത്തറിന്റെ ഈ വാർഷിക സംരംഭത്തിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ള ധാരാളം വനിതകളും അവരുടെ കുടുംബങ്ങളും പങ്കെടുക്കും.

To advertise here,

വനിതകൾക്ക് തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും പുതിയ ആശയങ്ങളും വൈദഗ്ധ്യങ്ങളും പങ്കുവെക്കാനും പരസ്പരം സൗഹൃദം പുതുക്കാനുമുള്ള മികച്ചൊരു വേദിയായാണ് എക്സ്പോ ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ നാടൻ പലഹാരങ്ങളും വിഭവങ്ങളുമടങ്ങുന്ന 'ടേസ്റ്റ് ഓഫ് കേരള' ഫുഡ് സ്റ്റാളുകൾ എക്സ്പോയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കൂടാതെ, കൈകൊണ്ട് നിർമ്മിച്ച വൈവിധ്യമാർന്ന കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, ഓർഗാനിക് ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും എക്സ്പോയിലുണ്ടാകും.

പ്രകൃതിസ്നേഹികൾക്കായി വൈവിധ്യമാർന്ന ചെടികളും പൂക്കളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. പുസ്തകപ്രേമികൾക്ക് വായനാനുഭവങ്ങൾ പങ്കുവെക്കാനും ലൈബ്രറി ശേഖരത്തിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാനുമായി 'ബുക്ക് ലവേഴ്സ് കോർണറും', ധാർമ്മിക മൂല്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായി ചിന്തോദ്ദീപകമായ 'മോറൽ എക്സിബിഷനും' ഒരുക്കിയിട്ടുണ്ട്.

കുട്ടികൾക്കായി വിനോദങ്ങളും കൗതുകങ്ങളും നിറഞ്ഞ 'കിഡ്സ് കോർണർ' ഉണ്ടായിരിക്കും. പാചക നൈപുണ്യവും അവതരണ മികവും മാറ്റുരയ്ക്കുന്ന 'ക്രിയേറ്റീവ് റെസിപ്പി', മാലിന്യങ്ങളിൽ നിന്നും അനാവശ്യ വസ്തുക്കളിൽ നിന്നും ഉപയോഗപ്രദവും മനോഹരവുമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന 'ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്' എന്നീ മത്സരങ്ങളും മേളയുടെ ഭാഗമായി നടക്കും. ഇതിനോടനുബന്ധിച്ച് ദിനംപ്രതിയുള്ള ജീവിതത്തിൽ എളുപ്പത്തിൽ പകർത്തുവാൻ കഴിയുന്ന ഹരിത ജീവിതരീതികളും സുസ്ഥിര പരിസ്ഥിതി സൗഹൃദ മാതൃകകളും പരിചയപ്പെടുത്തുന്ന പ്രത്യേക ബോധവൽക്കരണ വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്.

പ്രവാസി വനിത ശാക്തീകരണത്തിനും കുടുംബ കൂട്ടായ്മയ്ക്കുമായി ഒരുക്കുന്ന ഈ എക്സ്പോയിലേക്ക് മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.