ദോഹ: വ്യക്തികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് ആരോഗ്യകരമായ സാമൂഹിക പരിസരം ഒരുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഖത്തർ ഇന്ത്യൻ കൾച്ചറൽ സെന്റർ ഉപദേശക സമിതി ചെയർമാനുമായ പി. എൻ. ബാബുരാജൻ. ആരോഗ്യകരമായ കൂട്ടായ്മകൾക്കും സൗഹൃദങ്ങൾക്കും വ്യക്തികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിൽ വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക മാനസികദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസും ദ വേ കോർപറേറ്റ് സർവീസസും സംയുക്തമായി സംഘടിപ്പിച്ച ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ശരിയും തെറ്റും എന്ന പരമ്പരാഗത വേർതിരിവുകൾക്കപ്പുറം, മനസ്സിനെ ശാക്തീകരിക്കുകയും ഊർജസ്വലമാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. പരസ്പരം കേൾക്കാനും മനസ്സിലാക്കാനും സഹവസിക്കാനും കഴിയുന്ന സൗഹൃദപരമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനസികാരോഗ്യത്തെ വ്യക്തിപരമായ വിഷയമെന്നതിലുപരി കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടുത്തരവാദിത്വമായി കാണേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്ത പരിപാടി, ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങളുടെയും സൗഹൃദ കൂട്ടായ്മകളുടെയും പ്രാധാന്യം ഉയർത്തിക്കാട്ടി.

ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും മറ്റുള്ളവരുടെ പേരും പെരുമയും നോക്കി സ്വന്തം ജീവിതത്തെ വിലയിരുത്തുകയും നെടുവീർപ്പിടുകയും ചെയ്യുന്ന മനസ്സുകളാണ് ആധുനിക ലോകം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നെന്നും മുഖ്യപ്രഭാഷണം നടത്തിയ ഫ്രണ്ട്‌സ് കൾച്ചറൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്‌മാൻ കിഴിശ്ശേരി പറഞ്ഞു.

അസ്വസ്ഥതകളുടെയും ആകുലതകളുടെയും ലോകത്ത് മനുഷ്യനെക്കുറിച്ചുള്ള കൂടുതൽ വിശാലമായ കാഴ്ചപ്പാടിലേക്ക് നാം വളരേണ്ടതുണ്ട്. ഉള്ളതിൽ സംതൃപ്തി കണ്ടെത്താനും സമാധാനപരമായ മാർഗങ്ങളിലൂടെ ജീവിതം കെട്ടിപ്പടുക്കാനും ശ്രദ്ധിക്കണം. മനസ്സിന്റെ ഐശ്വര്യമാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം എന്നും അദ്ദേഹം പറഞ്ഞു. ചിന്തകളും സ്വഭാവങ്ങളും ജീവിതവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും നല്ല ചിന്തകളിലൂടെ നല്ല പ്രവൃത്തികളും അതുവഴി സമാധാനപൂർണമായ ജീവിതവും സൃഷ്ടിക്കാൻ കഴിയുമെന്നും എൻ.എൽ.പി പരിശീലകനും സംരംഭകനുമായ രാജേഷ് ആളൂർ പറഞ്ഞു.

മാനസികാരോഗ്യത്തിന്റെ സമകാലിക പ്രസക്തി തിരിച്ചറിയണമെന്നും വ്യക്തിജീവിതത്തിലും തൊഴിൽജീവിതത്തിലും മാനസികാരോഗ്യത്തിന് ആവശ്യമായ ശ്രദ്ധയും പരിചരണവും നൽകണമെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച ദ വേ കോർപ്പറേറ്റ് സർവീസസ് സി.ഇ.ഒ ഉവൈസ് ഉസ്മാൻ പറഞ്ഞു. മൈൻഡ് ട്യൂൺ ഈക്കോ വേവ്‌സ് ഖത്തർ ചെയർമാൻ മുത്തലിബ് മട്ടന്നൂർ, കരാട്ടെ പരിശീലകൻ സയ്യിദ് സൽമാൻ, ജദീർ എന്നിവരും സംസാരിച്ചു. മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.