മസ്‌കറ്റ്: മസ്‌കറ്റില്‍ നിന്ന് കോഴിക്കോട് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് 19.99 റിയാല്‍ മുതല്‍ വണ്‍വേ ടിക്കറ്റ് നിരക്കുമായി ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍. പരിമിതകാലത്തേക്കാണ് ഈ പ്രമോഷന്‍ ഓഫര്‍ സലാം എയര്‍ പ്രഖ്യാപിച്ചത്. മസ്‌കറ്റില്‍ നിന്ന് 20-ലധികം സ്ഥലങ്ങളിലേക്കാണ് വണ്‍വേ യാത്രയ്ക്ക് വന്‍ കിഴിവുകള്‍ നല്‍കുന്ന എക്സ്‌ക്ലൂസീവ് 'ബ്രേക്കിംഗ് ഫെയേഴ്സ്' ക്യാംപെയിന്‍ സലാം എയര്‍ ആരംഭിച്ചത്. എയര്‍ലൈനിന്റെ ലൈറ്റ് ഫെയര്‍ വിഭാഗത്തില്‍ 5 കിലോഗ്രാം ഹാന്‍ഡ് ലഗേജ് ഈ നിരക്കില്‍ അനുവദിക്കും.

To advertise here,

ഇന്ത്യ, പാകിസ്ഥാന്‍ നഗരങ്ങള്‍ കൂടാതെ, ജിസിസിയിലെയും പ്രധാന നഗരങ്ങളിലേക്ക് പ്രമോഷന്‍ നിരക്കുകള്‍ നല്‍കുന്നുണ്ട്. ബാംഗ്ലൂര്‍, കോഴിക്കോട്, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ലാഹോര്‍, ഇസ്ലാമാബാദ്, കറാച്ചി, ദോഹ, ദുബായ്, ദമ്മാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് 19.99 റിയാല്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. കൂടാതെ, കെയ്റോ (സ്ഫിങ്സ് വിമാനത്താവളം), കുവൈത്ത് എന്നിവിടങ്ങളിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് 24.99 റിയാല്‍ മുതല്‍ ആരംഭിക്കുന്ന പ്രത്യേക നിരക്കുകള്‍ ആവും ലഭിക്കുക.

ഒക്ടോബര്‍ 1 നും നവംബര്‍ 30 നും ഇടയില്‍ യാത്ര ചെയ്യുന്നതിനായി ഓഗസ്റ്റ് 24 മുതല്‍ 28 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ നിരക്കുകള്‍ ലഭിക്കുക.