മസ്‌കറ്റ് : ഈ മാസം മുതൽ 2027 ജനുവരി വരെയുള്ള മാസങ്ങളിൽ ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സീസണൽ കാലാവസ്ഥാ പ്രവചനം. ഇതോടൊപ്പം സുൽത്താനേറ്റിലുടനീളം താപനില സാധാരണയേക്കാൾ ഉയർന്ന നിലയിൽ തുടരുമെന്നും ദേശീയ മൾട്ടി-ഹസാർഡ് ഏർലി വാണിംഗ് സെന്റർ തയാറാക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. വരും മാസങ്ങളിൽ പ്രത്യേകിച്ച് വടക്കൻ ഒമാനിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത കൽപ്പിക്കപ്പെടുന്നത്. നവംബറിൽ തെക്കൻ പ്രദേശങ്ങളിലൊഴികെ രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും  ശരാശരിയേക്കാൾ ഉയർന്ന അളവിൽ മഴ ലഭിക്കും. വടക്കൻ, മധ്യ ഒമാനിലെ വിവിധ പ്രദേശങ്ങളിലാണ് കൂടുതൽ മഴ പെയ്യാൻ സാധ്യതയുള്ളത്. ശൈത്യകാലത്തിലേക്കുള്ള മാറ്റം ആരംഭിച്ചെങ്കിലും നവംബറിലും താപനില സാധാരണയേക്കാൾ ഉയർന്ന നിലയിൽ തുടരുമെന്നാണ് പ്രവചനം.

ഡിസംബറിലും വടക്കൻ ഒമാനിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ഈ സമയത്ത് സാധാരണ തോതിലുള്ള മഴ മാത്രമായിരിക്കും ഉണ്ടാകുക. അതേസമയം ഡിസംബർ മാസത്തിലും താപനില ശരാശരിയേക്കാൾ മുകളിലായിരിക്കും.
2027 ജനുവരിയിൽ വടക്കൻ ഒമാനിലും തെക്കൻ തീരദേശ മേഖലകളിലും ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ മറ്റ് പ്രദേശങ്ങളിൽ സാധാരണ തോതിലുള്ള മഴ പ്രതീക്ഷിച്ചാൽ മതിയാകും. ജനുവരിയിലും താപനിലയിൽ വലിയ കുറവുണ്ടാകില്ലെന്നും ശരാശരിയേക്കാൾ ചൂടുകൂടിയ കാലാവസ്ഥ തന്നെ തുടരുമെന്നുമാണ് വിലയിരുത്തൽ.

വരും മാസങ്ങളിൽ ശക്തമാകാൻ സാധ്യതയുള്ള 'എൽ നിനോ' കാലാവസ്ഥാ പ്രതിഭാസമാണ് ഒമാനിലെ മഴയുടെയും താപനിലയുടെയും ഈ മാറ്റങ്ങൾക്ക് പ്രധാന കാരണം. 2026 നവംബർ, ഡിസംബർ മാസങ്ങളിൽ എൽ നിനോ അതിന്റെ ഉയർന്ന ഘട്ടത്തിലെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. 1980 മുതൽ 2025 വരെയുള്ള കണക്കുകൾ പ്രകാരം എൽ നിനോ വർഷങ്ങളിൽ ഒമാനിൽ ശൈത്യകാലത്തും വസന്തകാലത്തും കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും പ്രാദേശികവും ആഗോളവുമായ മറ്റ് കാലാവസ്ഥാ ഘടകങ്ങളും യഥാർത്ഥ മഴയുടെ അളവിനെ സ്വാധീനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

To advertise here,