മസ്കറ്റ്: കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ പ്രധാനപ്പെട്ട ആവശ്യങ്ങളും ആശങ്കകളും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മസ്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് കേരള മുഖ്യമന്ത്രിക്കും മുസ്ലിം ലീഗ് നേതൃത്വത്തിനും നിവേദനം അയച്ചു.
നാടിന്റെ സമഗ്ര വികസനത്തിനും സാമ്പത്തിക അടിത്തറയ്ക്കും വൻതോതിൽ സംഭാവന നൽകുന്ന പ്രവാസികൾക്കായി സർക്കാർ ആവിഷ്കരിച്ച പല ക്ഷേമപദ്ധതികളും അർഹമായ രീതിയിൽ പ്രയോജനപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ വരുത്തിയ പ്രീമിയം വർദ്ധനവ് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. തൊഴിൽ മേഖലയിലെ പ്രതിസന്ധികൾ കാരണം നിലവിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികളെ ആശ്വസിപ്പിക്കുന്നതിനായി വർദ്ധിപ്പിച്ച ഇൻഷുറൻസ് പ്രീമിയം തുക അടിയന്തരമായി പിൻവലിക്കണമെന്ന് കത്തിൽ പ്രധാനമായും ആവശ്യപ്പെടുന്നു.
ഇതോടൊപ്പം, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പ്രവാസി ക്ഷേമ പെൻഷൻ തുക എത്രയും വേഗം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മുതിർന്ന പൗരന്മാർക്ക് അവരുടെ ദൈനംദിന ജീവിതച്ചെലവുകൾക്കും മരുന്നുകൾക്കുമായി ഈ പെൻഷൻ തുക അത്യാവശ്യമാണെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിന്റെ സാമ്പത്തിക നെട്ടല്ലായ പ്രവാസി സമൂഹത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതിൽ നിസ്സാരമായ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അവഗണിക്കുന്നതിന് പകരം, സർക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതൽ സഹാനുഭൂതിയോടും ഉദാരവുമായ നിലപാടാണ് ഉണ്ടാകേണ്ടത്. പ്രവാസികളുടെ ഈ ന്യായമായ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിച്ച് സർക്കാർ അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മസ്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് അഹമ്മദ് റഹീസ് കത്തിൽ വ്യക്തമാക്കി.
Published: 29 Oct 2026, 07:21 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented