മസ്‌കറ്റ്: 2026-27 വർഷത്തേക്കുള്ള നോർക കെയർ ഇൻഷുറൻസ് പ്രീമിയത്തിൽ കുത്തനെ വരുത്തിയ വർധനയ്ക്കെതിരെ റുവി മലയാളി അസോസിയേഷൻ (ആർ.എം.എ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിലെ നിയമസഭാംഗങ്ങൾക്കും പാർലമെന്റ് അംഗങ്ങൾക്കും അസോസിയേഷൻ നിവേദനം നൽകി.
ഗൾഫ് മേഖലയിലെ നിലവിലെ പ്രതിസന്ധി മൂലം നിരവധി പ്രവാസികൾ ശമ്പളം വൈകുക, തൊഴിൽ അനിശ്ചിതത്വം, വ്യാപാര വരുമാനത്തിലെ ഇടിവ് തുടങ്ങിയ ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ഈ സാഹചര്യത്തിൽ നോർക കെയർ ഇൻഷുറൻസ് പ്രീമിയം കുത്തനെ ഉയർത്തിയത് പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും അന്യായമായ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണെന്ന് ആർ.എം.എ ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ച് പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രീമിയം വർധിപ്പിച്ച നടപടി മുതിർന്ന പ്രവാസികളെയും പരിമിത വരുമാനമുള്ള കുടുംബങ്ങളെയും ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി. പ്രവാസികൾക്ക് താങ്ങാവുന്ന നിരക്കിൽ ആരോഗ്യപരിരക്ഷ ഉറപ്പാക്കേണ്ട ക്ഷേമപദ്ധതി തന്നെ സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും ആർ.എം.എ പറഞ്ഞു.
പ്രീമിയം വർധന അടിയന്തരമായി പിൻവലിക്കുക, പ്രായാധിഷ്ഠിത പ്രീമിയം ഘടന പുനഃപരിശോധിക്കുക, പ്രവാസികൾക്ക് താങ്ങാവുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുക എന്നീ ആവശ്യങ്ങളാണ് അസോസിയേഷൻ മുന്നോട്ടുവച്ചത്.
കേരള സർക്കാരുമായും ബന്ധപ്പെട്ട അധികാരികളുമായും വിഷയം അടിയന്തരമായി ഉന്നയിക്കണമെന്ന് നിയമസഭാംഗങ്ങളോട് ആർ.എം.എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, നോർക അധികൃതർ, കേന്ദ്ര സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾ എന്നിവരുമായി ചർച്ച നടത്തി പ്രവാസികളുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും പാർലമെന്റ് അംഗങ്ങളോട് അഭ്യർത്ഥിച്ചു. നടപടികളുടെ പുരോഗതി രേഖാമൂലം അറിയിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
റുവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവയാണ് നിവേദനം സമർപ്പിച്ചത്. നിവേദനത്തിന്റെ പകർപ്പ് കേരള മുഖ്യമന്ത്രിക്കും നോർക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്കും കേരള നിയമസഭ എം.എൽ.എമാർക്കും, എം.പി മാർക്കും, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്.

To advertise here,