മസ്‌കറ്റ്: ഒമാനില്‍ താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ പുതുക്കിയ സമയക്രമത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. തൊഴിലാളികള്‍ക്കുള്ള വേനല്‍ക്കാല ഉച്ചവിശ്രമം ജൂണ്‍ മുതലാവും പ്രാബല്യത്തില്‍ വരിക. 

To advertise here,

മിക്ക ഗവര്‍ണറേറ്റുകളിലും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയായ 46 ഡിഗ്രി സെല്‍ഷ്യസ് നിസ്വയില്‍ ആണ്. പലയിടത്തും പൊടിക്കാറ്റും ആഞ്ഞടിക്കുന്നുണ്ട്. ഒമാന്‍ കടലിന്റെ മുകളില്‍ പൊടിയുടെ സാന്നിധ്യം ഉണ്ടെന്നും, വരും മണിക്കൂറുകളില്‍ പൊടി തീരത്തേക്ക് എത്തുമെന്നും ഉപഗ്രഹചിത്രങ്ങള്‍ സൂചിപ്പിക്കുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ചൂട് ഉയരുന്ന പശ്ചാത്തലത്തില്‍. വാദി കബീര്‍, ദാര്‍സൈറ്റ്, മസ്‌കറ്റ്, ബോഷര്‍, മബെല തുടങ്ങിയ രാജ്യത്തെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളും വേനല്‍ അവധിക്കാലം ആരംഭിക്കുന്നത് വരെ പുതിയ സമയക്രമത്തിലാണ് പ്രവര്‍ത്തിക്കുക. അതേസമയം വേനല്‍ കാലത്ത് രാജ്യത്തെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം, തൊഴില്‍ സുരക്ഷ, ആരോഗ്യ വകുപ്പ് എന്നിവ ചേര്‍ന്ന് 'സുരക്ഷിത വേനല്‍ക്കാലം'എന്ന പേരില്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചു. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന പുറം പരിതസ്ഥിതികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ചൂടിനെത്തുടര്‍ന്നുണ്ടാവുന്ന അപകടങ്ങളെക്കുറിച്ചും, ഇതില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളര്‍ത്തുക എന്നതാണ് ക്യാമ്പയ്ന്റെ ലക്ഷ്യം. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് തൊഴിലാളികളുടെ നിര്‍ബന്ധിത ഉച്ചവിശ്രമം.