കണ്ണൂർ: സ്കൂൾ സമയമാറ്റം സംബന്ധിച്ച് സജീവചർച്ചയ്ക്ക് കേരളം തയ്യാറാകേണ്ടതുണ്ടെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നമ്മൾ മാറണമെന്നും മതപണ്ഡിതന്മാർ വാശിപിടിക്കുന്നതിൽ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കതിരൂര്‍ പഞ്ചായത്തിലെ പുല്യോട് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മതപഠനത്തിനോ മതപരമായ ആചാരങ്ങൾക്കോ ഞങ്ങൾ എതിരല്ല. എന്നാൽ, കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നമ്മൾ മാറണം. പത്തുമണിമുതൽ നാലുമണി വരെ എന്ന തിയറി മാറ്റണം. പകരം എട്ടുമണിക്ക്, രാവിലെ ഉറങ്ങയെണീക്കുന്ന കുട്ടി ഫ്രഷ് മൂഡിൽ പഠിക്കാൻ പോകട്ടെ. ഒരുമണിക്ക് മുമ്പായി ക്ലാസ് അവസാനിച്ച് ഉച്ചക്ക് ശേഷം ഭക്ഷണം കഴിച്ച് കളിക്കാൻ പോകട്ടെ. അന്നേരം മതപഠനം നടത്തട്ടെ. അല്ലാതെ പത്ത് മണിക്ക് മാത്രമേ പറ്റൂ എന്നരീതിയിലേക്ക് വാശിപിടിക്കുന്നതിൽ മതപണ്ഡിതന്മാർ പുനർവിചിന്തനത്തിന് തയ്യാറാകണം', ഷംസീർ പറഞ്ഞു.
ബാങ്ക് വിളിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ എ.എൻ. ഷംസീറിന്റെ പരാമർശം നേരത്തെ വൻതോതിൽ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ, സമാനമായ നിർദേശവുമായി എസ്.വൈ.എസ്. ജനറൽ സെക്രട്ടറി എ.പി. അബദുൽ ഹക്കീം കഴിഞ്ഞ ദിവസം അസ്ഹരി രംഗത്തെത്തിയിരുന്നു. ഇക്കാര്യവും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു.
'മുമ്പ് ഞാൻ ഒരു അഭിപ്രായം പറഞ്ഞിരുന്നു. അതിന്റെ മുകളിൽ എല്ലാവരും എന്റെ പിരടിയിൽ പാഞ്ഞുകേറി. എന്നെ ആക്ഷേപിച്ചു. മതവിരുദ്ധനാക്കി മുദ്രകുത്താൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം ഒരു മതപണ്ഡിതൻ എന്റെ അഭിപ്രായത്തോട് യോജിച്ചു. അതുപോലെ സ്കൂളിലെ പഠനസമയം പത്ത് മണിമുതൽ നാല് മണിവരെ എന്നത് മാറുന്നത് സംബന്ധിച്ച് സജീവമായ ചർച്ചക്ക് കേരളം തയ്യാറാകണം', ഷംസീർ പറഞ്ഞു.
ബാങ്കുവിളികളിൽ അമിത ശബ്ദം ഒഴിവാക്കണമെന്നായിരുന്നു എ.പി. അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞത്. ശബ്ദത്തിൽ മിതത്വം പാലിക്കണം. ദിക്ർ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തിൽ ആവണം. അത് കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം. ആരാധനാകർമ്മങ്ങളിൽ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Kerala School Timings Debate: Speaker Shamsheer Calls for Rethinking Traditional Schedule
Published: 19 Aug 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented