സൊഹാർ: ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിവിധ കലാരൂപങ്ങളുടെ സമ്പന്നമായ പാരമ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ഏകതാ സോഹാറിന്റെ മൂന്നാമത് വാർഷിക പരിപാടിയായ 'ഹരിമുരളീരവം 2026' ഗ്രീൻ ഒയാസിസ് ഹോട്ടലിൽ നടന്നു.

To advertise here,

സൊഹാറിലെ വിവിധ സമൂഹങ്ങളിലേക്ക് ഇന്ത്യൻ ഓടക്കുഴലിന്റെ മാസ്മരികത എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാൻ രാജേഷ് ചേർത്തലയും സംഘവും അവതരിപ്പിച്ച സംഗീതവിരുന്ന് ആസ്വാദകരുടെ മനംകവർന്നു.

റോയൽ ആർമി ഓഫ് ഒമാൻ ഓഫീസേഴ്‌സ് ട്രെയിനിങ് സ്കൂൾ കമാൻഡർ കേണൽ റുകാൻ സുൽത്താൻ ബിൻ റാഷിദ് ബിൻ മുഹമ്മദ് അൽ വഹെബി മുഖ്യാതിഥിയായി പങ്കെടുത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ ക്ലാസിക്കൽ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇന്ത്യൻ-ഒമാനി സമൂഹങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ഏകതാ സോഹാർ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

സഹം ഇന്ത്യൻ സ്കൂൾ പ്രധാനാധ്യാപിക സുചിത്ര സതീഷ്, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രതിനിധി ഗിരീഷ് ചോപ്ര, ഏഷ്യാ പ്ലേറ്റ് കമ്പനി സി.എഫ്.ഒ. പവി ഗോവിന്ദ്, ബി.കെ. ഇന്റർനാഷണൽ പ്രതിനിധി മുഹമ്മദ് ബിലാൽ, ഏകത മസ്കറ്റ് വൈസ് പ്രസിഡന്റ് മുരളീകൃഷ്ണൻ, ഏകതാ സോഹാർ രക്ഷാധികാരി സി.കെ. സുരേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സൊഹാറിലെ സാംസ്കാരിക പ്രവർത്തകരും സംഗീതാസ്വാദകരുൾപ്പെടെ എഴുനൂറിലധികം പേർ പങ്കെടുത്ത സംഗീത നിശ ഏവർക്കും മികച്ചൊരു അനുഭവമായി മാറി. പരിപാടിയുടെ തുടക്കത്തിൽ ഏകത ജനറൽ സെക്രട്ടറി ദിനേഷ് കുമാർ സ്വാഗതവും ബിജു ബാലൻ നന്ദിയും രേഖപ്പെടുത്തി.