മസ്‌കറ്റ്: മാനവരാശിയുടെ നന്മക്ക് വേണ്ടി അവരുടെ പാപഭാരം സ്വയം ചുമന്നു കാല്‍വരിയില്‍ കുരിശേറിയ ക്രിസ്തുവിന്റെ സ്മരണ ഉള്‍ക്കൊണ്ട് ഒമാനിലെ ക്രൈസ്തവ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിച്ചു. റൂവി, ഗാല, സൊഹാര്‍, സലാല എന്നിവിടങ്ങളിലെ ക്രിസ്തീയ ദേവാലയങ്ങളില്‍ വിവിധ സഭകളുടെ നേതൃത്വത്തിലാണ് ശുശ്രൂഷകള്‍ നടന്നത്.

To advertise here,

മസ്‌കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ റൂവി സെന്റ് തോമസ് ദേവാലയത്തില്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറീലോസ് തിരുമേനി മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാദര്‍ വര്‍ഗീസ് റ്റിജു ഐപ്പ്, സഹ വികാരി ഫാദര്‍ എബി ചാക്കോ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. റൂവി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍ പാരീഷ് ഹാളില്‍ നടന്ന ദുഃഖവെള്ളിയുടെ ശ്രുശ്രൂക്ഷകള്‍ മലങ്കര കത്തോലിക്ക സഭ വികാരി ഫാ. ഫിലിപ്പ് നെല്ലിവിള, ഫാ. ജോബ് എന്നിവര്‍ നേതൃത്വം നല്‍കി.

നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ശ്രൂഷകളില്‍ കൈപ്പുതീര് നേര്‍ച്ച, കഞ്ഞി എന്നിവ നല്‍കി. ഉയര്‍പ്പിന്റെ ശുശ്രൂഷകള്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് റൂവി ദേവാലയത്തില്‍ വച്ച് നടക്കുമെന്ന് ചര്‍ച്ച് ഭാരവാഹികള്‍ അറിയിച്ചു.

മസ്‌കറ്റ് സെന്റ് മേരിസ് യാക്കോബായ പള്ളിയില്‍ നടന്ന ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് അഭിവന്ദ്യ യാക്കോബ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത, ഇടവക വികാരി ഫാദര്‍ ഏലിയാസ് കണ്ടത്തറക്കല്‍, ട്രസ്റ്റി അനില്‍ പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.