മുകേഷ് കുമാറിന്റെ കുടുംബാംഗങ്ങള്‍ക്ക് സംസ്കാരച്ചടങ്ങുകള്‍ വീഡിയോ കോളിലൂടെ തത്സമയം കാണുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തി.

മസ്‌കറ്റ്: പ്രവാസലോകത്ത് ഒറ്റപ്പെട്ടുപോയ രാജസ്ഥാൻ സ്വദേശിക്ക് അന്ത്യയാത്രയിൽ താങ്ങും തണലുമായി സോഹാർ കെ.എം.സി.സി. ഒരു മാസം മുമ്പ് ഒമാനിലെ സൂറിൽ വെച്ച് മരിച്ച മുകേഷ്‌കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ, സോഹാർ കെ.എം.സി.സി നേതാക്കളുടെ നേതൃത്വത്തിൽ സുഹാറിൽ ഹൈന്ദവ ആചാരപ്രകാരം സംസ്‌കരിച്ചു.
സംസ്‌കാരത്തിന് ആവശ്യമായ രേഖകൾ തയ്യാറാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സൂർ കെ.എം.സി.സി നേതാക്കൾ പൂർത്തിയാക്കിയിരുന്നു. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള മെഡിക്കൽ, നിയമ നടപടിക്രമങ്ങൾക്കും മൃതദേഹം സുഹാറിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കും മസ്‌കറ്റ് കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റും കെയർ ടീം ചെയർമാനുമായ ഇബ്രാഹീം ഒറ്റപ്പാലം നേതൃത്വം നൽകി.
സോഹാർ ഹിന്ദു മഹാജനസഭയുടെ ശ്മശാനത്തിൽ സംസ്‌കാരം നടത്തുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും സോഹാർ കെ.എം.സി.സി ഒരുക്കിയിരുന്നു. മുകേഷ് കുമാറിന്റെ കുടുംബാംഗങ്ങൾക്ക് സംസ്‌കാരച്ചടങ്ങുകൾ വീഡിയോ കോളിലൂടെ തത്സമയം കാണുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി.
മതത്തിന്റെയും ജാതിയുടെയും വിശ്വാസത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മനുഷ്യസ്‌നേഹത്തിനും സഹജീവികളോടുള്ള കരുതലിനും പ്രാധാന്യം നൽകിയ ഈ ഇടപെടൽ പ്രവാസലോകത്തിന് വലിയൊരു മാനവിക സന്ദേശമാണ് പകരുന്നത്. അന്ത്യയാത്രയിൽ ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യന് ആദരവോടെ വിടവാങ്ങാൻ അവസരമൊരുക്കിയ സോഹാർ കെ.എം.സി.സിയുടെ പ്രവർത്തനം മതസൗഹാർദത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉത്തമ മാതൃകയായി.
സംസ്‌കാര ചടങ്ങുകൾക്ക് സോഹാർ കെ.എം.സി.സി ജനറൽ സെക്രട്ടറി റയീസ് ഇരിക്കൂർ, നാഷണൽ കമ്മിറ്റി സെക്രട്ടറി ഷബീറലി മാസ്റ്റർ, സുഹാർ കെ.എം.സി.സി നേതാക്കളായ അഷ്‌റഫ് മലപ്പുറം, മുസ്തഫ മുഴുപ്പിലങ്ങാട്, അനീസ് ആതവനാട്, ബഷീർ തളങ്കര, സുനീർ അറക്കൽ, നിഷാദ് കെ.വി., ഹാഷിർ ആഡൂർ എന്നിവർ നേതൃത്വം നൽകി.
Content Highlights: Pravasi News, Oman
Published: 26 Nov 2026, 11:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented