മസ്‌കറ്റ്: മുസ്ലിം ലീഗ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദ് സാഹിബിന്റെ സ്മരണാർഥം മസ്‌കറ്റ് കെഎംസിസി സംഘടിപ്പിച്ച ഇ. അഹമ്മദ് എജ്യു എക്‌സലൻസ് അവാർഡ് 2026 പ്രൗഢഗംഭീരമായി നടന്നു. വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുകയും അവരുടെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി പ്രതിഭകൾക്ക് ആദരവും പുതുതലമുറയ്ക്ക് പ്രചോദനവുമായി.

To advertise here,

ഒക്ടോബർ 15ന് മസ്‌കറ്റിലെ മിഡിൽ ഈസ്റ്റ് കോളേജിൽ നടന്ന ചടങ്ങിൽ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. അക്കാദമിക് മികവ് തെളിയിച്ച നൂറോളം വിദ്യാർഥികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പ്രവാസി വിദ്യാർഥികളുടെ നേട്ടങ്ങളെ അംഗീകരിക്കുന്നതിനൊപ്പം അവരുടെ ഭാവിസ്വപ്നങ്ങൾക്ക് കരുത്തേകുന്ന വേദിയായും ചടങ്ങ് മാറി.

വിദ്യാർഥികളുടെ നേട്ടങ്ങളും മികവുകളും അംഗീകരിക്കുന്നതിന്റെ പ്രാധാന്യം പങ്കുവെച്ചുകൊണ്ട് അഹമ്മദ് റയീസ് പ്രചോദനാത്മകമായ പ്രഭാഷണം നടത്തി. 'Spark of Inspiration' എന്ന വിഷയത്തിൽ ഡോ. ഷിഫാന ആറ്റൂർ സംസാരിച്ചു. വിദ്യാർഥികളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുന്നതിൽ പ്രചോദനത്തിനുള്ള പങ്ക് അവർ വിശദീകരിച്ചു.

നിഷാം റയീസ്, ഡോ. പി. എ. മുഹമ്മദ്, ഡൊണാൾഡ് നമ്പൂതിരി, മുഹമ്മദ് അഷ്‌റഫ് ഷാഹി, സുഹൈൽ ഖാൻ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. പഠനമികവ് നിലനിർത്തുന്നതിനും ജീവിതത്തിൽ ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങളും അനുഭവങ്ങളും അവർ പങ്കുവെച്ചു.

ഇ. അഹമ്മദ്

സാഹിബിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളും പൊതുപ്രവർത്തന പാരമ്പര്യവും അനുസ്മരിച്ച ചടങ്ങിൽ പ്രമുഖരുടെ ആശംസാപ്രസംഗങ്ങളും മെഹഫിൽ സമ അവതരിപ്പിച്ച സംഗീതപരിപാടികളും അരങ്ങേറി. വിദ്യാർഥികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിനും പ്രവാസി സമൂഹത്തിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നതിനും ഇത്തരം പരിപാടികൾ സഹായകമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മസ്‌കത്ത് കെഎംസിസി wcw ചെയർമാൻ ഹുസൈൻ വയനാട് സ്വാഗതവും സാദിഖ് ആടൂർ നന്ദിയും പറഞ്ഞു.