മസ്കറ്റ്: സ്ത്രീത്വത്തിന്റെ കരുത്തും ആത്മാഭിമാനവും സ്വത്വബോധവും ഉയർത്തിപ്പിടിച്ച്, രാമായണത്തിലെ സീതയെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ പുനരാവിഷ്കരിച്ച 'സീത - ദി അവേക്കനിംഗ് (SITA - The Awakening: The വുമൻ Beyond the Epic)' മസ്കറ്റിൽ ശ്രദ്ധേയമായ കലാനുഭവമായി മാറി. അഹല്യ പെർഫോമിംഗ് ആർട്സ് മസ്കറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 16 വെള്ളിയാഴ്ച കോളേജ് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് ഓഡിറ്റോറിയത്തിലായിരുന്നു നൃത്താവിഷ്കാരം അരങ്ങേറിയത്. ഒമാനി വിമൻസ് ഡേയോടനുബന്ധിച്ച് ആയിരുന്നു പരിപാടി.
നൃത്താധ്യാപികയും കലാസംവിധായികയുമായ സംഗീത ശ്രീജിത്തിന്റെ ആശയത്തിലും നൃത്തസംവിധാനത്തിലും സംവിധാനത്തിലും ഒരുങ്ങിയ ഈ കലാവിരുന്നിൽ 55 നർത്തകർ അണിനിരന്നു. രാമായണത്തിലെ സീതയെ കേവലം ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായിമാത്രം കാണാതെ, സ്വന്തം വ്യക്തിത്വവും നിലപാടുകളും ആത്മാഭിമാനവുമുള്ള സ്ത്രീയായി അവതരിപ്പിക്കുകയായിരുന്നു ഈ കലാസൃഷ്ടിയുടെ മുഖ്യലക്ഷ്യം. 'സീതയുടെ ഉണർവ്' എന്ന ആശയത്തിലൂടെ സ്ത്രീയുടെ ആത്മബോധവും സ്വത്വവും നിശ്ശബ്ദമായ കരുത്തും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു ഈ നൃത്താവിഷ്കാരം.
ഭൂമിയിൽ നിന്നുള്ള സീതയുടെ ജനനം മുതൽ മിഥിലയിലെ ബാല്യകാലം, യൗവനം, ശ്രീരാമനുമായുള്ള വിവാഹം, വനവാസം, ജീവിതത്തിലെ പ്രതിസന്ധികൾ, അശോകവനത്തിലെ ഏകാന്തത, രാവണവധം, അയോധ്യയിലേക്കുള്ള മടക്കം തുടങ്ങി രാമായണത്തിലെ പ്രധാന മുഹൂർത്തങ്ങൾ നൃത്തത്തിലൂടെയും സംഗീതത്തിലൂടെയും ദൃശ്യാവിഷ്കാരങ്ങളിലൂടെയും അവതരിപ്പിച്ചു.
കഥയുടെ വിവിധ ഘട്ടങ്ങളിൽ സീതയുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളും വികാരങ്ങളും ആത്മസംവാദങ്ങളായി അവതരിപ്പിച്ചത് നൃത്താവിഷ്കാരത്തിന് വ്യത്യസ്തമായൊരു ആഖ്യാനരീതി നൽകി. സ്നേഹം, വിശ്വാസം, വേർപാട്, വേദന, പ്രതീക്ഷ, ആത്മാഭിമാനം തുടങ്ങിയ മനുഷ്യവികാരങ്ങളെ സീതയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചപ്പോൾ ഇതിഹാസകഥയ്ക്ക് പുതിയൊരു മാനുഷികതലം കൈവന്നു.
രാമായണത്തിലെ മറ്റു സ്ത്രീകഥാപാത്രങ്ങളായ കൈകേയി, മണ്ഡോദരി, ഊർമിള, ശൂർപ്പണഖ എന്നിവരുടെ ജീവിതവും അനുഭവങ്ങളും വികാരങ്ങളും ഉൾക്കൊള്ളിച്ച പ്രത്യേക നൃത്തഭാഗവും അവതരണത്തിന്റെ ശ്രദ്ധേയമായ ഘടകമായി. പലപ്പോഴും ഇതിഹാസത്തിന്റെ മുഖ്യധാരയിൽ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോകുന്ന ഈ സ്ത്രീകഥാപാത്രങ്ങളുടെ മനസ്സും നിലപാടുകളും അവരുടെ സ്വന്തം കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയായിരുന്നു ഇതിലൂടെ.
പരമ്പരാഗത ഭാരതീയ നൃത്തകലയും ആധുനിക തിയേറ്റർ സാങ്കേതികവിദ്യയും സമന്വയിപ്പിച്ച അവതരണശൈലി പരിപാടിയുടെ പ്രധാന സവിശേഷതയായിരുന്നു. കഥാസന്ദർഭങ്ങൾക്കനുസരിച്ച് പ്രത്യേകം ഒരുക്കിയ പശ്ചാത്തല സംഗീതം, ആഖ്യാനം, ശബ്ദവിന്യാസം, പ്രകാശസംവിധാനം, വസ്ത്രാലങ്കാരം, ആഭരണങ്ങൾ, വിശാലമായ എൽഇഡി ദൃശ്യപശ്ചാത്തലം എന്നിവ ഒത്തുചേർന്ന് നൃത്താവിഷ്കാരത്തിന് ദൃശ്യസമ്പന്നമായ അനുഭവം പകർന്നു.
സീതയുടെ ചിന്തകളെ അവതരിപ്പിക്കുന്ന ആഖ്യാനഭാഗങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ പശ്ചാത്തല സംഗീതവും ശബ്ദാവിഷ്കാരവും കഥയുടെ വൈകാരികത കൂടുതൽ ശക്തമാക്കി. സുദീപ് പാലനാട് പശ്ചാത്തല സംഗീതത്തിനും സംഗീതാവിഷ്കാരത്തിനും സംഭാവന നൽകി. ജോമിൻ ജോസ് ആഖ്യാനരചനയും ശ്യാമ അർജുൻ ശബ്ദാവിഷ്കാരവും നിർവഹിച്ചു. സഞ്ജു ശേഖർ സാങ്കേതിക നിർമ്മാണത്തിനും ഏകോപനത്തിനും നേതൃത്വം നൽകി. നീതു നിഖിൽ, സ്മൃതി മഹീന്ദ്രൻ എന്നിവർ വസ്ത്രരൂപകൽപ്പനയും പാറ്റേൺ നിർമ്മാണവും നിർവഹിച്ചു. അനൂപ് സോമദത്തൻ കലാപരമായ അനുബന്ധ സാമഗ്രികളുടെയും അലങ്കാരങ്ങളുടെയും നിർമ്മാണം നിർവഹിച്ചു.
ഷാമി അനിൽകുമാർ ബാക്ക്സ്റ്റേജ് പിന്തുണയും രാജിബ നൗഷാദ് അവതരണവും അശ്വതി സിജോയ് മീഡിയ മാനേജ്മെന്റും നിർവഹിച്ചു. നാഷണൽ ഹൈ പീക്ക് എൽഎൽസി (NHP Events) പരിപാടിയുടെ ഇവന്റ് പാർട്ണറായി പ്രവർത്തിച്ചു.
കലാകാരന്മാർ, സാങ്കേതിക പ്രവർത്തകർ, രക്ഷിതാക്കൾ, സംഘാടകർ, സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ കലാവിരുന്നിന് പിന്നിൽ പ്രവർത്തിച്ചത്. 'സീത - ദി അവേക്കനിംഗ്' ഒരു ഇതിഹാസകഥയുടെ പുനരാവിഷ്കാരം മാത്രമായിരുന്നില്ല; കാലങ്ങൾക്കപ്പുറവും പ്രസക്തമായ സ്ത്രീയുടെ വ്യക്തിത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും കലാപരമായ പ്രഖ്യാപനം കൂടിയായിരുന്നു. നിശ്ശബ്ദതയ്ക്കും ഒരു ശബ്ദമുണ്ടെന്നും സഹനത്തിനുള്ളിൽ അസാധാരണമായ കരുത്തുണ്ടെന്നും ഓർമിപ്പിച്ചുകൊണ്ട്, സീതയുടെ കഥയെ സ്ത്രീത്വത്തിന്റെ ഉണർവായി അവതരിപ്പിച്ച ഈ നൃത്താവിഷ്കാരം മസ്കറ്റിലെ കലാസാംസ്കാരിക വേദിയിൽ വേറിട്ടൊരു അനുഭവമായി മാറി.
Content Highlights: Sita - The Awakening dance drama held in Muscat for Omani Women's Day., Presented by Ahalya Performing Arts Muscat with 55 artists., Portrays Sita as a symbol of self-respect, strength, and individuality rather than just endurance., Blends traditional Indian dance with modern theatre techniques, led by choreographer Sangeetha Sreejith.
Published: 18 Oct 2026, 11:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented