മനാമ: യുകെയിലെ പുതിയ ഇമിഗ്രേഷന്‍ നിയമത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍. യുകെയിലെ പുതിയ ഇമിഗ്രേഷന്‍ നടപടികള്‍ ആയിരക്കണക്കിന് ഇന്ത്യന്‍ കുടിയേറ്റക്കാരെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കും പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചത്.

To advertise here,

നിലവിലെ നിയമപ്രകാരം അഞ്ച് വര്‍ഷം കൊണ്ട് ലഭിച്ചിരുന്ന സ്ഥിരതാമസ അനുമതി പലര്‍ക്കും ഇപ്പോള്‍ പത്ത് വര്‍ഷമോ അതിലധികമോ, 15 വര്‍ഷം വരെയോ കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. വലിയ സാമ്പത്തിക ബാധ്യതയോടെയാണ് നിരവധി ഇന്ത്യക്കാര്‍ യുകെയില്‍ അഞ്ച് വര്‍ഷം കൊണ്ട് സ്ഥിരതാമസ അനുമതി ലഭിക്കുമെന്ന ഒറ്റ പ്രതീക്ഷയോടെ കുടിയേറിയത്. പുതിയ നയം നിരവധി ഇന്ത്യക്കാരെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്കും അനിശ്ചിതത്വത്തിലേക്കും നയിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, യുകെ ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. സോണിയ സണ്ണി തുടങ്ങിയവര്‍ നിവേദനം നല്‍കിയത്. ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തുന്ന യുകെ അധികൃതര്‍ ഈ വിഷയം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവ് സുധീര്‍ തിരുനിലത്ത് പറഞ്ഞു.