മനാമ: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ മുഖേന കൈകാര്യം ചെയ്യുന്ന പ്രവാസി ഇന്ത്യൻ തൊഴിലാളികളുടെ നഷ്ടപരിഹാരവും തൊഴിൽ സംബന്ധമായ അവകാശവാദങ്ങളും സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി സമഗ്രമായ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് വിശദമായ നിവേദനം സമർപ്പിച്ചു.

To advertise here,

ബഹ്‌റൈൻ സന്ദർശനത്തിനിടെ ഇന്ത്യൻ സമൂഹവുമായി നടത്തിയ സംവാദത്തിൽ പ്രവാസികളുടെ നിർദേശങ്ങളും പ്രശ്‌നങ്ങളും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പുനൽകിയതിന്റെ തുടർച്ചയായി ആണ് നിവേദനം സമർപ്പിച്ചത്. ജോലിസ്ഥലത്തെ അപകടങ്ങൾ, വാഹനാപകടങ്ങൾ, മരണാനന്തര നഷ്ടപരിഹാരം, ശമ്പള കുടിശ്ശിക, എൻഡ് ഓഫ് സർവീസ് ആനുകൂല്യങ്ങൾ, ലേബർ കോടതി വിധികൾ, ഇൻഷുറൻസ് ക്ലെയിമുകൾ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യൻ കുടുംബങ്ങൾ വർഷങ്ങളായി നേരിടുന്ന ബുദ്ധിമുട്ടുകളാണ് നിവേദനത്തിൽ വിശദീകരിച്ചിരിക്കുന്നത്. 

കോടതി വിധി ലഭിച്ച ശേഷവും നിരവധി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാതെ വർഷങ്ങളായി കാത്തിരിക്കേണ്ടി വരുന്നതായും, കേസിന്റെ പുരോഗതി, കോടതി വിധിയുടെ പകർപ്പ്, അനുവദിച്ച നഷ്ടപരിഹാരത്തിന്റെ വിവരങ്ങൾ എന്നിവ പലപ്പോഴും നിയമാവകാശികൾക്ക് ലഭിക്കുന്നില്ലെന്നും പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാട്ടി. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസികളും നടത്തുന്ന സേവനങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം, നഷ്ടപരിഹാര കേസുകൾ കൈകാര്യം ചെയ്യുന്ന സംവിധാനത്തിൽ കൂടുതൽ സുതാര്യതയും ഏകീകൃത നടപടിക്രമങ്ങളും ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. 

2014 മുതൽ എംബസി പാനൽ അഭിഭാഷകർ കൈകാര്യം ചെയ്ത എല്ലാ നഷ്ടപരിഹാര-തൊഴിൽ കേസുകളുടെയും സമഗ്ര അവലോകനം, നിയമാവകാശികൾക്ക് കേസിന്റെ പുരോഗതി അറിയാൻ ഓൺലൈൻ ട്രാക്കിംഗ് സംവിധാനം, കേസുകളുടെ നില സംബന്ധിച്ച് നിയമാവകാശികൾക്ക് കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ നൽകുക, കോടതി വിധികളുടെയും അനുവദിച്ച നഷ്ടപരിഹാര തുകയുടെയും പകർപ്പുകൾ നിയമാവകാശികൾക്ക് നൽകുക.

കോടതി വിധി ലഭിച്ചിട്ടും വിതരണം ചെയ്യാത്ത നഷ്ടപരിഹാര കേസുകളുടെ പ്രത്യേക പരിശോധന, നിയമപരമായി സാധ്യമെങ്കിൽ ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷം നഷ്ടപരിഹാരം നേരിട്ട് നിയമാവകാശികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്ന സംവിധാനം പരിഗണിക്കുക, എല്ലാ ഇന്ത്യൻ എംബസികൾക്കും ഏകീകൃത സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ നടപ്പിലാക്കുക, തുടങ്ങിയവയാണ് ആവശ്യങ്ങളെന്ന് പ്രവാസി ലീഗൽ സെൽ വ്യക്തമാക്കി.