മസ്‌കറ്റ്: ഒമാനില്‍ സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രവാസി തൊഴിലാളികളെ ഇനി മുതല്‍ ഉപാധികളോടെ കൈമാറാം. രാജകീയ ഉത്തരവ് അടിസ്ഥാനപ്പെടുത്തി തൊഴില്‍ മന്ത്രിയാണ് ഇത് സംബന്ധിച്ച് തീരുമാനം പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ സംവിധാനം പ്രാബല്യത്തില്‍ വരും.
ഒമാനിലെ നിശ്ചിത നിബന്ധനകള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് തൊഴിലാളികളെ പരസ്പരം താത്കാലികമായി കൈമാറാന്‍ സാധിക്കുക. തൊഴിലാളി നിലവില്‍ ജോലി ചെയ്യുന്ന അതേ പ്രഫഷനിലേക്ക് മാത്രമെ കൈ മാറാന്‍ പാടുള്ളൂ. സ്വദേശിവത്കരിച്ച തൊഴിലുകളിലേക്ക് ജീവനക്കാരെ കൈമാറാന്‍ പാടില്ല. കൈമാറ്റം ചെയ്യുന്നതിന് തൊഴിലാളിയുടെ സമ്മതം ഉണ്ടായിരിക്കണം.
തൊഴില്‍ മാറ്റം ലഭിച്ച സ്ഥലത്ത് ചുരുങ്ങിയത് ആറ് മാസമെങ്കിലും ജോലി ചെയ്തിരിക്കണമെന്നും കുറഞ്ഞത് ആറ് മാസത്തെ വിസാ കാലാവധി ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്. രണ്ട് സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ മന്ത്രാലയം നിര്‍ത്തിവെച്ചതാകരുത്. വര്‍ഷത്തില്‍ ആറ് മാസക്കാലം മാത്രമേ ഇത്തരത്തില്‍ താത്കാലിക കൈമാറ്റം പാടുള്ളൂവെന്നും മന്ത്രിതല ഉത്തരവില്‍ പറയുന്നു.
രണ്ട് സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകാന്‍ പാടില്ല. കൂടാതെ നിര്‍ദിഷ്ട സ്വദേശിവത്കരണ നിരക്കുകള്‍ പാലിച്ചിരിക്കണം. ഒരു കമ്പനിയുടെ ആകെ തൊഴിലാളികളില്‍ 50 ശതമാനത്തില്‍ അധികം ജീവനക്കാരെ ഒരേ സമയം കൈമാറ്റം ചെയ്യാന്‍ പാടില്ല. മാറ്റപ്പെടുന്ന കമ്പനികളിലും രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളെക്കാള്‍ 50 ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരെ മറ്റൊരു സ്ഥാപനത്തില്‍നിന്ന് സ്വീകരിക്കാന്‍ പാടില്ല.
താത്കാലികമായി തൊഴിലാളിയെ സ്ഥലം മാറ്റുന്ന ഘട്ടത്തില്‍ ട്രാന്‍സ്ഫര്‍ കാലയളവ് അവസാനിച്ചതിന് ശേഷവും ഇവിടെ ജോലി ചെയ്യിപ്പിക്കരുത്. തൊഴില്‍ മാറ്റ കാലയളവില്‍ തൊഴിലാളിക്ക് നിശ്ചയിച്ചിട്ടുള്ള മുഴുവന്‍ അവകാശങ്ങളും കടമകളും വേതന വ്യവസ്ഥകളും പുതിയ സ്ഥപനവും ഉറപ്പുവരുത്തണം.
പുതിയ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കുകയാണെങ്കില്‍ സ്ഥലം മാറ്റം ലഭിച്ച സ്ഥാപനത്തെ തൊഴിലാളി ഉടന്‍ അറിയിക്കുകയും ഇതിനുള്ള തെളിവ് ഹാജറാക്കുകയും വേണം കൂടാതെ, ജോലി ഉപേക്ഷിക്കുന്നതിനുള്ള നോട്ടീസ് രണ്ടാമത്തെ സ്ഥാപനം മന്ത്രാലയത്തില്‍ സമര്‍പ്പിക്കുകയും വേണം. തൊഴിലാളിയുടെ താത്കാലിക സ്ഥലം മാറ്റം കാലയളവും അയാളുടെ യഥാര്‍ഥ സേവന കാലയളവായി കണക്കാക്കുമെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.
Content Highlights: Oman allows private sector companies to transfer expat workers temporarily under new conditions
Published: 16 Dec 2024, 11:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented