ഡബ്ലിന്‍ :അന്തരിച്ച ഐറിഷ് നേഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍എംഒ) നാഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ശ്യാം കൃഷ്ണന് (37) ഐറിഷ് മലയാളികളുടെ അശ്രുപൂജ. ഇന്നലെ വൈകുന്നേരം നാലു മുതല്‍ എട്ടു വരെ വാട്ടര്‍ഫോര്‍ഡ് സെന്റ് പാട്രിക്‌സ് റെസിഡന്‍ഷ്യല്‍ കെയര്‍ സെന്ററില്‍ നടന്ന പൊതുദര്‍ശനത്തില്‍ അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ നിരവധി പേര്‍ ശ്യാം കൃഷ്ണന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

To advertise here,

വാട്ടര്‍ഫോര്‍ഡ് സെന്റ് പാട്രിക്‌സ് ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ നേഴ്‌സ് മാനേജരായ ശ്യാം കൃഷ്ണന്‍  കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, തുറവൂര്‍, കാടാട്ട് കുടുംബാംഗമാണ്. ഭാര്യ വൈഷ്ണ അനില്‍കുമാര്‍. മക്കള്‍ : ഇഥാന്‍, ഇനിയ.

വാട്ടര്‍ഫോര്‍ഡില്‍ 2015 മുതല്‍ താമസിക്കുന്ന ശ്യാം കൃഷ്ണന്‍ കഴിഞ്ഞ വര്‍ഷമാണ് ഐറിഷ് നേഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍എംഒ) എക്‌സിക്യൂട്ടീവ് കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മൈഗ്രന്റ് നേഴ്‌സസ് അയര്‍ലന്‍ഡ് (എംഎന്‍ഐ) മുന്‍നിര പ്രവര്‍ത്തകനായിരുന്നു.

ശ്യാം കൃഷ്ണന്റെ കുടുംബത്തെ സഹായിക്കാന്‍ അഭ്യുദയകാംഷികള്‍ ചേര്‍ന്ന് ഇന്നലെ ഒരു ദിവസത്തിനുള്ളില്‍ 30,000 യൂറോ സമാഹരിച്ചു. ശ്യാം കൃഷ്ണന്റെ നിര്യാണത്തില്‍ ഐഎന്‍എംഒ, കോയിന്‍സ് കോര്‍ക്ക് (കോര്‍ക്ക് ഇന്ത്യന്‍ നേഴ്‌സസ്) വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍, വാട്ടര്‍ഫോര്‍ഡ് വൈക്കിംഗ് ക്രിക്കറ്റ് ക്ലബ്, വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്‌സ് തുടങ്ങിയ സംഘടനകള്‍ അനുശോചിച്ചു.