വാഷിങ്ടണ്‍: ഫ്‌ളോറിഡയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനം ഓടിച്ചിരുന്ന ഇന്ത്യന്‍ പൗരന്‍ ഹര്‍ജിന്ദര്‍ സിംഗ് തനിക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഭയമാണെന്ന് അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. 2018 സെപ്റ്റംബറില്‍ കാലിഫോര്‍ണിയന്‍ അതിര്‍ത്തി കടക്കവേ അറസ്റ്റിലായ ഹര്‍ജിന്ദറിനെ ഇന്ത്യയിലേക്ക് മടങ്ങാന്‍ ഭയമാണെന്ന് അറിയിച്ചതിനെ തുടർന്ന് 2019 ജനുവരിയില്‍ അയ്യായിരം ഡോളറിന്റെ ഇമിഗ്രേഷന്‍ ബോണ്ടില്‍ വിട്ടയ്ക്കുകയായിരുന്നെന്നാണ് സൂചന. ട്രംപ് ഭരണക്കൂടത്തിന് കീഴിലുള്ള ബോര്‍ഡര്‍ പട്രോള്‍ സംഘമാണ് ഹര്‍ജിന്ദറിനെ പിടികൂടിയത്. 

To advertise here,

അമേരിക്കയിലെ നിയമപ്രകാരം മതം, പൗരത്വം, രാഷ്ട്രീയ അഭിപ്രായം എന്നിവയിലുള്ള പീഡനങ്ങള്‍ ഭയന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ കഴിയാത്തവരോ മടങ്ങാന്‍ താത്പര്യമില്ലാത്തതോ ആയ കുടിയേറ്റക്കാര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കുകയാണ് പതിവ്. തുടര്‍ന്നാണ് 2021 ജൂണില്‍ ബൈഡന്‍ ഭരണക്കൂടത്തിന് കീഴില്‍ കാലിഫോര്‍ണിയയില്‍ ഒരു വാണിജ്യ ഡ്രൈവിങ് ലൈസന്‍സ് ഹർജിന്ദറിന് ലഭിച്ചത്. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫ്‌ളോറിഡയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടായത്. ഓഗസ്റ്റ് 12-ന് ഫ്‌ളോറിഡ ടേണ്‍പൈക്കില്‍ വച്ച് ഇദ്ദേഹം തന്റെ ട്രക്ക് അപകടകരമായ രീതിയില്‍ യു-ടേണ്‍ എടുത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ഫ്‌ളോറിഡ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൈവേ സേഫ്റ്റി ആന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍സ് അറിയിച്ചു. അപകടത്തില്‍ ഒരു മിനിവാനിലെ മൂന്ന് യാത്രക്കാര്‍ മരിച്ചിരുന്നു. ഹർജിന്ദറിനെനെതിരെ നരഹത്യാക്കുറ്റം കൂടാതെ ഇമിഗ്രേഷന്‍ നിയമലംഘനങ്ങളും ചുമത്തിയിട്ടുണ്ട്. 

അതേസമയം, വാഹനാപകടം ഡൊണാള്‍ഡ് ട്രംപ് ഭരണക്കൂടവും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമും തമ്മിലുള്ള പുതിയ സംഘര്‍ഷത്തിന് കാരണമായിരിക്കുകയാണ്. അനധികൃത കുടിയേറ്റക്കാരനായ ഹര്‍ജിന്ദര്‍ സിങ്ങിന് എങ്ങനെയാണ് വാണിജ്യ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചിരിക്കുന്നതെന്ന ചോദ്യമാണ് ട്രംപ് ഭരണക്കൂടം ഉയര്‍ത്തുന്നത്. എന്നാല്‍, ട്രംപ് പ്രസിഡന്റായിരിക്കുമ്പോഴാണ് ഹര്‍ജിന്ദര്‍ സിങ് യുഎസില്‍ പ്രവേശിച്ചതെന്ന് കാലിഫോര്‍ണിയ ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. രാജ്യത്ത് നിയമപരമായി താമസിക്കുന്നവര്‍ക്ക് മാത്രമേ കാലിഫോര്‍ണിയയില്‍ വാണിജ്യ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കൂ എന്നും കാലിഫോര്‍ണിയന്‍ ഗവര്‍ണറുടെ ഓഫീസ് ചൂണ്ടിക്കാട്ടി.