മ്യൂണിക്ക്: ജര്‍മനിയിലെ മ്യൂണിക്കില്‍ മലയാളികള്‍ ഓണം ആഘോഷിച്ചു. കേരള സമാജം മ്യൂണിക്ക് സംഘടിപ്പിച്ച ഓണാഘോഷത്തില്‍ ആയിരത്തിലധികം ജര്‍മന്‍ മലയാളികളാണ് പങ്കെടുത്തത്. മ്യൂണിക്ക് നഗരത്തിലെ ഇന്ത്യ കോണ്‍സുലേറ്റ് കൗണ്‍സല്‍ അമീര്‍ ബഷീര്‍ ആഘോഷങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

To advertise here,

വുമന്‍സ് ഇന്‍ മ്യൂണിക്ക് അവതരിപ്പിച്ച 164 പേര്‍ പങ്കെടുത്ത 10 മിനിട്ട് നീണ്ടു  നിന്ന മെഗാ തിരുവാതിരയായിരുന്നു ഓണാഘോഷത്തിലെ പ്രധാന ആകര്‍ഷണം. രണ്ടര മാസത്തെ തയ്യാറെടുപ്പിലൂടെയാണ് മെഗാ തിരുവാതിര യാഥാര്‍ത്ഥ്യമായത്. വിഭവ സമൃദ്ധമായ സദ്യയും പങ്കെടുത്തവര്‍ക്കായി സംഘാടകരൊരുക്കി.

ജര്‍മനിയിലെ കലാസാംസ്‌കാരിക കൂട്ടായ്മയായ സംസ്‌കാര അവതരിപ്പിച്ച ചെണ്ടമേളത്തോടു കൂടിയാണ് കലാപരിപാടികള്‍ തുടങ്ങിയത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, വടംവലി എന്നിവയും ആവേശകരമായി. 1969 ല്‍ തുടങ്ങിയ മ്യൂണിക്ക് കേരള സമാജം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത് 2002 ലായിരുന്നു. വിഷു, ഈസ്റ്റര്‍, റമദാന്‍, ക്രിസ്മസ് ആഘോഷങ്ങളും മറ്റ് കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും കേരള സമാജം മ്യൂണിക്ക് സംഘടിപ്പിച്ചുവരുന്നു.