കരോൾട്ടൻ/ടെക്സാസ്: ഡാലസിലെ പ്രമുഖ മലയാളി ഫുട്‌ബോൾ ക്ലബ്ബായ എഫ്.സി.സി ഡാലസ്, കരോൾട്ടൻ സംഘടിപ്പിച്ച വാർഷിക ഇന്റേണൽ ഫുട്‌ബോൾ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു.

To advertise here,

ക്ലബ് അംഗങ്ങൾക്കിടയിൽ സൗഹൃദവും, കായികക്ഷമതയും ഒപ്പം പുതിയ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂർണമെന്റിൽ മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവെച്ചത്.

ക്ലബ്ബ് അംഗങ്ങളെ വിവിധ ടീമുകളായി തിരിച്ചുള്ള മത്സരത്തിൽ ആബേൽ ബിജു ജേക്കബ്, നെവിൻ പുത്തൻപുരക്കൽ, ഡിംപു ജോൺ, അരുൺ ബേസിൽ വർഗീസ്, മനു ഗോവിന്ദ് മോഹൻ, പ്രശാന്ത് ബാലകൃഷ്ണൻ എന്നിവർ ടീം ക്യാപ്റ്റന്മാരായി നേതൃത്വം നൽകി. പരിക്കിനെപ്പോലും അവഗണിച്ച് ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്തിയ ക്യാപ്റ്റന്മാരുടെ സാന്നിധ്യം ടൂർണമെന്റിലുടനീളം വലിയ ആവേശം പകർന്നു.

അഗസ്റ്റിൻ മാണി, സബിൻ സെബാസ്റ്റിയൻ, പോൾ സാബു എന്നിവർ കോർഡിനേറ്ററുമാരായി ടൂർണമെന്റ് വിജയകരമാക്കി. ജോജോ കോട്ടക്കൽ (സിഇഒ, ജോജോ കാർ റിപ്പയർ) ടൂർണമെന്റിന്റെ മെഗാ സ്‌പോൺസർ ആയിരുന്നു.

ആശിഷ് തെക്കേടം (എഫ്‌സിസി പ്രസിഡന്റ്), അഖിൽ രാധാകൃഷ്ണൻ (സെക്രട്ടറി) എന്നിവരാണ് സംഘടനക്ക് നേതൃത്വം നൽകുന്നത്. റൂബൻ കടന്തോട്ട് മത്സരങ്ങൾ നിയന്ത്രിച്ചു.

മത്സരത്തിനൊടുവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ആശിഷ് തെക്കേടം, വിനോദ് ചാക്കോ, അഗസ്റ്റിൻ മാണി , സബിൻ സെബാസ്‌ററ്യൻ, ശ്യാം മുളക്കൽ, അനൂപ് തോമസ്, പോൾ സാബു, പ്രദീപ് ഫിലിപ്പ് തുടങ്ങിയവർ ചേർന്ന് വിജയികൾക്ക് ട്രോഫികൾ കൈമാറി.

വാർത്തയും ഫോട്ടോയും : മാർട്ടിൻ വിലങ്ങോലിൽ