ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. ജൂണ്‍ 27 മുതല്‍ ജൂലൈ 1 വരെയാണ് പ്രതിഷ്ഠാദിന ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ നടന്നത്. ജൂണ്‍ 27 വെള്ളിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം പ്രാസാദശുദ്ധിയും പിറ്റേന്ന് ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെ ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, ഇരുപത്തഞ്ചു കലശം, ശ്രീഭൂതബലി എന്നിവയോട് കൂടി ബിംബ ശുദ്ധി ക്രിയകളും നടന്നു. വൈകീട്ട് ശ്രീഭൂതബലിയും പഞ്ചാരിമേളത്തോടു കൂടിയുള്ള ശീവേലിയും, എഴുന്നള്ളിപ്പും, ദീപാരാധനയും നടന്നു. അത്താഴപൂജയും ശീവേലിയുമോടെ പ്രതിഷ്ഠാദിനത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയായി. 

To advertise here,

മിഥുന മാസത്തിലെ ഉത്രം നക്ഷത്ര ദിവസമായ ജൂലൈ 1 ചൊവ്വാഴ്ച ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഗുരുവായൂരപ്പന് ഇരുപത്തഞ്ചു കലശവും മറ്റു ഉപദേവതമാര്‍ക്കായി കലശങ്ങളും നടത്തി.

ജൂണ്‍ 29 ഞായറാഴ്ച ക്ഷേത്രത്തിനു ചുറ്റും മൈതാനിയില്‍ നടത്തിയ ഭഗവതിയ്ക്കായുള്ള പൊങ്കാല വേറിട്ട അനുഭവമായി. നൂറിലധികം ദേവി ഭക്തര്‍ ഓരോരുത്തരും അവരവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ അടുപ്പുകളില്‍ പൊങ്കാല നിവേദ്യം തയാറാക്കി ദേവീസ്തുതികളോടെ പൊങ്കാലയിട്ടു പ്രാര്‍ത്ഥിച്ചു.

നിത്യേന മൂന്നു നേരം ശീവേലി, നവകം പഞ്ചഗവ്യം അഭിഷേകം ചുറ്റുവിളക്ക് എന്നീ ചടങ്ങുകള്‍ക്ക് പുറമെ ഗണപതിക്ക് സഹസ്ര അപ്പം നിവേദ്യം, അയ്യപ്പന് പുഷ്പാഭിഷേകം, ഭഗവതിയ്ക്ക് പൂമൂടല്‍, മൂന്ന് ദിവസങ്ങളിലായി നല്ലെണ്ണ, വെളിച്ചെണ്ണ, നെയ്യ് എന്നിവ കൊണ്ടുള്ള സഹസ്രദീപ വിളക്ക് എന്നിവ ചടങ്ങുകളുടെ ഭാഗമായി നടത്തി. മറ്റു പ്രവിശ്യകളില്‍ നിന്നുള്‍പ്പെടെ കാനഡയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തരാണ് പ്രതിഷ്ഠാദിന ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയത്.

ക്ഷേത്രമൈതാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ 'പൂന്താനം കലാവേദി'യില്‍ മുന്നൂറിലേറെ കലാകാരന്‍മാര്‍ പങ്കെടുത്ത വിവിധ കലാപരിപാടികളും നടന്നു. കഥകളി, മോഹിനിയാട്ടം, ഭാരതനാട്യം, സംഗീത കച്ചേരി, കൈകൊട്ടിക്കളി, ഭജന, വാദ്യോപകരണ സംഗീതം, ഗാനമേള എന്നീപരിപാടികളാണ് ഉത്സവത്തോടനുബന്ധിച്ച് അരങ്ങേറിയത്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കായി നിത്യേന അന്നദാനവും ഒരുക്കിയിരുന്നു. പ്രതിഷ്ഠാദിന ആഘോഷങ്ങളുടെ സമാപനം അന്നദാനസദ്യയോടും വിപുലമായ പരിപാടികളോടെയും ആയിരക്കണക്കിന് ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെയും നടന്നു.