മനാമ: സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നിയമദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ജോസ് എബ്രഹാമിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആദരിച്ചു. ഇമ്മിഗ്രേഷന്‍ ഫോറീനേഴ്സ് ആക്റ്റ് എന്ന പുസ്തകം രചിച്ചതിനാണ് ആദരവ്. ഇന്ത്യയുടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത, മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. അടുത്തിടെ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ വെച്ചാണ് ഈ പുസ്തക പ്രകാശനം നടന്നത്. ഇമ്മിഗ്രേഷന്‍ ഫോറീനേഴ്സ് ആക്റ്റ് എന്ന പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണയാണ്. പ്രവാസികളുടെ നിയമശാക്തീകരണം ലക്ഷ്യമാക്കി സുരക്ഷിത കുടിയേറ്റം എന്ന പുസ്തകമുള്‍പ്പെടെ എട്ടോളം ഗ്രന്ധങ്ങളുടെ രചയിതാവാണ് അഡ്വ.ജോസ് എബ്രഹാം. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന മുഖ്യലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സംഘടനയായ പ്രവാസി ലീഗല്‍ സെല്ലിനുള്ള ഏറ്റവും പുതിയ അംഗീകാരമായി ഇതിനെ കാണുന്നതായും പ്രവാസികളെ നിയമപരമായി ശാക്തീകരിക്കാനായി തുടര്‍ന്നും ശക്തമായ പ്രവര്‍ത്തനം തുടരുമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവ് സുധീര്‍ തിരുനിലത്ത് പറഞ്ഞു.

To advertise here,