അബുദാബി: യുഎഇയുടെ 54 - മത് ദേശീയദിനത്തോട് അനുബന്ധിച്ച് 2,937 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ശിക്ഷാ കാലയളവിലുണ്ടായ സാമ്പത്തിക പിഴകളും ഒഴിവാക്കും. ജയില്‍ മോചിതരായവര്‍ക്ക് ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാനും അതുവഴി അവരുടെ കുടുംബങ്ങള്‍ക്ക് സന്തോഷം പകരാനും യുഎഇ പ്രസിഡന്റിന്റെ ഉത്തരവ് ഉപകരിക്കും. സ്ഥിരത, സാമൂഹിക ഐക്യം, പുനഃരധിവാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇ പ്രസിഡന്റിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവ്.
ദുബായിലെ ജയിലുകളില്‍നിന്നും വ്യത്യസ്ത രാജ്യക്കാരായ 2025 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. തടവുകാര്‍ക്ക് മാപ്പ് നല്‍കാനുള്ള ശൈഖ് മുഹമ്മദിന്റെ ഉത്തരവ് അവരുടെ കുടുംബങ്ങള്‍ക്ക് സന്തോഷം നല്‍കാനും അവര്‍ക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും സഹായകരമാകുമെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ എസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു. ദുബായ് പോലീസുമായി സഹകരിച്ച് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ശൈഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ ആരംഭിച്ചതായും അല്‍ ഹുമൈദാന്‍ വ്യക്തമാക്കി.
ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന 366 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ഉത്തരവിട്ടിട്ടുണ്ട്. നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ തടവുകാരെ മോചിപ്പിക്കുക.
അജ്മാനില്‍ വിവിധ രാജ്യക്കാരായ 225 തടവുകാര്‍ക്കും മോചനം നല്‍കും. സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടേതാണ് ഉത്തരവ്.
ഫുജൈറയില്‍ 129 തടവുകാരെ മോചിപ്പിക്കാനും സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ ഉത്തരവിലുണ്ട്. ഭരണാധികാരിയുടെ ഉദാരമായ പ്രവൃത്തിക്ക് ഫുജൈറ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ കഅബി നന്ദി അറിയിച്ചു.

To advertise here,