ദുബായ്: യു.എ.ഇ.യുടെ 53-ാമത് ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച് നടക്കുക ഒരുമാസം നീളുന്ന ആഘോഷപരിപാടികള്‍. നവംബർ മൂന്നിനു പതാകദിനത്തോടനുബന്ധിച്ച് ദുബായില്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. ദേശീയദിനമായ ഡിസംബര്‍ രണ്ടിന് ആഘോഷങ്ങള്‍ സമാപിക്കും. ആഘോഷത്തിന്റെ ഭാഗമായി 'സായിദ് ആന്‍ഡ് റാഷിദ്' എന്ന പേരില്‍ വ്യാഴാഴ്ച പ്രത്യേക കാമ്പയിന്‍ ആരംഭിച്ചു.
ദുബായ് രണ്ടാം ഉപഭരണാധികാരിയും ദുബായ് മീഡിയ കൗണ്‍സില്‍ (ഡി.എം.സി.) ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ദുബായ് മീഡിയ ഓഫീസിന്റെ (ഡി.എം.ഒ.) സര്‍ഗാത്മക വിഭാഗമായ ബ്രാന്‍ഡ് ദുബായിയാണ് കാമ്പയിന്‍ പ്രഖ്യാപിച്ചത്. യു.എ.ഇ. സ്ഥാപകപിതാക്കന്‍മാരായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെയും ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിനെയും ആദരിക്കാനാണ് കാമ്പയിന്‍ ആരംഭിച്ചതെന്ന് ശൈഖ് അഹമ്മദ് പറഞ്ഞു. എമിറേറ്റിലെ 16 സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് കാമ്പയിന്‍.
പ്രത്യേക പരിപാടികള്‍
വെടിക്കെട്ട്: ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ജെ.ബി.ആര്‍. ബീച്ച്, അല്‍ സീഫ്, ഹത്ത, ദുബായ് ഫെസ്റ്റിവല്‍ സിറ്റിമാള്‍, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കും. പരമ്പരാഗത നാടോടി നൃത്തം, സംഗീത പരിപാടികള്‍ എന്നിങ്ങനെ ഒട്ടേറെ പരിപാടികള്‍ ഹത്തയിലുമുണ്ടാകും.
സീസണല്‍ മാര്‍ക്കറ്റുകള്‍: ബീച്ച് കാന്റീന്‍, റൈപ്പ് മാര്‍ക്കറ്റ്, വിന്റര്‍ വണ്ടര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികള്‍ അരങ്ങേറും.
യൂണിയന്‍ ഡേ പരേഡ്: വതനി അല്‍ ഇമാറാത്തുമായി സഹകരിച്ച് ഡിസംബര്‍ രണ്ടിന് സിറ്റി വാക്കില്‍ യൂണിയന്‍ ഡേ പരേഡ് സംഘടിപ്പിക്കും. ഇമിറാത്തി സംസ്‌കാരവുമായി ബന്ധപ്പെട്ട ഒട്ടേറെപരിപാടികള്‍ പരേഡിലുണ്ടാകും.
മ്യൂസിയങ്ങളില്‍ പ്രത്യേക പരിപാടികള്‍: അല്‍ ഷിന്‍ഡഗ മ്യൂസിയം, അല്‍ ഇത്തിഹാദ് മ്യൂസിയം, ഹത്ത ഹെറിറ്റേജ് വില്ലേജ്, അല്‍ ഫാഹിദി നെയ്ബര്‍ഹുഡ് എന്നീ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടികളുണ്ടാകും. വൈവിധ്യമാര്‍ന്ന പ്രദര്‍ശനങ്ങളിലൂടെയും പരിപാടികളിലൂടെയും ദുബായിയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചകള്‍ സമ്മാനിക്കും. യു.എ.ഇ.യുടെ ചരിത്രത്തെക്കുറിച്ചുള്ള അറിവുകളും പ്രദര്‍ശിപ്പിക്കും.
എക്സ്പോ സിറ്റിയില്‍ സംഗീതക്കച്ചേരി: യൂണിയന്‍ സിംഫണി എന്ന പേരില്‍ എക്‌സ്പോ സിറ്റിയില്‍ ഫിര്‍ദൗസ് ഓര്‍ക്കസ്ട്ര സംഗീതക്കച്ചേരി അവതരിപ്പിക്കും. ഇതില്‍ ഇമിറാത്തി ദേശീയഗാനങ്ങളുമുണ്ടാകും. യു.എ.ഇ. ദേശീയ പതാകകളും പരമ്പരാഗത ഇമിറാത്തി അലങ്കാരവസ്തുക്കളും ഉപയോഗിച്ച് അല്‍ വാസല്‍ പ്ലാസ അലങ്കരിക്കും. ഇമിറാത്തി കലാകാരാന്മാരുടെ നേതൃത്വത്തില്‍ സാംസ്‌കാരികപരിപാടികളും അവതരിപ്പിക്കും. പരമ്പരാഗത കാര്‍ഷിക, ഭക്ഷ്യ ഉത്പന്നങ്ങളുമായി അല്‍ വാസല്‍ പ്ലാസയില്‍ ഹാര്‍വെസ്റ്റ് മാര്‍ക്കറ്റും സജീവമാകും.
ലൈറ്റ് ഷോകള്‍: ദുബായ് ഫ്രെയിം, ദുബായ് സഫാരി പാര്‍ക്ക്, ക്ലോക്ക് ടവര്‍ റൗണ്ട് എബൗട്ട് എന്നിവിടങ്ങളില്‍ ലൈറ്റ് ഷോകളുണ്ടാകും. ദുബായ് വിമാനത്താവളങ്ങളിലും ദേശീയ ദിനത്തോടനുബന്ധിച്ച് ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
Content Highlights: UAE National Day: one month celebrations
Published: 25 Oct 2024, 12:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented