റിയാദ്: അന്വേഷണത്തിന്റെ പേരിൽ റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് ഡെസ്‌കിൽ കയറി സംപ്രേഷണം തടസ്സപ്പെടുത്തിയ പൊലീസ് നടപടി മാധ്യമങ്ങൾക്കുള്ള താക്കീതാണെന്നും കേരളത്തിൽ വരുംനാളുകളിൽ മാധ്യമങ്ങളും ജനാധിപത്യവും നേരിടേണ്ടിവരുന്ന സാഹചര്യത്തിന്റെ സൂചനയാണെന്നും കേളി കലാസാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. പോള്ളയായ വാഗ്ദാനങ്ങൾനൽകി അധികാരത്തിലെത്തി നാലുമാസം തികയുംമുമ്പ് ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന സർക്കാർ, തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരുടെ വായ മൂടിക്കെട്ടാനുള്ള വൃഥാശ്രമമാണ് നടത്തുന്നതെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
പരിശോധനയുടെ പേരിൽ എഡിറ്ററുടെ കസേരയിൽ കയറിയിരുന്ന് ന്യൂസ് ഡെസ്‌കിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് കേട്ടുകേൾവിയില്ലാത്ത പുതിയ രീതിയാണ്. ഗുണ്ടായിസവും ഭീകരതയും പൊലീസ് നടത്തിയാലും അത് വിശുദ്ധമാകില്ല. ഇത് അന്വേഷണമോ പരിശോധനയോ മാത്രമല്ല; മാധ്യമങ്ങൾക്കുള്ള താക്കീതായി മാറുന്ന നടപടിയാണ്. സർക്കാരിന് സ്തുതിപാടുന്ന ആജ്ഞാനുവർത്തികളായി മാധ്യമങ്ങൾ മാറണമെന്ന സന്ദേശമാണ് ഇത്തരം നടപടികളിലൂടെ നൽകുന്നതെന്നും കേളി ചൂണ്ടിക്കാട്ടി.
വിയോജിപ്പും വിമർശനങ്ങളും പ്രകടിപ്പിച്ചതിന്റെ പേരിൽ മാധ്യമസ്ഥാപനങ്ങൾക്കെതിരെ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ല. കേസും പരിശോധനാ നടപടികളും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തേണ്ടത്. ഒരു മാധ്യമസ്ഥാപനത്തിന്റെ ന്യൂസ് ഡെസ്‌കിൽ കയറി പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിൽ അന്വേഷണം നടത്തുന്നത് ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണ്.
അധികാരത്തിലെത്തിയാൽ റിപ്പോർട്ടർ ചാനൽ പൂട്ടിക്കുമെന്ന് യുഡിഎഫിന്റെ പ്രമുഖ നേതാവ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തുതന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴുണ്ടായ നടപടി കൂടുതൽ ഗൗരവത്തോടെ കാണേണ്ടതുണ്ട്. മാധ്യമങ്ങളുടെ വിമർശനങ്ങളെ ജനാധിപത്യപരമായ രീതിയിൽ നേരിടുന്നതിന് പകരം അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് അവരെ വരുതിയിൽ നിർത്താനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും കേളി പ്രസ്താവനയിൽ പറഞ്ഞു.
വാർത്താ കാർഡുകൾ നീക്കംചെയ്യിച്ചും പ്രതികരിക്കുന്നവർക്കെതിരെ കേസെടുത്തും വിമർശനങ്ങളെ നേരിടാനുള്ള ഇതുവരെയുള്ള ശ്രമങ്ങൾ ജനരോഷം ആളിക്കത്തിക്കാൻ മാത്രമാണ് ഉപകരിച്ചത്. ഇപ്പോൾ വാർത്തയുടെ ഉറവിടം തേടുന്നതിന്റെ പേരിൽ മാധ്യമസ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ നേരിട്ട് ഇടപെടുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്. വാർത്തയുടെ ഉറവിടം തേടാനുള്ള അന്വേഷണത്തിന് നിയമപരമായ മാർഗങ്ങൾ നിലവിലിരിക്കെ ന്യൂസ് ഡെസ്‌കിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയത് അമിതാധികാരപ്രയോഗമാണെന്നും കേളി അഭിപ്രായപ്പെട്ടു.
അന്വേഷണത്തിന്റെ പേരിൽ പൊലീസ് നടത്തിയ അമിതാധികാരപ്രയോഗത്തെ അപലപിക്കുന്നതായും മാധ്യമസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ജനാധിപത്യ സമൂഹം ജാഗ്രത പുലർത്തണമെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Published: 16 Sept 2026, 08:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented