പുണെ : മഹാരാഷ്ട്ര പത്രകാർ സംഘ് ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം മാതാ അമൃതാനന്ദമയിക്ക് സമർപ്പിച്ചു. ഭാരതയാത്രയുടെ ഭാഗമായി രണ്ടുദിവസത്തെ സന്ദർശനത്തിനു ശനിയാഴ്ച പുണെയിൽ എത്തിയപ്പോഴാണു പുരസ്കാരസമർപ്പണം നടന്നത്.

To advertise here,

മറാത്തി മാധ്യമ പ്രവർത്തകരുടെ സംഘടനയായ മറാത്തി പത്രക്കാർ സംഘ് ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോളാണു സമർപ്പിച്ചത്.

പ്രകൃതിയോടും മനുഷ്യനോടും സഹജീവികളോടും കാരുണ്യവും സ്നേഹവും പുലർത്താൻ നമ്മൾ ശ്രമിക്കണമെന്ന് ചടങ്ങിൽ മാതാ അമൃതാനന്ദമയീദേവി പറഞ്ഞു.

അമ്മയുടെ സാന്നിധ്യം പുണെയെ പുണ്യഭൂമിയാക്കിയെന്നും സമസ്ത മേഖലയിലും അമ്മ നടപ്പാക്കുന്ന സാമൂഹികസേവന പ്രവർത്തനങ്ങൾ ഏവർക്കും മാതൃക തീർക്കുന്നവയാണെന്നും കേന്ദ്രമന്ത്രി മുരളീധർ മൊഹോൾ ചടങ്ങിൽ പറഞ്ഞു.

 

ഭോസാരി നിയമസഭാ മണ്ഡലം എം.എൽ.എ. മഹേഷ്‌ദാദ ലാൻഡ്‌ഗെ, മറാത്തി പത്രക്കാർ സംഘ് സംസ്ഥാന അധ്യക്ഷൻ കിരൺ ജോഷി, പുധാരി മീഡിയ ഗ്രൂപ്പ് ചെയർമാൻ ഡോ. യോഗേഷ് പ്രതാപ്‌സിങ്‌, ഡെയ്‌ലി സകാൽ എഡിറ്റർ ശീതൾ പവാർ, എ.ബി.പി. മാഝ എഡിറ്റർ സരിത കൗശിക്, ജയ് മഹാരാഷ്ട്ര ചാനൽ എഡിറ്റർ വൃഷാലി കദം, ഡെയ്‌ലി സൂരജ് എഡിറ്റർ രാകേഷ് തോല്യെ, വി.ജെ. ഡിവലപ്പേഴ്സ് സി.ഇ.ഒ. ആദിത്യ ജാവദേക്കർ, കോഹിനൂർ ഗ്രൂപ്പ് ചെയർമാൻ കൃഷ്ണകുമാർ ഗോയൽ, ബി.വി.ജി. ഇന്ത്യ സ്ഥാപക ചെയർമാൻ ഹനുമന്തറാവു ഗെയ്‌ക്‌വാദ് തുടങ്ങിവർ പങ്കെടുത്തു.

ചടങ്ങിൽ അമൃതശ്രീ അംഗങ്ങൾക്കുള്ള വസ്ത്ര-ധനസഹായ വിതരണവും നടന്നു. അമ്മയുടെ പുണെ സന്ദർശനത്തിന്റെ ഭാഗമായി പുണെ നിഗ്ഡിയിലെ

അമൃതാനന്ദമയീമഠത്തിൽ നടക്കുന്ന രണ്ടു ദിവസത്തെ ബ്രഹ്മസ്ഥാന മഹോത്സവത്തിൽ പങ്കെടുക്കാനായി മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽനിന്ന്‌ ആയിരക്കണക്കിന് ആളുകളാണ് പുണെയിൽ എത്തിയിട്ടുള്ളത്.

ശനിയാഴ്ച നടന്ന അമ്മയുടെ അനുഗ്രഹ പ്രഭാഷണം, ഭജന, ധ്യാനം, ദർശനം എന്നിവകളിലും വിശേഷപൂജകളിലും ഒട്ടേറെപ്പേർ പങ്കെടുത്തു.