വൻ ദുരന്തം: ധരാശിവിൽ പുകശ്വസിച്ച് ആറുപേർ മരിച്ചു
ധാരാശിവ്/മുംബൈ : ദീപാവലി ആഘോഷങ്ങൾക്കിടെ മഹാരാഷ്ട്രയിൽ വൻ ദുരന്തം. ധരാശിവ് ജില്ലയിൽ വീട്ടിലുണ്ടായ തീപ്പിടിത്തത്തെത്തുടർന്ന് ശ്വാസംമുട്ടി ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. കൂടാതെ ഞായറാഴ്ച രാത്രിമാത്രം മുംബൈ നഗരത്തിലുടനീളം 140-ഓളം തീപ്പിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തതായും അധികൃതർ അറിയിച്ചു.
ധരാശിവിലെ യെദ്ഷി പ്രദേശത്തുള്ള ഒറ്റനില വീട്ടിലാണ് അർധരാത്രിക്കുശേഷം തീപ്പിടിത്തമുണ്ടായത്. താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന കടയ്ക്ക് മുകളിലെ ഒന്നാം നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കരണ്ടെ കുടുംബത്തിലെ ആറംഗങ്ങളാണ് ദാരുണമായി കൊല്ലപ്പെട്ടത്.
കടയിലുണ്ടായിരുന്ന പ്ലാസ്റ്റിക് വസ്തുക്കളിലേക്കും എണ്ണയിലേക്കും തീ അതിവേഗം പടരുകയായിരുന്നു. തുടർന്ന് മുറിക്കുള്ളിൽ വൻതോതിൽ പുക ഉയർന്നതാണ് മരണത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി.
തീപ്പിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, പരിസരത്ത് കത്തിച്ചുവെച്ച കളിമൺ ചിരാതിൽ നിന്നാകാം തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ദീപാവലി രാത്രിയിൽ മുംബൈ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ മൂന്ന് വൻ തീപ്പിടിത്തങ്ങൾ (ലെവൽ-II) രേഖപ്പെടുത്തി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ട്. വൻതോതിൽ പടക്കങ്ങൾ പൊട്ടിച്ച് അപകടങ്ങൾ പെരുകിയ പശ്ചാത്തലത്തിൽ മുംബൈ ദുരന്തനിവാരണ അതോറിറ്റി ശക്തമായ നടപടിയുമായി രംഗത്തെത്തി. നവംബർ 25 വരെ നഗരത്തിലെ എല്ലാ പൊതു, സ്വകാര്യ പരിസരങ്ങളിലും ആകാശത്തേക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു.
Published: 09 Nov 2026, 11:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented