അഹമ്മദാബാദ് : വർഷങ്ങൾ ആറ്റുനോറ്റിരുന്ന് നീലക്കുറിഞ്ഞി പൂത്തതുപോലുള്ള സന്തോഷത്തിലാണ് വെജൽപുരിലെ മലയാളം മിഷൻ അധ്യാപകരും കേരളസമാജം പ്രവർത്തകരും. കേരള സർക്കാർ നടത്തുന്ന നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ളോമ മലയാളം പരീക്ഷയിൽ ഗുജറാത്തിൽനിന്നുള്ള ആദ്യ വിജയി ആയിരിക്കുകയാണ് ഈ പഠനകേന്ദ്രത്തിലെ അഭയരാജ് യാദവ് എന്ന 22-കാരൻ.
‘എട്ടാം വയസ്സിൽ കണിക്കൊന്ന ക്ളാസിൽ എത്തിയതാണ് അഭയരാജ്. 2012-ൽ പഠനകേന്ദ്രം തുടങ്ങുമ്പോഴേ അവനുണ്ട്’ അന്നുമുതൽ അധ്യാപികയായിരുന്ന തങ്കം ഗോപി ഓർത്തു. ഒപ്പം ശ്രീകുമാരി പിള്ളയും പ്രസന്നാ അശോകനുമാണ് ആദ്യംമുതലുള്ള അധ്യാപകർ. പിന്നീട് കലയും ബിന്ദുവും മേബിളുമെത്തി.
നൂറിലേറെ വിദ്യാർഥികളുമായി തുടങ്ങിയ കേന്ദ്രത്തിൽ പ്രാഥമിക പരീക്ഷകൾ പലരും വിജയിച്ചെങ്കിലും മറ്റ് പഠനത്തിരക്കുകളുടെ പേരിലുള്ള കൊഴിഞ്ഞുപോക്ക് പ്രശ്‌നമായി. അപ്പോഴും പ്രതീക്ഷയോടെയും പ്രതിഫലേച്ഛയില്ലാതെയും ഭാഷ പഠിപ്പിച്ചവർക്ക് 94 മാർക്കോടെ അഭയിന്റെ എ പ്ലസ് വിജയം നൽകുന്ന അഭിമാനം ചെറുതല്ല. ലോകത്തെ 110 ചാപ്റ്ററുകളിൽനിന്ന് നീലക്കുറിഞ്ഞി വിജയിച്ച 113 ൽ ഒരാൾ... 38 എ പ്ളസുകാരിലും ഒരാൾ...
ഇപ്പോൾ സോഫ്റ്റ്‌വേർ എൻജിനിയറായ അഭയരാജ് ജോലികഴിഞ്ഞ് അനുമോദനസ്ഥലമായ എ.കെ.എസ്. ഓഫീസിലേക്ക് ഓടിയെത്തുകയായിരുന്നു. “അച്ഛനും അമ്മയുമാണ് എന്നെ മലയാളത്തോട് ചേർത്തുനിർത്തിയത്. ക്ലാസ് കഴിഞ്ഞുവന്നാൽ അരമണിക്കൂറെങ്കിലും വായിക്കാൻ പറയും” അഭയ് പറഞ്ഞു. “ഫോണിലൊക്കെ വരുന്ന മലയാളം പോസ്റ്റുകൾ ഞാൻ വായിക്കാൻ കൊടുക്കും.
അമ്മ കണ്ണൂർ ചീമേനിക്കാരി സ്മിത പറഞ്ഞു. അച്ഛൻ പി. വൽസരാജൻ കണ്ണൂർ പയ്യന്നൂർ വെള്ളോറ സ്വദേശിയാണ്. ഇപ്പോൾ ന്യൂ വാഷ്‌ണയിലാണ് താമസം. പ്രവാസജീവിതത്തിനിടയിലും മകൻ മലയാളം പഠിച്ചിരിക്കണമെന്ന ഇവരുടെ ആഗ്രഹമാണ് ഇപ്പോൾ അഹമ്മദാബാദ് മലയാളം മിഷൻ പ്രവർത്തകരുടെ സ്വപ്നസാഫല്യത്തിലെത്തിച്ചത്. വെജൽപുരിലെ ആദ്യത്തെ കോഡിനേറ്റർമാരായ പരേതനായ പി.ജി. ജോയ്, ബിജു തോമസ് ഇപ്പോഴത്തെ കോഡിനേറ്റർ അശോകൻ പി. എന്നിവരുടെ പരിശ്രമവും പിന്നിലുണ്ട്. സുഗതാഞ്ജലി കാവ്യാലാപന മത്സരം,
ബാലശാസ്‌ത്ര പരീക്ഷ എന്നിവയിലെല്ലാം അഭയരാജ് പങ്കെടുത്തിരുന്നു. കോവിഡ് കാലം വഴി മുടക്കിയില്ലെങ്കിൽ നേരത്തേതന്നെ ഈ കടമ്പ കടക്കുമായിരുന്നു. അനുജത്തി അഥീനയും ആമ്പൽ കോഴ്‌സ് കഴിഞ്ഞ് നീലക്കുറിഞ്ഞിയിലേക്ക് എത്തിയിട്ടുണ്ട്.
ഈ വിജയം മറ്റ് പഠനകേന്ദ്രങ്ങൾക്കും പ്രചോദനമാകുമെന്ന പ്രതീക്ഷയാണ് ഉപഹാരങ്ങളുമായെത്തിയ മലയാളം മിഷൻ ചാപ്റ്റർ അക്കാദമിക് കൗൺസിൽ ചെയർമാൻ ജയരാമൻ കടമ്പാട്ടും അഹമ്മദാബാദ് മേഖലാ കോഡിനേറ്റർ മനോജ് പേരാമ്പ്രയും പങ്കുവെച്ചത്. ഈ നേട്ടത്തിന് തണലായ എ.കെ.എസിന്റെ വാർഡ് പ്രസിഡൻറ് കൃഷ്ണദാസ് നായർ, സെക്രട്ടറി രവിന്ദ്രനാഥൻ നായർ, മുൻ സെക്രട്ടറി ഗോപാലകൃഷ്ണൻ വി., സഞ്ജീവ് ജോയി തുടങ്ങിയവരും അനുമോദിച്ചു.
Published: 01 Oct 2026, 12:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented