ഗൾഫ് രാജ്യങ്ങളെന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് പരന്നുകിടക്കുന്ന മരുഭൂമിയും ഒട്ടകങ്ങളും അറബികളുമാണ്. എന്നാൽ, കേരളത്തിന് സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള ഒരിടം ഗൾഫിൽ പോകുന്നവർക്ക് കാണാം. ഒമാനിലെ സലാലയാണ് ആ കൊച്ചുകേരളം. സലാലയിലൂടെ യാത്രനടത്തുമ്പോൾ ഒറ്റനോട്ടത്തിൽ കേരളം തന്നെയാണെന്നു തോന്നിപ്പോകും. ഒട്ടേറെ വിനോദസഞ്ചാരികളെ പ്രകൃതിരമണീയതകൊണ്ട് വിസ്മയിപ്പിക്കുന്ന ഭൂമികയാണ് സലാല. ഒമാന്റെ തെക്കൻ പ്രവിശ്യയായ ദോഫാർ ഗവർണറേറ്റിന്റെ തലസ്ഥാനനഗരമായ സലാല രാജ്യത്തെ രണ്ടാമത്തെ വലിയനഗരമാണ്.  മരണപ്പെട്ട മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ ജന്മനാട്.

To advertise here,

ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽനിന്ന് 1000 കി.മീ. അകലെയാണ് സലാല. കേരളത്തിൽ കണ്ടുവരുന്ന ഫലവൃക്ഷങ്ങളും ചെടികളും ഇവിടെ കാണാം. മാവ്, പ്ലാവ്, വാഴ, തെങ്ങ്, കവുങ്ങ്, പപ്പായ, വെറ്റില, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങി മത്സ്യസമ്പത്തും മഴയുംവരെ തികച്ചും കേരളീയ അനുഭവമാണ് ഇവിടെ വരുന്നവർക്ക്  ലഭിക്കുക. വരണ്ടുണങ്ങിയ ഭൂപ്രകൃതിയിൽ പച്ചപ്പരവതാനികണക്കെ പ്രകൃതിഹരിത കമ്പളം  പുതയ്ക്കുന്ന ജൂൺമുതൽ സെപ്റ്റംബർവരെയാണ് സലാലയിൽ ഖരീഫ് സീസൺ (മൺസൂൺ കാലം) ആഘോഷിക്കുന്നത്. വിനോദസഞ്ചാരികളെ സലാല മാടിവിളിക്കുന്നത് ഈ സമയമാണ്. മറ്റുള്ളയിടങ്ങളെല്ലാം സൂര്യതാപത്താൽ ചുട്ടുപൊള്ളുമ്പോൾ ചിണുങ്ങിക്കുണുങ്ങി പെയ്യുന്ന ചാറ്റൽമഴയും തണുപ്പുമൊക്കെ കൂടിച്ചേർന്ന് സ്വർഗീയഭൂമിയാകുമിവിടം. കോടമഞ്ഞും മലനിരകളും സംഗമിക്കുന്ന  ഭൂപ്രദേശം സലാലയിലുണ്ട്. പലയിടങ്ങളും കണ്ടാൽ ഊട്ടിയോ മൂന്നാറോ വായനാടോ എന്ന് തോന്നിപ്പോകും.

കേരളം ഭരിച്ചിരുന്ന ചേരവംശരാജാവായിരുന്ന ചേരമാൻ പെരുമാൾ എന്ന താജുദീൻ അന്ത്യവിശ്രമംകൊള്ളുന്നത് സലാലയിലാണ്. ഇസ്‌ലാംമതം സ്വീകരിച്ച്‌ ഹജ്ജിനുപോയ രാജാവ് മടക്കയാത്രയ്ക്കിടെ രോഗബാധിതനാകുകയും സലാലയിൽവെച്ച് മരിക്കുകയുമായിരുന്നെന്ന് ചരിത്രരേഖകളിൽ പരാമർശിക്കുന്നുണ്ട്.  സലാലയിലെ ഒരു തെങ്ങിൻതോപ്പിലാണ് ചേരമാൻ പെരുമാളിന്റെ ഖബറിടം സ്ഥിതിചെയ്യുന്നത്. ഒരു മലമുകളിൽ പ്രവാചകനായ അയ്യൂബ് നബിയുടെ ഖബറിടവും കാണാം.  
കൃഷിയാണ് ഇവിടത്തുകാരുടെ പ്രധാനവരുമാനമെന്നത് മരുഭൂമിയിലെ മനോഹരകാഴ്ചയാണ്. മലമുകളിലെ ഉറവകളിൽനിന്നുവരുന്ന വെള്ളം ശേഖരിച്ചാണ് കൃഷിചെയ്യുന്നത്. ഐൻ അസ്വം, ഐൻ തബ്‌റൂത്, ഐൻ ദർബാദ്, ഐൻ ഹയൂത്ത് തുടങ്ങിയ അരുവികളും  ഒഴുകുന്നുണ്ട്. 

മത്തനും കുമ്പളവും കയ്പയും കോവക്കയും വെണ്ടയും വിളഞ്ഞുനിൽക്കുന്ന മനോഹരകാഴ്ച കാണുമ്പോൾ കേരളത്തിലെ ഉൾനാടൻ ഗ്രാമത്തിലൂടെയാണോ സഞ്ചരിക്കുന്നതെന്ന് തോന്നിപ്പോകും. ഇവകൂടാതെ  അത്തിയും അനാറും മുന്തിരിയും തുടങ്ങി പല പഴവർഗങ്ങളും ഇവിടെ വിളയും. ഇളനീരും തേങ്ങയും പപ്പായയും പഴവും കരിമ്പും വാഴക്കന്നും വാഴത്തൈയും തെങ്ങിൻതൈയും വരെ ഇവിടെ വാങ്ങാൻകിട്ടും.  മൂന്നു വിഭാഗങ്ങളിൽപെട്ടവരാണ് തദ്ദേശീയരായ അറബികൾ.  നമ്മുടെ നാട്ടിലെ ആദിവാസികളുടെ ജീവിതശൈലിയോട് സാദൃശ്യംപുലർത്തി മണ്ണിന്റെ സ്വന്തം മക്കളെന്നു  വിളിക്കാവുന്ന ജബലികളാണ് ഒരു വിഭാഗം. ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസിന്റെ പിതാവ്, ഒമാനിൽ ജനസംഖ്യ വളരെ കുറവായിരുന്ന സമയത്ത് ആഫ്രിക്കയിൽനിന്ന് കറുത്തവർഗക്കാരായ അടിമകളെ വാങ്ങിക്കൊണ്ടുവരുകയും പിന്നീട് അവരെ സ്വതന്ത്രരാക്കുകയും ചെയ്തിരുന്നു. തുടർന്ന് അവരുടെ കുടുംബങ്ങളും ബന്ധുക്കളും ഒമാനിലേക്ക് കുടിയേറിപ്പാർത്ത് ഒമാനിലെ പൗരത്വം സ്വീകരിച്ചു. ഇത്തരത്തിലെത്തിയ കറുത്തവർഗക്കാരായ അറബികളാണ് രണ്ടാമത്തെ വിഭാഗം. മറ്റുപല നാടുകളിൽനിന്നു കുടിയേറിവരാണ് മൂന്നാംവിഭാഗമായ വെളുത്ത അറബികൾ.

മേന്മനിറഞ്ഞ കുന്തിരിക്കം ലഭിക്കുന്ന സ്ഥലമായ സലാലയ്ക്ക്‌ അറേബ്യയുടെ സുഗന്ധതലസ്ഥാനം എന്ന പേരുമുണ്ട്. ദേശപ്പെരുമയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുള്ളതിനാൽ എത്രവേണമെങ്കിലും കഥകളും കവിതകളും കോരിയെടുക്കാനുണ്ട്.  അറബ് കലകളുടെയും ഒരു സമ്പന്നദേശംകൂടിയാണിത്. സലാലയിൽ സഞ്ചാരികൾക്കായി അറബ് കലകളുടെ വലിയ കാഴ്ചകൾ ഒരുക്കിവെച്ചിട്ടുണ്ട്. 

വാദി ദർബാദ്, മിർബാത്, ഐൻ റസാത്, ജബൽ സംഹാൻ, മുഖ്‌സയിൽ ബീച്ച്, മാഗ്‌നെറ്റിക് പോയന്റ്, ജബൽ അയ്യൂബ്, പക്ഷിക്കൂട് എന്നറിയപ്പെടുന്ന താവി അത്തീർ, പുരാതന നാഗരാവശിഷ്ടങ്ങളായ അൽ ബലീദ് മ്യൂസിയം, ബൗബാബ് വനം ഇവയല്ലാം സലാലയിൽ എത്തുന്ന സഞ്ചാരിയെ കാത്തിരിക്കുന്ന വിസ്മയങ്ങളാണ്. സഞ്ചാരികളെ ആകർഷിക്കുന്ന വലിയൊരു കാന്തശക്തി സലാലയ്ക്കുണ്ട്. ഇവിടം സന്ദർശിച്ച് മടങ്ങിപ്പോയാലും ഓർമ്മകൾ നിങ്ങളെ വീണ്ടും സലാലയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ്. ഗൃഹാതുരതകളിൽ മനസ്സുപിടയുമ്പോൾ മലയാളിൾക്ക് സാന്ത്വനമായും സലാല മാറുന്നുണ്ട്. കേരളത്തിൽ മറന്നുവെച്ചുപോന്നതെല്ലാം സലാലയിലുണ്ട്.