പ്തഭാഷകളുടെ നാടാണ് കേരളത്തിന്റെ വടക്കേയറ്റത്തുള്ള കാസർകോട്. സംസ്ഥാനത്ത് ഏറ്റവും അവസാനം രൂപംകൊണ്ട ജില്ല. കന്നഡയും തുളുവുമെല്ലാം ഈ ജില്ലയിലെ മലയാളിയിൽ കലർന്നിട്ടുണ്ട്. തെക്ക് കണ്ണൂർ ജില്ലയും കിഴക്കും വടക്കും കർണാടകവും പടിഞ്ഞാറ് അറബിക്കടലുമാണ് കാസർകോടിന്റെ അതിർത്തികൾ. ചന്ദ്രഗിരിപ്പുഴ ആ നാടിന്റെ രക്തവാഹിനിയായി അറിയപ്പെടുന്നു. കർണാടകത്തിലെ പ്രധാന കലകളിലൊന്നായ യക്ഷഗാനം കാസർകോട്ടും പ്രധാനമാണ്. 1514-ൽ കാസർകോട് സന്ദർശിച്ച പോർച്ചുഗീസുകാരനായ ബാർബോസ ജില്ലയുടെ വാണിജ്യവുമായി ബന്ധപ്പെട്ട് പരാമർശം നടത്തിയിരുന്നു. 1800-ൽ ഫ്രാൻസിൽനിന്നെത്തിയ ഡോ. ബുക്കാനൻ എന്ന സഞ്ചാരിയും ജില്ലയെ വിശകലനം ചെയ്തതായി രേഖകളുണ്ട്.

To advertise here,

താരതമ്യേന ചെറിയ ജില്ലയായ കാസർകോട് 12 പുഴകളൊഴുകുന്നുണ്ട്. വലിയ പുഴയായ ചന്ദ്രഗിരിപ്പുഴ കർണാടകത്തിലെ കൂർഗിൽനിന്നാണ് ഉദ്ഭവിക്കുന്നത്. ചന്ദ്രഗുപ്തമൗര്യൻ അവസാനകാലം ചെലവഴിച്ചത് കൂർഗിൽ ആയതിനാലാണ് ഈ പുഴ ‘ചന്ദ്രഗിരി’യായതെന്നാണ് വിശ്വാസം. ഷിറിയ, കാര്യങ്കോട്ട്, ഉപ്പള, നീലേശ്വരം, മൊഗ്രാൽ, കവ്വായി, മഞ്ചേശ്വരം, കുമ്പള, ചിത്താരി, കാൽനാട്ടുപുഴ , ബേക്കൽപ്പുഴ എന്നിങ്ങനെ സ്ഥലനാമങ്ങളോടെയാണ് പുഴകളൊഴുകുന്നത്. കുട്ടമത്ത് കവികളായ കുഞ്ഞുണ്ണിക്കുറുപ്പ്, ചെറിയ രാമക്കുറുപ്പ്, കുഞ്ഞമ്പുക്കുറുപ്പ്, കുഞ്ഞിക്കേളുക്കുറുപ്പ്, കുന്നിയൂർ കുഞ്ഞിക്കൃഷ്ണക്കുറുപ്പ് എന്നിവർ ജന്മംകൊണ്ട ജില്ല. മാത്രമല്ല വിദ്വാൻ പി. കേളുനായർ, മഞ്ചേശ്വരം ഗോവിന്ദപൈ, പി. കുഞ്ഞിരാമൻ നായർ, ടി. ഉബൈദ് തുടങ്ങി ‌ഒട്ടേറെ മഹാരഥന്മാർ കാസർകോട്ടുകാരാണ്.

ചരിത്രരേഖകളിലൂടെ

ചന്ദ്രഗിരിയുടെ വടക്കുള്ള ദേശങ്ങളിലാണ് കേരളത്തിൽ ആര്യന്മാരുടെ ആരൂഢമുണ്ടായതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ജില്ലയിൽ നിലനിന്നിരുന്ന ചാലൂക്യന്മാരുടെ സ്വാധീനം രേഖപ്പെടുത്തിയിരിക്കുന്നത് എ.ഡി. 745 മുതൽ 755 വരെ ഭരണം നടത്തിയിരുന്ന കീർത്തിവർമൻ രണ്ടാമൻ എന്ന ചാലൂക്യരാജാവിന്റെ ശിലാലിഖിതത്തിലാണ്. പതിമ്മൂന്നാം നൂറ്റാണ്ടിൽ കാസർകോടിന്റെ ഏതാനും പ്രദേശങ്ങൾ കോലത്തുനാടിന്റെ ഭാഗമായിരുന്നു. പിന്നീട് നീലേശ്വരം, കുമ്പള എന്നിവിടങ്ങളിൽ രാജവാഴ്ച നിലനിന്നു. മായ്പാടി കോവിലകം കുടുംബം കുമ്പള ഭരിച്ചു. ദക്ഷിണേന്ത്യയിൽ വിജയനഗരസാമ്രാജ്യം സ്വാധീനമുറപ്പിച്ചപ്പോൾ കുമ്പളയും ആ സാമ്രാജ്യത്തിന്റെ ഭാഗമായി. ബ്രിട്ടീഷുകാർ വന്നതോടുകൂടിയാണ് രാജവംശത്തിന്റെ അധീനത കാസർകോട് ഇല്ലാതായത്. ഇപ്പോഴത്തെ ഹോസ്ദുർഗ് പ്രദേശങ്ങളിൽ നീലേശ്വരം രാജവംശമായിരുന്നു ഭരിച്ചിരുന്നത്. പിന്നീട് ഇക്കേരി നായിക്കന്മാർ നീലേശ്വരം ആക്രമിച്ച് കീഴടക്കി. ടിപ്പുസുൽത്താൻ മലബാർ കീഴടക്കിയതോടെ കാസർകോട് അദ്ദേഹത്തിന്റെ കീഴിലായി. ടിപ്പുവിന്റെ മരണത്തോടെയാണ് കാസർകോട് ഉൾപ്പെടുന്ന തുളുനാട് ബ്രിട്ടീഷുകാർക്ക് ലഭിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ കന്നഡജില്ലയിലെ ബേക്കൽ താലൂക്കായിരുന്നു കാസർകോട്. അതുവരെ ബോംബെ പ്രസിഡൻസിയിലായിരുന്ന ഈ ജില്ല തുടർന്ന് മദ്രാസ് പ്രസിഡൻസിയിൽ ഉൾപ്പെട്ടു. പിന്നീട് കാസർകോട് താലൂക്ക് രൂപവത്കരിക്കുകയും കേരളപ്പിറവിയോടെ മലയാളക്കരയുടെ ഭാഗമാവുകയും ചെയ്തു. 1984 മേയ് 24-നാണ് കാസർകോട് ജില്ല രൂപവത്കരിച്ചത്.

മടിക്കൈ എന്ന വിപ്ലവഗ്രാമം

കാസർകോടിൻറ ചരിത്രത്തിൽ നിർണായക സ്വാധീനമുള്ള പ്രദേശമാണ് മടിക്കൈ. കർഷക - കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ പേരുകേട്ട സ്ഥലം. കേരളത്തിൽ ജന്മിത്തം അവസാനിക്കുന്നതിനും 20 വർഷം മുൻപുതന്നെ സംഘടിത പോരാട്ടങ്ങളിലൂടെ ജന്മിത്തം ഇല്ലാതായ പഞ്ചായത്താണ് മടിക്കൈ. ഭൂമിയുടെ കൈവശക്കാരായ കർഷകർ ജന്മിക്ക് വാരം നൽകണമെന്ന ശാസനയും മടിക്കൈ തെറ്റിക്കുകയായിരുന്നു. 1936-ൽ മടിക്കൈയിൽ കർഷകസംഘം രൂപവത്കരിച്ചു. നീലേശ്വരത്ത് കർഷകസംഘത്തിന്റെ വരവറിയിച്ച് ആയിരക്കണക്കിനാളുകൾ അണിനിരന്ന കർഷകമാർച്ച് കേരളചരിത്രത്തിൽ രേഖപ്പെടുത്തിയതാണ്. കർഷകസംഘത്തിന്റെ താലൂക്ക് സെക്രട്ടറിയായിരുന്ന കെ. മാധവൻ അടക്കമുള്ളവരുടെ ഉശിരുള്ള പോരാട്ടമാണ് ഇന്നുകാണുന്ന മടിക്കൈയുടെ ചുവപ്പെന്നുപറയാം. ഇന്ത്യയിൽ ഏറ്റവുംകൂടുതൽ അംഗത്വമുള്ള കർഷകസംഘം പ്രാദേശിക കമ്മിറ്റിയായി 1945-ൽ അഖിലേന്ത്യാ കിസാൻസഭ തിരഞ്ഞെടുത്ത പഞ്ചായത്തുകൂടിയാണിത്. പിണറായിയിലെ പാറപ്രത്ത് കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാവുന്നതിനും മുൻപുതന്നെ മടിക്കൈ അടക്കമുള്ള പ്രദേശങ്ങളിൽ പാർട്ടി വേരുറപ്പിച്ചിരുന്നു. ദേശീയപ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളുടെ നേതൃത്വവും മടിക്കൈ അടക്കമുള്ള പ്രദേശങ്ങളിൽ ഉപരിവർഗമേൽക്കോയ്മയും ചൂഷണവും ഇല്ലാതെയായി. 1940-കളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങളിൽ മടിക്കൈകൂടി ഉൾപ്പെട്ടു. അങ്ങിനെ ചരിത്രത്തിൽ ഈ നാട് പോരാട്ടങ്ങളുടെ വിജയഭൂമികയായി മാറി.

മടിക്കൈയുടെ കലകൾ

കർണാടകത്തിൽ പേരുകേട്ട യക്ഷഗാനം പുതിയരീതിയിൽ മടിക്കൈ നാടൻ കലാസംഘം യു.എ.ഇ.യിൽ അവതരിപ്പിച്ചിട്ടുണ്ട്. യക്ഷഗാനം മലയാളത്തിലാക്കിക്കൊണ്ട് പ്രാധാന്യവും തനിമയും ചോർന്നുപോകാതെ അവതരിപ്പിക്കുകയാണിവർ. യക്ഷഗാനത്തിലെ ഭസ്മാസുരമോഹിനി എന്ന ഭാഗമായിരുന്നു അവതരിപ്പിച്ചത്. 400 വർഷം പഴക്കമുള്ള ഒരു കന്നഡ കലാരൂപത്തെ മലയാളത്തിലേക്ക് കൊണ്ടുവന്ന് യു.എ.ഇ.യിൽ അവതരിപ്പിക്കുക ചെറിയ കാര്യമല്ല. സച്ചിൻ മടിക്കൈ കോഡിനേറ്റർ ആയാണ്  മടിക്കൈ നാടൻ കലാസംഘം മിക്ക കലകളും അരങ്ങിലെത്തിച്ചത്. മാതൃഭൂമിയുടെ നൂറാംവാർഷികം പ്രമാണിച്ച് ഷാർജയിൽ സംഘടിപ്പിച്ച കവി വി. മധുസൂദനൻ നായരുടെ പ്രഭാഷണവേദിയിലും മടിക്കൈ നാടൻകലാസംഘം പരിപാടികൾ അവതരിപ്പിച്ച് കൈയടി നേടിയിരുന്നു. ‘കൊരമ്പ ആട്ടം’ എന്നപേരിൽ കാർഷിക സംസ്‌കൃതിയുടെ പൊലിപ്പാട്ടായും അവർ വേദികളിൽ അവതരിപ്പിക്കുന്നുണ്ട്. ഒരു ജനത എങ്ങിനെ ഇന്നുകാണുന്ന മണ്ണ് രൂപപ്പെടുത്തിയെന്ന് ഈ കല ബോധ്യപ്പെടുത്തുന്നു.  

ചങ്ങനും പൊങ്ങനും

തെയ്യങ്ങളുടെ ദേശപ്പെരുമ വിളിച്ചറിയിക്കുന്നതാണ് ‘ചങ്ങനും പൊങ്ങനും’ എന്ന കലാരൂപം. ഉത്തരകേരളത്തിലെ കാവുകളിൽ ഇവ പ്രസിദ്ധമാണ്. ഭക്തരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ കോലങ്ങളുടെ കർത്തവ്യം. അബദ്ധങ്ങൾ പറയുകയും എന്നാൽ പുരാണങ്ങളടക്കം ചർച്ചചെയ്യുകയുമാണ് ചങ്ങനും പൊങ്ങനും ചെയ്യുന്നത്. മലബാറിലെ മുച്ചിലോട്ടുകാവുകളിലടക്കം ചങ്ങനും പൊങ്ങനും കോലങ്ങളുണ്ട്, അവയാണ് തന്മയത്വത്തോടെ മടിക്കൈ കലാപ്രവർത്തകർ യു.എ.ഇ.യിൽ അവതരിപ്പിക്കുന്നത്. 

നാട്ടുപൊലിമ എന്നപേരിൽ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന, എന്നാൽ ഏറെ സാഹസികത നിറഞ്ഞ വടിനൃത്തം, മുടിയാട്ടം എന്നിവയെല്ലാം പ്രവാസികൾക്ക് പരിചിതമാക്കിയതും മടിക്കൈ നാടൻ കലാസംഘം തന്നെ. കേരളത്തിൽ പഴയകാലത്തത് കാളീക്ഷേത്രങ്ങൾക്ക് സമീപത്തായി യുവതികളും ഋതുമതികളായ കന്യകമാരുംചേർന്ന് മുടിയഴിച്ചിട്ട് ഇരുവശത്തേക്കുമാടി അവതരിപ്പിക്കുന്ന നൃത്തരൂപമാണ് മുടിയാട്ടം. തലയാട്ടം, നീലിയാട്ടം എന്നും മുടിയാട്ടം ഓരോ പ്രദേശത്തെ അടിസ്ഥാനമാക്കി അറിയപ്പെടാറുണ്ട്. തപ്പ്, ചെണ്ട, കടുംതുടി, കൈമണി എന്നിവയും ഉപയോഗിച്ച് പാട്ടിനൊപ്പം നൃത്തമാടുന്ന മുടിയാട്ടം പല പ്രവാസികൾക്കും പുതിയ അനുഭവമാണ്. 2013-ൽ തന്നെ മടിക്കൈ പ്രവാസി അസോസിയേഷൻ പ്രവർത്തകർ മുടിയാട്ടം വേദികളിൽ അവതരിപ്പിച്ചുതുടങ്ങി. രത്നാകരൻ മടിക്കൈ ആയിരുന്നു മുടിയാട്ടത്തിന്റെ പരിശീലകൻ. അനന്തൻ എന്ന നാഗപുരുഷനിൽ അലിഞ്ഞുചേർന്ന അഗ്നിഭദ്രയുടെ കഥ ഓർമ്മിപ്പിക്കുന്ന അഗ്നിഭദ്രകാളി നൃത്തവും മടിക്കൈ സംഘംത്തിന്റെ അവതരണങ്ങളിൽ പ്രധാനമാണ്.

കാളി ദാരികവധം

മടിക്കൈ നാടൻകലാസംഘം കാലങ്ങളായി അവതരിപ്പിക്കുന്നതാണ് പുരാണങ്ങളിലെ ദാരികനിഗ്രഹ കഥ പശ്ചാത്തലമാക്കിയുള്ള കാളിദാരിക വധം. ലിംഗപുരാണത്തിലാണ് സ്ത്രീകളെ അപമാനിക്കുകയും അഹങ്കാരിയുമായ ദാരികൻ എന്ന അസുരചക്രവർത്തിയെ പരാമർശിച്ചിട്ടുള്ളത്. അമരത്വം നേടിയ ദാരികന്റെ അഹങ്കാരം ശമിപ്പിക്കാൻ അവതരിച്ചതാണ് ശ്രീഭദ്രകാളി. പരമശിവന്റെ തൃക്കണ്ണിൽനിന്നുള്ള അഗ്നിയിൽ അവതരിച്ച ഭദ്രകാളി പാർവതിയുടെകൂടി സഹായത്താൽ ദാരികനെ വധിച്ച് ലോകത്തിനു മംഗളം നേരുന്ന കഥയാണ് പ്രവാസലോകത്ത് അവതരിപ്പിക്കുന്നത്. ഇതിൽ കാളിയായി സച്ചിനും ദാരികനായി സുമേഷ്, പ്രഭാകരൻ എന്നിവരും വേദികളിൽ വേഷമിട്ടു.

അലാമിക്കളി

കാസർകോട്ടും കർണാടകത്തിന്റെ ചിലഭാഗങ്ങളിലും കണ്ടുവരുന്ന ‘അലാമിക്കളി’യും നാടൻകലകളിൽ ഉൾപ്പെടുത്തിക്കൊണ്ട് മടിക്കൈ സംഘം അവതരിപ്പിക്കുന്നുണ്ട്. കാഞ്ഞങ്ങാട് അലാമിപ്പള്ളി എന്ന സ്ഥലത്താണ് അലാമിക്കളി പ്രധാനമായും അരങ്ങേറിയിരുന്നത്. ഹിന്ദുസ്ഥാനി ഭാഷ സംസാരിക്കുന്ന ഹനഫി എന്ന മുസ്‌ലിം വിഭാഗമാണ് മതസൗഹാർദം ഓർമ്മിപ്പിക്കുന്ന ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്. അവയുടെ ചരിത്രം പഠിച്ചുകൊണ്ടാണ് മടിക്കൈ നാടൻ കലാസംഘം അലാമിക്കളി യു.എ.ഇ.യിൽ എത്തിച്ചത്. കൂടാതെ പൊട്ടൻതെയ്യം, ഗുളികൻ, ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങളും വേദികളിൽ അവതരിപ്പിക്കുന്നുണ്ട്. തെയ്യങ്ങളെ അതേപടി അവതരിപ്പിക്കാൻ അനുവാദമുണ്ടാകാറില്ല. എന്നാൽ, ചടങ്ങുകളും ചുവടുകളും ഏറെക്കുറെ വേഷഭൂഷാദികളും തെയ്യങ്ങളുടേതെന്ന് തോന്നിപ്പിക്കാൻ സാധിക്കാറുണ്ട്. തോറ്റങ്ങളും മേളങ്ങളും തെയ്യത്തിന് സമാനംതന്നെ.

തലയിൽ തീയേറ്റിയ നൃത്തരൂപങ്ങളും മടിക്കൈ സംഘത്തിലെ സ്ത്രീകളടക്കം അവതരിപ്പിക്കാറുണ്ട്. സദസ്സിന് ഭയവും ആകാംക്ഷയും ഒപ്പം ആസ്വാദനവും നൽകാൻ ഒന്നിനൊന്നുവേറിട്ട കലാരൂപങ്ങളാൽ മടിക്കൈ നാടൻകലാസംഘം പ്രവർത്തകർക്ക് സാധിക്കുന്നു. അതിനാൽ നിന്നുതിരിയാൻ കഴിയാത്തത്ര വേദികൾ അവർക്ക് ലഭിക്കുന്നുണ്ട്. ജോലികഴിഞ്ഞ സമയങ്ങളിലാണ് കഠിനമായ പരിശീലനങ്ങളും പഠനങ്ങളും പൂർത്തിയാക്കി പ്രവർത്തകർ വേദികളിലെത്തുന്നത്. ചന്ദ്രൻ കട്ടാംപ്പള്ളി, നന്ദകുമാർ, ശരത്, അനഘ ശരത്, മധു, ധന്യ മധു, സീമാ ഗോപാലകൃഷ്ണൻ, ശുഭാ സുരേഷ്, ലേഖാ രാജൻ, നിനിഷാ പുഷ്പരാജൻ, രജിതാ അശോകൻ, ശ്രുതി മധു, ദീപിക രതീഷ്, ദീപാ ശ്രീധരൻ, ശ്രുതി ബബീഷ്  എന്നിങ്ങനെ ഒട്ടേറെ കലാപ്രവർത്തകരാണ് മടിക്കൈ നാടൻ കലാസംഘത്തിന്റെ ജീവനാഡികളായി പ്രവർത്തിക്കുന്നത്. അമൃതരാജ്, ഗോപിക പുഷ്പരാജൻ, മയുഖ മധു, ശ്രീലക്ഷ്മി ശ്രീധരൻ, ഋതിക പുഷ്പരാജൻ, മെഹുൽ സുമേഷ്, അദ്വൈത് രാജ്, മണിശിഖ മധു തുടങ്ങിയ കുട്ടികളും സംഘത്തിൽ സജീവമാണ്.

പ്രവാസത്തിലെ മടിക്കൈ
അറബിപ്പൊന്നുതേടിയുള്ള ഗള്‍ഫെന്ന മണ്ണിലേക്ക് മലയാളികളുടെ വരവുതുടങ്ങിയിട്ട് 70 വര്‍ഷത്തോളമായി.  ബേപ്പൂരും ചവറയും ചാവക്കാടും നീലേശ്വരവും ബേക്കലുമെല്ലാം ആദ്യകാല പ്രവാസങ്ങള്‍ക്ക് കടല്‍വഴിയൊരുക്കി. മടിക്കൈ പഞ്ചായത്തില്‍ നിന്നും മെച്ചപ്പെട്ട ജീവിതംതേടി യു.എ.ഇ. യിലേക്കും ആളുകള്‍ എത്താന്‍തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അങ്ങിനെയാണ് മടിക്കൈ സ്വദേശികള്‍ ചേര്‍ന്ന്  10 വര്‍ഷം മുന്‍പ് ഷാര്‍ജയില്‍ മടിക്കൈ പ്രവാസി അസോസിയേഷന് രൂപംകൊടുത്തത്. പതിവ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുപരി സാംസ്‌കാരിക സവിശേഷതകള്‍ കൂടി വേണമെന്ന ചിന്തയില്‍ 2017  - ല്‍ കലാപ്രവര്‍ത്തനങ്ങള്‍ക്കുമാത്രമായി 'മടിക്കൈ നാടന്‍കലാസംഘം' രൂപവത്കരിച്ചത്. സുമേഷ് വടക്കംത്തോട്ടം, സച്ചിന്‍ മടിക്കൈ, അശോകന്‍ മഞ്ഞ, മധു ആറ്റിപ്പില്‍ എന്നിവരായിരുന്നു ആദ്യത്തെ ഭാരവാഹികള്‍. സ്വന്തം നാടുപോലും മറന്നുപോയ നാടന്‍കലകളെ പ്രവാസഭൂമികയിലേക്ക് കൊണ്ടുവരികയായിരുന്നു മടിക്കൈ നാടന്‍കലാസംഘം. അതില്‍ അവര്‍ പൂര്‍ണമായും വിജയിച്ചെന്നുപറയാം. 

കാരണം യു.എ.ഇ. യില്‍ ഒട്ടേറെ വേദികളില്‍ കാസര്‍കോടിന്റെ അനുഷ്ഠാന കലകളെ പരിചയപ്പെടുത്താന്‍ ഈ കലാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. അതിനുപിന്നില്‍ ഏറെ ബുദ്ധിമുട്ടും സാമ്പത്തിക ബാധ്യതയും അവര്‍ക്കുണ്ടായെങ്കിലും മണ്ണിന്റെ മണമുള്ള കലകളെ വിസ്മൃതിയിലേക്ക് തള്ളാന്‍ അവര്‍ ഒരുക്കമല്ല.

മലയാളത്തിന്റെ ഫോക്‌ലോർ

ഇരുപതാംനൂറ്റാണ്ടിൽ പാശ്ചാത്യനാടുകളിൽ ഉദയംകൊണ്ട സുപ്രധാന വൈജ്ഞാനിക മേഖലയായിരുന്നു ഫോക്‌ലോർ. ഇന്ത്യയിൽ ആദ്യമായി ഫോക്‌ലോർ പഠനവിഷയമാക്കിയത് 1972-ൽ മൈസൂർ യൂണിവേഴ്സിറ്റിയിലാണ്. എന്നാൽ കേരളത്തിൽ ഫോക്‌ലോർ പഠനം വേണ്ടത്ര പരിപോഷിപ്പിക്കാൻ നടപടികൾ കാര്യമായി സ്വീകരിക്കുന്നില്ലെന്നത് യാഥാർഥ്യമാണ്. അത്തരം സാഹചര്യത്തിലാണ് കേരളത്തിന്റെ വടക്കേയറ്റത്തുനിന്നുവന്ന ഒരുകൂട്ടം ആളുകൾചേർന്ന് ഒരു പുതിയ കലാസംസ്‌കൃതി രൂപപ്പെടുത്തി വേദികളിലെത്തിക്കുന്നത്. 

ഏതൊരു നാടൻകലയ്ക്കും കൃത്യമായി കർത്താക്കളില്ല.  ചിലരുടെ പേരുകളിൽ അറിയപ്പെടുന്നുവെന്നുമാത്രം. കെട്ടിയുണ്ടാക്കിയ കഥയും ചൊല്ലുകളും പുതിയരീതിയിൽ ആവിഷ്‌കരിക്കുകയാണ്. 

ഉത്തരകേരളത്തിലെ തോറ്റംപാട്ടുകൾ പ്രസിദ്ധമാണ്. 200 വർഷംമുൻപ് ജീവിച്ചിരുന്ന മണക്കാടൻ ഗുരുക്കളാണ് മിക്ക തോറ്റംപാട്ടുകളും രൂപപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. ഇവയൊക്കെയും കേരളത്തിന്റെ നാടോടിപാരമ്പര്യങ്ങളുടെ ഭാഗമായിമാറിക്കഴിഞ്ഞു.  സമൃദ്ധമായ വിളവിനും മഴയോ വെയിലോ വർഷപാതമോ സൂര്യതാപമോ ലഭിക്കാനും സാധാരണക്കാരുടെ പ്രാർഥനകളായി നാടൻപാട്ടുകളും കലകളും ഉണ്ടായതാവാം. ഒരു ജനതയുടെ അനുഷ്ഠാനമായി പിൽക്കാലത്ത് അവ രൂപാന്തരം പ്രാപിച്ചു.
പ്രാകൃതമനുഷ്യരുടെ നൃത്തങ്ങൾ വിനോദത്തിന്റെ ഭാഗമായല്ല ജീവിതാവശ്യമായിരുന്നുവെന്നാണ് നാടൻ കലാഗവേഷകർ വിലയിരുത്തുന്നത്. നൃത്തം അവർക്ക് ദൈവങ്ങളുമായി സംവദിക്കാനുള്ള ഉപാധികൂടിയാണ്. തെയ്യങ്ങൾ വടക്കേമലബാറിൽ അങ്ങിനെയാണ് ഉണ്ടായതെന്ന് അനുമാനിക്കാം. കീഴാളരുടെ പ്രതിഷേധവും വേദനയും പോരാട്ടങ്ങളുമാണ് നാടൻ കലകൾ ഓർമ്മിപ്പിക്കുന്നത്. അങ്ങിനെ ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത ഒരു കാലത്തിന്റെ വേദനയാണ് മടിക്കൈ പ്രവാസി കലാപ്രവർത്തകരും പങ്കുവെക്കുന്നത്.  അജ്ഞാത കർത്തൃകതയിൽനിന്നാണ് മടിക്കൈയിലെ ഈ കലാപ്രവർത്തകർ ‘കാളിദാരിക വധ’വും ‘മുടിയാട്ട’വും ‘അഗ്നിഭദ്ര’ ‘കൊരമ്പുനൃത്ത’വും ‘ചങ്ങനും പൊങ്ങനു’ മെല്ലാം പ്രവാസവേദികളിൽ അവതരിപ്പിക്കുന്നത്. പറഞ്ഞുപറഞ്ഞ് പഴക്കംവന്ന വാമൊഴികളും വരമൊഴികളും ആശ്രയമാക്കുകയാണവർ. ഉപാധികളില്ലാതെ ഒരു പാരമ്പര്യത്തെ അവർ തിരിച്ചുപിടിക്കുന്നു. അക്ഷരാഭ്യാസമില്ലാത്ത ഒരു സമൂഹം പണ്ടെങ്ങോ പാടിയും പറഞ്ഞുമാണ് ഇന്നത്തെ നാടൻ കലകളെ സൃഷ്ടിച്ചത്.

ഇരുപതാംനൂറ്റാണ്ടിൽ പാശ്ചാത്യനാടുകളിൽ ഉദയംകൊണ്ട സുപ്രധാന വൈജ്ഞാനിക മേഖലയായിരുന്നു ഫോക്‌ലോർ. ഇന്ത്യയിൽ ആദ്യമായി ഫോക്‌ലോർ പഠനവിഷയമാക്കിയത് 1972-ൽ മൈസൂർ യൂണിവേഴ്സിറ്റിയിലാണ്. എന്നാൽ കേരളത്തിൽ ഫോക്‌ലോർ പഠനം വേണ്ടത്ര പരിപോഷിപ്പിക്കാൻ നടപടികൾ കാര്യമായി സ്വീകരിക്കുന്നില്ലെന്നത് യാഥാർഥ്യമാണ്. അത്തരം സാഹചര്യത്തിലാണ് കേരളത്തിന്റെ വടക്കേയറ്റത്തുനിന്നുവന്ന ഒരുകൂട്ടം ആളുകൾചേർന്ന് ഒരു പുതിയ കലാസംസ്‌കൃതി രൂപപ്പെടുത്തി വേദികളിലെത്തിക്കുന്നത്. ഏതൊരു നാടൻകലയ്ക്കും കൃത്യമായി കർത്താക്കളില്ല.  ചിലരുടെ പേരുകളിൽ അറിയപ്പെടുന്നുവെന്നുമാത്രം. കെട്ടിയുണ്ടാക്കിയ കഥയും ചൊല്ലുകളും പുതിയരീതിയിൽ ആവിഷ്‌കരിക്കുകയാണ്. 

ഉത്തരകേരളത്തിലെ തോറ്റംപാട്ടുകൾ പ്രസിദ്ധമാണ്. 200 വർഷംമുൻപ് ജീവിച്ചിരുന്ന മണക്കാടൻ ഗുരുക്കളാണ് മിക്ക തോറ്റംപാട്ടുകളും രൂപപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. ഇവയൊക്കെയും കേരളത്തിന്റെ നാടോടിപാരമ്പര്യങ്ങളുടെ ഭാഗമായിമാറിക്കഴിഞ്ഞു.  സമൃദ്ധമായ വിളവിനും മഴയോ വെയിലോ വർഷപാതമോ സൂര്യതാപമോ ലഭിക്കാനും സാധാരണക്കാരുടെ പ്രാർഥനകളായി നാടൻപാട്ടുകളും കലകളും ഉണ്ടായതാവാം. ഒരു ജനതയുടെ അനുഷ്ഠാനമായി പിൽക്കാലത്ത് അവ രൂപാന്തരം പ്രാപിച്ചു.
പ്രാകൃതമനുഷ്യരുടെ നൃത്തങ്ങൾ വിനോദത്തിന്റെ ഭാഗമായല്ല ജീവിതാവശ്യമായിരുന്നുവെന്നാണ് നാടൻ കലാഗവേഷകർ വിലയിരുത്തുന്നത്. നൃത്തം അവർക്ക് ദൈവങ്ങളുമായി സംവദിക്കാനുള്ള ഉപാധികൂടിയാണ്. തെയ്യങ്ങൾ വടക്കേമലബാറിൽ അങ്ങിനെയാണ് ഉണ്ടായതെന്ന് അനുമാനിക്കാം. കീഴാളരുടെ പ്രതിഷേധവും വേദനയും പോരാട്ടങ്ങളുമാണ് നാടൻ കലകൾ ഓർമ്മിപ്പിക്കുന്നത്. അങ്ങിനെ ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത ഒരു കാലത്തിന്റെ വേദനയാണ് മടിക്കൈ പ്രവാസി കലാപ്രവർത്തകരും പങ്കുവെക്കുന്നത്.  അജ്ഞാത കർത്തൃകതയിൽനിന്നാണ് മടിക്കൈയിലെ ഈ കലാപ്രവർത്തകർ ‘കാളിദാരിക വധ’വും ‘മുടിയാട്ട’വും ‘അഗ്നിഭദ്ര’ ‘കൊരമ്പുനൃത്ത’വും ‘ചങ്ങനും പൊങ്ങനു’ മെല്ലാം പ്രവാസവേദികളിൽ അവതരിപ്പിക്കുന്നത്. പറഞ്ഞുപറഞ്ഞ് പഴക്കംവന്ന വാമൊഴികളും വരമൊഴികളും ആശ്രയമാക്കുകയാണവർ. ഉപാധികളില്ലാതെ ഒരു പാരമ്പര്യത്തെ അവർ തിരിച്ചുപിടിക്കുന്നു. അക്ഷരാഭ്യാസമില്ലാത്ത ഒരു സമൂഹം പണ്ടെങ്ങോ പാടിയും പറഞ്ഞുമാണ് ഇന്നത്തെ നാടൻ കലകളെ സൃഷ്ടിച്ചത്.