
പ്ലാസ്റ്റിക് മാലിന്യവും അതുണ്ടാക്കുന്ന പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങളും ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളാണ്. പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കിക്കൊണ്ട് ലോകത്തിന് മുന്നോട്ടുള്ള യാത്രയും ചിന്തിക്കാനാവില്ല. എന്നാൽ പ്ലാസ്റ്റിക് മാലിന്യത്തിന്റെ പുനഃചംക്രമണം പുതിയ സാധ്യതകൾകൂടി തുറന്നിടുംവിധത്തിലുള്ളതായാലോ. നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി യു.എ.ഇ. നടത്തുന്ന വിപ്ലവകരമായ ചുവടുവെപ്പുകൾ ലോകത്തിനുതന്നെ മാതൃകയാകുംവിധത്തിലുള്ളതാണ്.
ലോകക്രമവും ജനജീവിതവും സുഖകരമാക്കുന്നതിൽ പ്ലാസ്റ്റിക് വലിയ മാറ്റംവരുത്തിയ തുടക്കകാലഘട്ടം. 1950 കളുടെ തുടക്കം. 23 ലക്ഷം ടൺ പ്ലാസ്റ്റിക് മാത്രം ഉത്പാദിപ്പിക്കപ്പെട്ടിരുന്ന കാലം. നിത്യോപയോഗത്തിന് പുനരുപയോഗസാധ്യതകൾ മാത്രമുണ്ടായിരുന്ന മണ്ണ്, മരം, തുകൽ തുടങ്ങിയവയെല്ലാംകൊണ്ടുള്ള ഉത്പന്നങ്ങൾക്കു പകരമായി പ്ലാസ്റ്റിക്‌കൊണ്ടുള്ളവ എത്തിത്തുടങ്ങി. പതിയെ പ്ലാസ്റ്റിക് ഇല്ലാതെ ജനജീവിതം മുന്നോട്ടുപോകുക സാധ്യമാകില്ലെന്ന് തിരിച്ചറിഞ്ഞ കാലഘട്ടം. ഇതെല്ലാംതാണ്ടി ഇന്ന് പ്ലാസ്റ്റിക് മാലിന്യം വരുത്തിവെക്കുന്ന വെല്ലുവിളികൾ ജീവിതത്തെ നേരിട്ട് ബാധിച്ചുതുടങ്ങിയപ്പോഴാണ് ലോകംമുഴുവൻ ജാഗ്രതയോടെ വഴികൾ തേടിത്തുടങ്ങിയത്. അപ്പോഴേക്കും 23 ലക്ഷം ടൺ എന്ന ഉത്പാദനനിരക്കിൽനിന്നും 45 കോടി ടൺ എന്ന നിലയിലേക്ക് പ്ലാസ്റ്റിക് നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു.
പുനഃചംക്രമണനിരക്ക് ഉയർത്തുക, പരമാവധി അത് പ്രകൃതിയെ ബുദ്ധിമുട്ടിക്കാത്തവിധത്തിൽ ആക്കിത്തീർക്കുക എന്നതാണ് ലോകം ഇതിന് അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രതിവിധി. എന്നാൽ അതത്ര എളുപ്പമല്ല. ആ സാഹചര്യത്തിലാണ് നിർമിതബുദ്ധിയിലൂടെ യു.എ.ഇ. നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധയാകർഷിക്കുന്നത്.
അബുദാബി ഖലീഫ യൂണിവേഴ്സിറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘സൈക്കിൾഡ് ടെക്നോളജീസ്’ എന്ന സ്ഥാപനമാണ് നവീനാശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്. മസ്ദാർ ഇൻസ്റ്റിറ്റ്യൂട്ട് ഫീൽഡ് സ്റ്റേഷനിൽ പുരോഗമിക്കുന്ന പദ്ധതി നിർമിതബുദ്ധിയുടെ സഹായത്താൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് പുനഃചംക്രമണംനടത്തുന്ന രീതിയായാണ് അവലംബിച്ചിരിക്കുന്നത്. നവീന ക്യാമറകളും തരംതിരിക്കൽ സംവിധാനവുമുപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യം സ്വയം വേർതിരിക്കുന്ന മെഷീനാണിത്.
പ്ലാസ്റ്റിക് ഇനങ്ങളുടെ പ്രത്യേകതകൾ സ്വയം മനസിലാക്കുന്ന മെഷീൻ ഓരോന്നും വെവ്വേറെരീതിയിൽ സംസ്കരിക്കും. വെള്ളക്കുപ്പികളും ഭക്ഷണംപൊതിയാനുപയോഗിക്കുന്ന കണ്ടെയ്‌നറുകളും പ്ലാസ്റ്റിക് പാത്രങ്ങളുമെല്ലാം നിർമിക്കാനുപയോഗിക്കുന്ന പോളിപ്രൊപ്പലീൻ അഥവാ (പി.പി.), ഷാംപൂ ബോട്ടിലുകൾക്ക് സമാനമായവ നിർമിക്കാൻ ഉപയോഗിക്കുന്ന കട്ടികൂടിയ ഇനം പ്ലാസ്റ്റിക് ഹൈ ഡെൻസിറ്റി പോളിത്തീൻ, മറ്റൊരു വകഭേദമായ പോളിത്തീൻ തെറഫ്തലീത് എന്നിവയെല്ലാം മെഷീൻ തിരിച്ചറിഞ്ഞ് കൺവെയർ ബെൽറ്റിലൂടെ സംസ്കരണസംവിധാനങ്ങളിലേക്ക് നീക്കും.
ചെലവുകുറഞ്ഞരീതിയിലാണ് ഇതിന്റെ പ്രവർത്തനമെന്നതാണ് ഏറ്റവുംവലിയ പ്രത്യേകത. ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും ഫ്ലാറ്റ് സമുച്ചയങ്ങളിലും എളുപ്പത്തിൽ സ്ഥാപിക്കാവുന്നതും സുഖകരമായി ഉപയോഗപ്പെടുത്താവുന്നതുമാണ് ഇതെന്ന് സൈക്കിൾഡ് ടെക്നോളജീസ് ഉപസ്ഥാപകൻ ഡോ. അയോല ബ്രിമോ അവകാശപ്പെടുന്നു. വലിയ വ്യവസായകേന്ദ്രങ്ങളിൽ മുൻപ് പരീക്ഷിച്ചു വിജയിച്ച സംവിധാനംതന്നെയാണ് ഇതെങ്കിലും സാധാരണജനങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാകുംവിധം ചെലവുകുറഞ്ഞ രീതിയിലേക്ക് ഇതിനെ അവതരിപ്പിക്കാൻ ഇതുവരേക്കും കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ പുതിയ മെഷീൻ സംവിധാനം അത്തരം സാധ്യതകൾ തുറന്നിടുന്നതായും അദ്ദേഹം പറഞ്ഞു. പ്രാരംഭഘട്ട പ്രവർത്തനങ്ങളിൽ നൂറുശതമാനം വിജയമാണിത്.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും ഇല്ലാതാക്കാൻ രാജ്യത്തെ എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും മുൻപന്തിയിലുണ്ട്. സർക്കാർതലത്തിൽ മിഷൻ ടു സീറോ ചലഞ്ച് പദ്ധതിയും പ്രവർത്തിക്കുന്നുണ്ട്. എല്ലാ എമിറേറ്റുകൾ കേന്ദ്രീകരിച്ചും പ്രത്യേകം പദ്ധതികളാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി സുപ്രധാനനേട്ടവും രാജ്യം ഇതിനകം കൈവരിച്ചുകഴിഞ്ഞു. അധികം താമസിയാതെ പൂർണമായും പ്ലാസ്റ്റിക് മുക്ത യു.എ.ഇ. എന്ന ഭരണാധികാരികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് ഉറപ്പാണ്.
യു.എസിലെമാത്രം കണക്കുകളെടുത്താൽ ഒരുവർഷം 221 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ഒരുവ്യക്തിയുടെ ഉപയോഗത്തിൽനിന്നുമാത്രം സൃഷ്ടിക്കപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. ഇത്തരത്തിൽ ഓരോനാടുകളിലെയും വ്യക്തിഗത പ്ലാസ്റ്റിക് മാലിന്യനിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ അബുദാബിയിലെ പുതിയപദ്ധതി ലോകത്തിനുതന്നെ മുതൽക്കൂട്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.
Content Highlights: gulffeature
Published: 22 Jun 2024, 12:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented