
ലോകസഞ്ചാരികള്‍ക്ക് പുതുമയുള്ള കൗതുകക്കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച് എന്നും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് യു.എ.ഇ. മാറുന്ന ലോകഗതിക്കൊപ്പം അതിവേഗം എളുപ്പം സഞ്ചരിക്കാനുള്ള കഴിവാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ചതെന്തും യു.എ.ഇ.യിലുണ്ടാവണം എന്ന ആശയത്തിലാണ് ഈ നാട്ടിലെ ഓരോ പ്രവര്‍ത്തനങ്ങളും. വിനോദസഞ്ചാര രംഗത്തായാലും മറ്റേത് വികസനരംഗത്തായാലും മുന്നോട്ടുവെക്കുന്ന ഇത്തരം കാര്യങ്ങള്‍ ഈ നാടിനെ ലോകത്തിന്റെതന്നെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നു. അതിവേഗം വളരുന്ന ദുബായ് നഗരത്തിന്റെ കാഴ്ചകള്‍ കാണാനായിമാത്രം ഇവിടേക്ക് വന്നെത്തുന്ന ആഗോള വിനോദ സഞ്ചാരികളുടെ കണക്കുകള്‍ അതിശയിപ്പിക്കുന്നതാണ്. ഇപ്പോള്‍ വിനോദമേഖലയിലെ പുതുമയുള്ള ഒരു ആശയത്തിന്റെ ചുവടുപറ്റിയുള്ള യാത്രയിലാണ് ഈ നാട്ടിലെ ഹോട്ടലുകള്‍.
തിരക്കിട്ട ജീവിതം സമ്മാനിക്കുന്ന അസ്വസ്ഥതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പതിവാകുന്ന ഒരു കാലത്തിലൂടെയാണ് ലോകം ഇന്ന് സഞ്ചരിക്കുന്നത്. ജോലി കഴിഞ്ഞ് സ്വസ്ഥമായ ഒരു ജീവിതം പലപ്പോഴും ആളുകള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തിരക്കിട്ട ജോലി, ഓരോ മാസവും പൂര്‍ത്തീകരിക്കേണ്ട ലക്ഷ്യങ്ങള്‍, അതിനിടയില്‍ കുടുംബമോ, സ്വന്തം ആരോഗ്യമോ കൃത്യമായി പരിഗണിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ഉറക്കം കളഞ്ഞുള്ള ഈ ഓട്ടത്തിനിടയില്‍ നഷ്ടപ്പെടുന്ന സമാധാനം വീണ്ടെടുക്കാനായി സ്‌പെഷ്യല്‍ പാക്കേജുകള്‍ ഒരുക്കി ഉറങ്ങാനായി ആളുകളെ ക്ഷണിക്കുകയാണ് യു.എ.ഇ.യിലെ ഹോട്ടലുകള്‍. അതെ, കാഴ്ചകള്‍ കാണാനോ, വിനോദസഞ്ചാരത്തിനോ മാത്രമല്ല ആളുകളിപ്പോള്‍ അവധിയെടുത്ത് ഹോട്ടലുകളിലേക്കു പോകുന്നത്. അത് ഉറങ്ങാനായിക്കൂടിയാണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഉറക്കം എങ്ങനെയാണ് ഏറ്റവും വിലപിടിപ്പുള്ള, അവധിയെടുത്ത് മറ്റൊരു സ്ഥലത്തെത്തി കൈയെത്തിപ്പിടിക്കേണ്ട ഒന്നായി മാറുന്നത്. അതിനുള്ള ഉത്തരം കൃത്യമായി ഉറങ്ങാന്‍ പോലുമാകാതെ ജോലിക്കായി പരക്കംപായുന്നവര്‍ പറയട്ടെയെന്നാണ് പുതിയ കണക്കുകളിലൂടെ ഹോട്ടലുകാര്‍ പറയുന്നത്. ഏറ്റവും സുഖകരമായി ഒരാളെ ഉറക്കത്തിലേക്ക് നയിക്കുന്ന എല്ലാ ഭൗതികസാഹചര്യങ്ങളും ഒരുക്കിയാണ് ഹോട്ടലുകള്‍ 'ഉറക്കം ടൂറിസം' എന്ന ആശയത്തെ വരവേല്‍ക്കുന്നത്. ഹോട്ടലുകളില്‍ ചെക്ക്ഇന്‍ ചെയ്യുന്നവര്‍ രാവിലെ ഏറ്റവുമടുത്തുള്ള കാഴ്ചകള്‍ കാണാനായി മുറികള്‍ വിട്ടിറങ്ങുകയും കാഴ്ചകളും ഭക്ഷണവൈവിധ്യങ്ങളും ആസ്വദിച്ച് രാത്രികളില്‍ തിരിച്ചെത്തുകയും ചെയ്യുന്നതാണ് ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള പൊതു വിനോദസഞ്ചാര രീതി. എന്നാല്‍, ഇപ്പോള്‍ ആളുകള്‍ ഹോട്ടലുകളില്‍ ചെക്ക് ഇന്‍ ചെയ്ത് മതിവരുവോളം ഉറങ്ങുകയാണ്.
ഒരു മനുഷ്യന് ഏറ്റവും സ്വസ്ഥമായി ഉറങ്ങാന്‍ വേണ്ടത് സമാധാനപരമായ അന്തരീക്ഷമാണ്. അതാണ് ഹോട്ടലുകള്‍ അടിസ്ഥാനപരമായി ഒരുക്കുന്നത്. വ്യത്യസ്തമായ 'സ്ലീപ്പ് പാക്കേജു'കളാണ് ഇവിടത്തെ പ്രത്യേകതകള്‍. ഉറക്കത്തിനെ സ്വാഗതംചെയ്യും വിധത്തില്‍ മനുഷ്യരുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്ന വിധത്തിലുള്ള നിറങ്ങള്‍ പതിച്ച ചുവരുകള്‍, ഇരുണ്ട കര്‍ട്ടനുകള്‍, പുറത്തുനിന്നുള്ള ശബ്ദകോലാഹലങ്ങള്‍ ഒന്നും ബാധിക്കാത്തവിധമുള്ള സൗണ്ട് പ്രൂഫ് സംവിധാനങ്ങള്‍, ആവശ്യമുള്ളവര്‍ക്ക് സ്ലീപ്പ് തെറാപ്പികള്‍, മെഡിറ്റേഷന്‍ സൗകര്യം, ഉറക്കത്തിലേക്ക് എളുപ്പം നയിക്കുന്നതരം ആരോഗ്യദായകമായ പാനീയങ്ങള്‍, ഭക്ഷണങ്ങള്‍... ഇതെല്ലാമൊരുക്കിയാണ് ഹോട്ടലുകാര്‍ സ്ലീപ്പ് ടൂറിസത്തില്‍ സഞ്ചാരികളെ എതിരേല്‍ക്കുന്നത്.
യു.എ.ഇ.യിലെ ജനങ്ങളില്‍ 38 ശതമാനം ആളുകളും വിനോദസഞ്ചാര മേഖലയിലെ ഈ പുത്തന്‍ സ്ലീപ്പ് ടൂറിസം സങ്കേതങ്ങളോട് താത്പര്യമറിയിക്കുന്നതായി പ്രമുഖ ഹോട്ടല്‍ ചെയിനുകള്‍ നടത്തുന്ന പഠനങ്ങളില്‍ വ്യക്തമാകുന്നു. അവധിദിനം രാത്രിയും പകലും ഉറങ്ങാനും സ്വസ്ഥമായി മുറികളില്‍ ചെലവഴിക്കാനുമാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്.
നിത്യേനയുള്ള എല്ലാ ഇടപാടുകള്‍ക്കും പൂര്‍ണ അവധി നല്‍കി, മൊബൈല്‍ ഫോണുകള്‍പോലും അത്യാവശ്യത്തിനുമാത്രം ഉപയോഗിച്ചുകൊണ്ട് സ്വസ്ഥമായി ഇരിക്കാന്‍ മാത്രമാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്. ഇതേ ആശയത്തില്‍ വിദേശയാത്രകള്‍ നടത്തുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ചെറിയ അവധികള്‍ക്ക് യാത്രചെയ്യുന്നവര്‍ ഒെേട്ടറയാണ്. പുറം കാഴ്ചകള്‍ക്കപ്പുറം ഏറ്റവും സ്വസ്ഥമായ കുറച്ച് ദിവസങ്ങള്‍മാത്രമാണ് ആളുകള്‍ക്ക് ആവശ്യം.
കുട്ടികളടക്കം കുടുംബമായി യാത്രചെയ്യുന്നവര്‍ പ്രകൃതിയുമായി ഏറെ ഇണങ്ങിയുള്ള സ്ഥലങ്ങളും നാടിന്റെ സാംസ്‌കാരികത്തനിമ ഏറ്റവുമാഴത്തില്‍ മനസ്സിലാക്കാന്‍ സൗകര്യമുള്ള സ്ഥലങ്ങളും തിരഞ്ഞെടുക്കുന്നു. കുട്ടികള്‍ക്ക് ഏറ്റവും മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് മൂന്നില്‍ ഒരു കുടുംബം അടയാളപ്പെടുത്തുന്നു.
42 ശതമാനം യാത്രകളും ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ 62 ശതമാനം യാത്രികര്‍ സ്വസ്ഥമായ ഉറക്കം തന്നെയാണ് യാത്രകളില്‍ ആഗ്രഹിക്കുന്നത്. വീടുകളിലെക്കാള്‍ സ്വസ്ഥമായ ഉറക്കം അത്തരം ഹോട്ടലുകള്‍ ഉറപ്പാക്കുന്നതായി അവര്‍ അവകാശപ്പെടുന്നു.
യു.എ.ഇ.യിലെത്തുന്ന ആഗോള സഞ്ചാരികളില്‍ 80 ശതമാനം ആളുകളും സ്വസ്ഥമായ ഉറക്കത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് സ്‌കൈസ്‌കാനര്‍ പ്രസിദ്ധീകരിച്ച വണ്‍പോള്‍ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. അതിവേഗത്തില്‍ മാറുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന ദുബായ് നഗരവും പുതുമയുള്ള സ്വസ്ഥവും സമാധാനപൂര്‍ണവുമായ ഉറക്കം സമ്മാനിക്കുന്ന ഹോട്ടല്‍ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമാണ് നല്‍കുന്നത്.
Content Highlights: Gulf feature column
Published: 16 Nov 2024, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented