ദേശങ്ങളും അതിര്‍ത്തികളും താണ്ടിയുള്ള മനുഷ്യന്റെ പ്രയാണത്തിന്, പ്രവാസത്തിന് ഉത്പത്തികാലത്തോളം തന്നെ പ്രായമുണ്ട്. അത് മനുഷ്യകുലം നിലനില്‍ക്കുന്നിടത്തോളം കാലം തുടരുകയും ചെയ്യും. ഒരു പ്രത്യേക സ്ഥലത്ത് ജനിച്ച് ജീവിച്ച് മരിക്കുന്ന അവസ്ഥയും ദേശങ്ങള്‍ താണ്ടിയുള്ള അതിജീവന യാത്രയും ഒരേപോലെ മനുഷ്യരില്‍ ഇഷ്ടവും ഇഷ്ടക്കേടും സമ്മാനിക്കുന്നതാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇഷ്ടമില്ലാതിരുന്നിട്ടും മനുഷ്യന് അതിര്‍ത്തികള്‍ താണ്ടി അപരിചിതമായ ആവാസവ്യവസ്ഥകളിലേക്ക് കുടിയേറേണ്ടിവരുന്നത്? ജീവിതത്തിന്റെ അനിശ്ചിതത്വം ഒരു യാഥാര്‍ഥ്യമാണെകിലും ആ സമസ്യയോടുള്ള സമീപനം വേറിട്ടുനില്‍ക്കുന്നു. മെച്ചപ്പെട്ട ജീവിത, തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുകവഴി ആ സങ്കീര്‍ണതകളെ വരുതിയില്‍ നിര്‍ത്താന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. വരണ്ട ചുറ്റുപാടുകളില്‍ നിന്നും അവര്‍ വളക്കൂറുള്ള മണ്ണ് തേടി യാത്രയാകുന്നു. ആ യാത്രകളത്രയും അന്വേഷണങ്ങളാണ്. ചിലപ്പോള്‍ സ്വസ്ഥവും സമാധാനപൂര്‍ണവുമായ ഒരു ജീവിതത്തെക്കുറിച്ചുള്ളത്, അല്ലെങ്കില്‍ കണ്ടുമുട്ടുന്ന ഇടങ്ങളിലെ വര്‍ണ്ണക്കാഴ്ചകളെക്കുറിച്ചുള്ളത്, അതുമല്ലെങ്കില്‍ മടക്കമാഗ്രഹിക്കാത്ത മനസിനെ തൃപ്തിപ്പെടുത്താനായി മാത്രമുള്ളത്.

To advertise here,

ചാണകവരടികള്‍ നിരത്തിവെച്ച അടുക്കളക്കോലായില്‍ ഉണങ്ങിയ വൈക്കോല്‍ കെട്ടുകള്‍ മറച്ച തണലില്‍ ഇരുന്ന് കട്ടിയുള്ള റൊട്ടി കനലില്‍ ചുട്ടെടുക്കുന്ന വീട്ടമ്മമാരുടെ കാഴ്ചകള്‍ ഉത്തരേന്ത്യയിലൂടെയുള്ള യാത്രകളില്‍ നമുക്ക് ഇന്നും കാണാനാകും. അതിനടുത്ത് പലകയില്‍ ഇരുന്നുകൊണ്ട് വക്ക് കരണ്ട അലുമിനിയം പാത്രത്തില്‍ കഴിക്കാന്‍ തയ്യാറാകുന്ന ഗൃഹനാഥനെയും കുട്ടികളെയും കാണാനാകും. എല്ലാവര്‍ക്കും ഒന്നിച്ച് കിടക്കാന്‍ മാത്രം സൗകര്യമുള്ള ഒരു ഒറ്റമുറി കൂരവക്കില്‍ അവര്‍ ഇരിക്കുന്ന ക്ലിക്കുകള്‍ 'മികച്ച ഫോട്ടോഗ്രാഫി പുരസ്‌കാരങ്ങള്‍' നേടിയെടുക്കുന്നതായി മാറാറുമുണ്ട്. 'റിയല്‍' ആയ ജീവിതം എന്നാണ് പലപ്പോഴും ആളുകള്‍ അത്തരം ചിത്രങ്ങളെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ചുള്ളിക്കമ്പുകള്‍ ശേഖരിച്ച് അടുക്കളമുറ്റത്ത് അടുപ്പുകൂട്ടി കഞ്ഞിവെക്കുന്ന മലയാളികളെ നമുക്ക് അപൂര്‍വമായി മാത്രമേ കാണാന്‍ കഴിഞ്ഞുവെന്ന് വരികയുള്ളൂ. അത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ടെങ്കിലും മലയാളിയുടെ ഗള്‍ഫ് കുടിയേറ്റമെന്ന ഒറ്റ ബിന്ദുവിലേക്ക് കാഴ്ചകള്‍ പതിയെ വന്നുനില്‍ക്കുന്നത് കാണാനാകും.

അറുപതുകളുടെ തുടക്കത്തോടെയാണ് മലയാളികള്‍ അറബിപ്പൊന്ന് തേടി ഗള്‍ഫ് നാടുകളിലേക്ക് യാത്രയാരംഭിക്കുന്നത്. യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദിഅറേബ്യ എന്നിവിടങ്ങളിലേക്കെല്ലാം മരം കൊണ്ടൊരുക്കിയ ഉരുവില്‍ അവര്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്നും യാത്രതിരിച്ചു. ക്രൂഡോയിലില്‍ നിന്നുള്ള വരുമാനം രാഷ്ട്രവികസനത്തിലേക്ക് വഴിവെച്ചപ്പോള്‍ നിര്‍മാണമേഖലയില്‍ തൊഴിലവസരങ്ങള്‍ കൂടി. വിദഗ്ധ, അവിദഗ്ധ തൊഴില്‍ രംഗങ്ങളില്‍ ഇന്ത്യക്കാരുടെ, വിശിഷ്യാ മലയാളികളുടെ കുത്തൊഴുക്കായിരുന്നു. അഞ്ച് ദശാബ്ദങ്ങള്‍ക്കിപ്പുറവും ആ ഒഴുക്കിന് യാതൊരുവിധ കുറവും സംഭവിച്ചിട്ടില്ലെന്ന് കാണാനാകും. അതില്‍ മലയാളി സമൂഹത്തിന്റെ പങ്കാളിത്തമെടുത്താല്‍ ഏതാണ്ട് പകുതിയിലധികവും. കുവൈത്തിലെ തീപിടുത്തത്തില്‍ ജീവന്‍ പൊലിഞ്ഞ ഇന്ത്യക്കാരുടെ മൊത്തം കണക്കുകളില്‍ മലയാളികളുടെ എണ്ണം മാത്രം പരിശോധിച്ചാല്‍ മതിയാകും. മലയാളികളുടെ പ്രവാസ പ്രയാണത്തിന് നാം അവകാശപ്പെടുന്ന നാട്ടിലെ ഉയര്‍ന്ന വിദ്യാഭ്യാസനിരക്ക് മാത്രമായിരുന്നുവോ കാരണം? അങ്ങനെയെങ്കില്‍ വിദ്യാഭ്യാസ യോഗ്യതകള്‍ക്കനുസരിച്ചുള്ള തൊഴില്‍ മേഖലകളിലേക്കാണോ അവര്‍ എത്തപ്പെടുന്നത്?

വലിയ ചര്‍ച്ചകളിലേക്ക് വഴിവെക്കേണ്ട ചോദ്യങ്ങളാണ് അതെങ്കിലും അത്തരത്തിലുള്ള വിഷയങ്ങളെ തഴുകിത്തലോടി മാത്രം നാം കടന്നുപോകുകയാണ് പതിവ്. കാരണം മലയാളികളും ഉപഭോഗസംസ്‌കാരവും എന്ന വലിയ വിഷയങ്ങളിലേക്ക് നാം പലപ്പോഴും കടക്കാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതനിലവാരം ഉയര്‍ന്നുവെന്നത് സന്തോഷസൂചിക ഉയര്‍ത്തുന്നതിനുള്ള അളവുകോലായി മാറുന്നില്ല പലപ്പോഴും മലയാളികളുടെ കാര്യത്തില്‍. നിരന്തരമായ താരതമ്യങ്ങളിലൂടെ ജീവിതത്തെ കൈപ്പിടിയിലൊതുക്കാനുള്ള വ്യഗ്രതയാണ് ഓരോ മലയാളിക്കും. ആത്മഹത്യാനിരക്കും വ്യാകുലതകളുടെയും ഉത്കണ്ഠയുടെയും തോതും പരിശോധിച്ചാല്‍ മാത്രം മതിയാകും നാം മറ്റ് ജനസമൂഹങ്ങളുമായി എത്രമാത്രം അകലെയാണെന്നത്. ഇത്തരം അസ്തിത്വദുഖവും ചിന്തകളുടെ ഭാരവുമേന്തിയുള്ളതാണ് ഭൂരിഭാഗം പ്രവാസികളുടെയും ജീവിതമെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് വേണം അടുത്ത ചുവടുകളിലേക്ക് കടക്കാന്‍.

നിറപ്പകിട്ടുള്ള ചോക്ലേറ്റ് പൊതിപോലെയാണ് പ്രവാസികളുടെ ജീവിതചിത്രം പുറത്തുനിന്ന് കാണുന്നവര്‍ക്ക്. വിമാനം സ്വന്തം രാജ്യത്ത്, നാട്ടില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ഒരു പ്രവാസി അനുഭവിക്കുന്ന സ്വാതന്ത്ര്യബോധവും സന്തോഷവും വാക്കുകള്‍ക്കതീതമാണ്. കാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്ന അവധി ആഘോഷമാക്കാനുള്ള വകകളുമായി എത്തുന്ന അവര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട, സമ്മതനായ ആളുകളായിരിക്കും. സീസണ്‍ മാറുന്നതറിയാതെ തൊഴിലിടങ്ങളില്‍ മാത്രം പരിമിതപ്പെടുന്ന ജീവിതത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം മാത്രമാകും പലര്‍ക്കും അവധിക്കാലം. 'സ്വപ്നഭവനം, വാഹനം, മക്കളുടെ വിദ്യാഭ്യാസം, രക്ഷിതാക്കളുടെ ചികിത്സ' നിലവില്‍ പ്രവാസികളുടെ പ്രാഥമികമായ ആഗ്രഹങ്ങളും ഉത്തരവാദിത്തങ്ങളും നാലെണ്ണമായി ചുരുക്കാം. ഇതിനായി കണ്‍മറകെട്ടിയ കുതിരയെപ്പോലെ ഓടുകയാണ് ഓരോരുത്തരും. മധ്യവയസ് തികയുന്നതോടെ മാനസിക പിരിമുറുക്കം പലതരം രോഗലക്ഷണങ്ങളിലൂടെ തെളിയുകയായി. രക്തസമ്മര്‍ദ്ദവും പ്രമേഹവും പ്രവാസികളുടെ ഒരു സാധാരണ അവസ്ഥ മാത്രമായി മാറുകയാണ്. അതിനെ നിയന്ത്രിക്കും വിധമുള്ള ജീവിതശൈലി പിന്തുടരാനുള്ള സാഹചര്യം ഇല്ലാത്തതും സാഹചര്യമൊരുക്കാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിച്ചേരാന്‍ കഴിയാത്തതും അറുപതുകളോടടുക്കുമ്പോഴുള്ള തിരിച്ചുപോക്കില്‍ അവരെ എല്ലാത്തരത്തിലും ഒരു രോഗിയാക്കി മാറ്റുന്നു.

ഇരുപത്തിനാലാം വയസില്‍ പ്രവാസജീവിതം ആരംഭിച്ച ഒരു വ്യക്തി 33 വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം ഇന്ന് 57 വയസില്‍ എത്തിനില്‍ക്കുന്നു. അബുദാബിയില്‍ എക്‌സിക്യൂട്ടീവ് ജീവിതം നയിക്കുന്ന ഒരു സാധാരണ പ്രവാസിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുള്ള ഒരേടാണ് ഇത്. ആഴ്ചയില്‍ ആറുദിവസമാണ് ജോലി. വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ അവധിക്ക് പോകാറുണ്ട്. അവധിയെന്നാല്‍ വീട്ടിനടുത്തുള്ള ഒന്നോ രണ്ടോ അമ്പലങ്ങളിലും അടുത്ത ബന്ധുവീടുകളിലും സന്ദര്‍ശനം. ബാക്കിദിവസങ്ങള്‍ രണ്ടുമക്കള്‍ക്കും ഭാര്യക്കുമൊപ്പം വീട്ടില്‍. ഇവിടെ ജോലി കഴിഞ്ഞ് റൂമിലെത്തിയാല്‍ മറ്റ് സാമൂഹിക പരിപാടികള്‍ ഒന്നും തന്നെയില്ല. ഭക്ഷണം പാകം ചെയ്യും. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഇപ്പോള്‍ തൈറോയ്ഡ് അസുഖങ്ങളും അദ്ദേഹത്തെ അലട്ടിത്തുടങ്ങിയിരിക്കുന്നു. നല്ലൊരു വീടെന്ന സ്വപ്നം പൂവണിയിക്കാന്‍ കഴിഞ്ഞു. പക്ഷെ നാട്ടില്‍ ആരുമായും ആത്മബന്ധം സ്ഥാപിച്ചെടുക്കാന്‍ ഇക്കാലയളവിലെ പ്രവാസജീവിതത്തിനിടെ കഴിഞ്ഞില്ല. അറുപതോടെ നാട്ടിലേക്ക് മടങ്ങണമെങ്കിലും നാട്ടിലെ ജീവിതത്തെക്കുറിച്ചോര്‍ത്ത് ഇപ്പോഴും അസ്വസ്ഥതപ്പെടുന്ന അദ്ദേഹം ഓര്‍മപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അത് ഓരോ പ്രവാസികള്‍ക്കും ബാധകമാണുതാനും.

അതിലേറ്റവും പ്രധാനം സ്വന്തം ഇഷ്ടങ്ങള്‍ക്ക് കൂടി പരിഗണന നല്‍കിക്കൊണ്ടുള്ളതാകണം ജീവിതം എന്നുള്ളതാണ്. ആരോഗ്യകരമായ, സ്വന്തമായ ഒരിഷ്ടം ജീവിതത്തില്‍ എന്തിനോടെങ്കിലും ഓരോരുത്തര്‍ക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അത് പലപ്പോഴും ആളുകളെ സന്തോഷത്തിന്റെ വഴികളിലേക്ക് നയിക്കും. ആരോഗ്യത്തിന് പരിഗണന നല്‍കിക്കൊണ്ടുള്ള ഒരു ജീവിതശൈലി, ഓരോരുത്തര്‍ക്കും പറ്റുന്നതുപോലെയൊന്ന് പിന്തുടരാന്‍ ശ്രമിക്കണം. അതിനുമപ്പുറം സാമൂഹികജീവിതം അവഗണിച്ചുകൊണ്ടുള്ള അവസ്ഥകള്‍ പലപ്പോഴും നമ്മുടെ സാഹചര്യങ്ങളെ കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കുമെന്നതാണ്. ആത്യന്തികമായി ഒരു സാമൂഹികജീവിയെന്ന മേല്‍വിലാസമുള്ള സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം മെച്ചപ്പെട്ട സാമൂഹികജീവിതം അനിവാര്യതയാണ്. മാനസികവും ശാരീരികവുമായ ആരോഗ്യത്തെപ്പോലും അത് സ്വാധീനിക്കുന്നത് വലിയ രീതിയിലാണ്. ദൗര്‍ഭാഗ്യവശാല്‍ വാരാന്ത്യത്തില്‍ ലഭിക്കുന്ന ഒരവധിദിനം ഉച്ചവരെ ക്ഷീണിച്ചുറങ്ങി തീര്‍ന്നുപോകാന്‍ വിധിക്കപ്പെട്ടവരാണ് ഭൂരിഭാഗം പ്രവാസികളും.

തൊഴിലാളി ക്യാമ്പുകളിലെ പരിമിതികളില്‍ നിന്നുകൊണ്ട് നിമിഷങ്ങളെ സജീവമാക്കുന്നവരില്ലെന്നല്ല. പലപ്പോഴും അവരില്‍ലധികം പേര്‍ക്കും അതിനുള്ള അവസ്ഥകള്‍ ഉണ്ടാകാറില്ലെന്നതാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കോവിഡിനുശേഷം സൗദിയിലും യു.എ.ഇയിലുമുള്ള 12000 തൊഴിലാളികളില്‍ നടത്തിയ പഠനങ്ങളില്‍ 90 ശതമാനം ആളുകളും കടുത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 86 ശതമാനം ആളുകളും ഒറ്റപ്പെടലും നിസ്സംഗതയും നിറഞ്ഞ മാനസിക തലങ്ങളിലാണെന്നും ലിങ്ക്ഡ് ഇന്‍ ന്യൂസ് നടത്തിയ പഠനം വ്യക്തമാക്കുന്നു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സാ സംവിധാനങ്ങള്‍ക്ക് മിഡിലീസ്റ്റില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിമിതികളും ചര്‍ച്ചാവിഷയമാണ്.

സാംസ്‌കാരികമായ അനുരൂപീകരണം എളുപ്പത്തില്‍ സാധ്യമാകാത്തവര്‍ക്ക് പ്രവാസജീവിതം വലിയ അസ്വസ്ഥതകളാണ് സമ്മാനിക്കാറുള്ളത്. പുതിയ സാഹചര്യം, ആളുകള്‍, തൊഴില്‍ എന്നിവയെല്ലാമായി പൊരുത്തപ്പെടാന്‍ മലയാളികള്‍ക്ക് താരതമ്യേന കഴിവ് കൂടുതലാണ്. എങ്കിലും വലിയ വിദ്യാഭ്യാസ യോഗ്യതകളും സ്വപ്നങ്ങളുമായി എത്തി സാധാരണ ജീവിതം നയിക്കേണ്ടി വരുന്നത് അംഗീകരിക്കാന്‍ കഴിയാത്തവരുണ്ട്. തൊഴില്‍ മേഖലയിലെ സമ്മര്‍ദവും ആശയവിനിമയ ശേഷിയില്ലായ്മയുമെല്ലാം പ്രവാസികള്‍ക്ക് വെല്ലുവിളികളുയര്‍ത്താറുണ്ട്. ഇതെല്ലാം നിലനില്‍ക്കെത്തന്നെ മെച്ചപ്പെട്ട ജീവിതമെന്ന സ്വപ്നവും പേറി ഒരായുസ്സ് രാവന്തിയോളം ജോലിചെയ്യുന്ന പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കവും പലപ്പോഴും ചോദ്യചിഹ്നമാകാറുണ്ട്.

വരുമാനം കൃത്യതയോടെ വിനിയോഗിക്കാനുള്ള ശേഷിയാണ് ഏറ്റവുമടിസ്ഥാനപരമായി ഓരോ പ്രവാസികളും ആര്‍ജിച്ചിരിക്കേണ്ട ഒന്ന്. നാടും വീടും ഇഷ്ടക്കാരെയുമുപേക്ഷിച്ച് ഒരാള്‍ മറ്റൊരുദേശത്തേക്ക് തൊഴില്‍ തേടി പോകുന്നത് മെച്ചപ്പെട്ട ജീവിതത്തിനായാണ്. ഒടുക്കം അറുപത് വയസില്‍ അസുഖങ്ങളുമായുള്ള മടക്കത്തില്‍ നീക്കിയിരിപ്പ് ഒന്നുമില്ലാതാകുന്ന അവസ്ഥ വേദനാജനകമാണ്. പലപ്പോഴും കാശയക്കുന്ന ആള്‍ എന്ന പദവിക്കപ്പുറം വൈകാരികമായ അടുപ്പം മക്കളില്‍ നിന്നും പങ്കാളിയില്‍ നിന്നുപോലും ലഭിക്കാതെ വീണ്ടും പ്രവാസിയാകേണ്ടിവരുന്നവരെക്കുറിച്ചുള്ള വാര്‍ത്തകളും പതിവാകുന്ന സാഹചര്യത്തില്‍ പ്രവാസം ഉത്തരവാദിത്തത്തോടെയാക്കുക എന്നതുമാത്രമാണ് നാം ഓരോരുത്തരുടെയും മുന്നിലുള്ള ഒരേ ഒരു വഴി.