അറുപതുകളുടെ തുടക്കം ഒരു ജൂലായ് മാസം. യു.എ.ഇയില്‍ നിന്നും ഒരു കപ്പല്‍ യൂറോപ്പിലേക്ക് പുറപ്പെട്ടു. അബുദാബി ദ്വീപില്‍നിന്ന് യാത്രയാരംഭിച്ച 'ബ്രിട്ടീഷ് സിഗ്നല്‍' എന്ന ആ കപ്പല്‍ നിറയെ എണ്ണയായിരുന്നു. രണ്ടായിരം വര്‍ഷങ്ങളുടെ ഇരുട്ടില്‍ നിന്നും ഒരു മേഖല പതിയെ പ്രതീക്ഷയുടെ, വികസനത്തിന്റെ വെളിച്ചത്തിലേക്ക് കടക്കുകയായിരുന്നു.

To advertise here,

യു.എ.ഇ എണ്ണ വരുമാനത്തില്‍നിന്നും ഒരു ശക്തമായ, സമഗ്രമായ സമ്പദ്ഘടനയുടെ അടിത്തറ വാര്‍ത്തെടുക്കുന്നതിന് മുമ്പ് ഒരു കാലഘട്ടമുണ്ടായിരുന്നു. ഇരുള്‍ നിറഞ്ഞതെങ്കിലും പേര്‍ഷ്യന്‍ വ്യാപാരസംഘങ്ങളുടെ വന്നുപോക്കിന്, കച്ചവട ഇടത്താവളങ്ങള്‍ ഒരുക്കിയ ഒരു നാടെന്ന നിലയില്‍ യു.എ.ഇക്ക് ചരിത്രത്തില്‍ ശക്തമായ ഒരു സ്ഥാനമുണ്ട്. കടല്‍ വിഭവങ്ങളെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ഒരു സമൂഹം. മത്സ്യവിഭവങ്ങളും മുത്തും പവിഴവുമായിരുന്നു അവര്‍ക്ക് വില്‍ക്കാനുണ്ടായിരുന്നത്. അത് വിറ്റ് അവര്‍ പരിമിത ജീവിതസാഹചര്യങ്ങളെ മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. നവീനമായ കാഴ്ചകളൊരുക്കുന്ന യു.എ.ഇയിലേക്ക് ഇന്ന് ലോകം ഉറ്റുനോക്കുമ്പോഴും ആ പൈതൃകത്തെ മുറുകെപ്പിടിച്ചുകൊണ്ട്, കടല്‍ വിഭവങ്ങളുടെ വ്യാപാരചരിത്രം പറയുകയാണ് ദേരയിലെ 'ഫിഷ് റൗണ്ടബൗട്ടിലൂടെ'.

വാലുകളാല്‍ പരസ്പരം കെട്ടിപ്പുണര്‍ന്ന രണ്ട് മീനുകളാണ് ഫിഷ് റൗണ്ടബൗട്ടിന്റെ പ്രത്യേകത. അതിന്റെ വായിലൂടെയുള്ള ജലധാരയാണ് റൗണ്ടബൗട്ടിലെ വഴികാട്ടി. ദുബായ് പൈതൃക നിര്‍മിതി പരിചരണ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട നിര്‍മിതികളില്‍ ഒന്നാണ് ഫിഷ് റൗണ്ടബൗട്ട്. കുട്ടികള്‍ക്കായുള്ള സംഗീത ജലധാരയടക്കം ഈ നിര്‍മിതിയുടെ പ്രത്യേകത ഉയര്‍ത്തുന്നു. ദുബായില്‍ ജനിച്ചുവളര്‍ന്ന വിദേശികളായ കുട്ടികള്‍ക്കടക്കം ഏറെ പ്രിയപ്പെട്ട ഇടമാണ് ഇത്. അവരുടെ കുട്ടിക്കാലം മനോഹരമാക്കുന്നതില്‍ ഈ സ്ഥലത്തിന് വലിയ പങ്കുണ്ട്. ഒത്തുകൂടി, പാട്ടുകള്‍ പാടി, കഥകള്‍ പറഞ്ഞ് ചിലവഴിച്ച കാലം ഓര്‍ത്തെടുക്കാന്‍ ഒരുപാട് പേര്‍ക്കുണ്ടാകും.

രാത്രിയില്‍ ഫിഷ് റൗണ്ടബൗട്ട് വേറിട്ട കാഴ്ചയാണ് തുറന്നുനല്‍കുക. ജലധാരയും മീനുകളുമെല്ലാം വര്‍ണവെളിച്ചത്തില്‍ തിളങ്ങിനില്‍ക്കും. വിദേശികളടക്കം പകല്‍ മുഴുവന്‍ നീളുന്ന ജോലി സമ്മര്‍ദ്ദങ്ങളില്‍ നിന്നും മാറി സന്തോഷകരമായ കുറേയധികം നിമിഷങ്ങള്‍ ചെലവഴിക്കാന്‍ ഇവിടം പ്രയോജനപ്പെടുത്തുന്നു. മാളുകള്‍ സജീവമായ കാലത്തുപോലും ആളുകള്‍ക്ക് ഈയിടം പ്രിയപ്പെട്ടതാകുന്നുണ്ടെങ്കില്‍ ഇതിന് വാക്കുകള്‍ കൊണ്ട് പറഞ്ഞുപോകാന്‍ കഴിയാത്ത എന്തോ ഒരു പ്രത്യേകതയുണ്ടാകണം.

ഇന്ന് യു.എ.ഇ വേറിട്ട കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ്. സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്ന ദുബായ് നഗരം കാലത്തിന് മുമ്പേ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തിരക്കിട്ട നഗരക്കാഴ്ചകള്‍ക്കും പുതുമകള്‍ നിറഞ്ഞ കച്ചവട കേന്ദ്രങ്ങള്‍ക്കുമപ്പുറം ഈ നാടിനെ വാര്‍ത്തെടുത്ത ഓര്‍മകളുടെ അടയാളപ്പെടുത്തല്‍ പോലെ ഒരുപാട് പൈതൃക നിര്‍മിതികള്‍ പല ഭാഗങ്ങളിലായി കാണാനാകും. മനോഹരമായി, സൂക്ഷ്മതയോടെ പരിപാലിക്കപ്പെടുന്നവ. അതില്‍ തലയെടുപ്പോടെ പരസ്പരം കെട്ടിപ്പിടിച്ച് ഫിഷ് റൗണ്ടബൗട്ടിലെ രണ്ട് മീനുകളും.