
ലോക കായിക മാമാങ്കമായ ഒളിമ്പിക്സ് വേദിയില്‍ കൊടിപാറിക്കാനൊരുങ്ങുകയാണ് യു.എ.ഇ. കായികലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒളിമ്പിക്സിന് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം. പാരീസിലെ വേദിയില്‍ ലോകരാജ്യങ്ങള്‍ തങ്ങളുടെ ദേശീയപതാകകളുമായി അണിനിരക്കുമ്പോള്‍ ഇത്തവണ യു.എ.ഇക്ക് വേണ്ടി ഒരു വനിതയാണ് മുന്നില്‍ നില്‍ക്കുക. ഒളിമ്പിക്സിലെ യു.എ.ഇയുടെ പ്രഥമ വനിതാ സൈക്ലിസ്റ്റ് സഫിയ അല്‍ സയെഹ്. ഗ്രൂപ്പിനത്തില്‍ യു.എ.ഇയുടെ ഷോ ജംപിങ് ടീമും ഇത്തവണ ആദ്യമായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
കായികമേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് യു.എ.ഇ നടത്തിവരുന്നത്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദികളൊരുക്കുകയും ലോക താരങ്ങളെ ആകര്‍ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കി ഒരു നവ കായികസംസ്‌കാരം വാര്‍ത്തെടുക്കാനും യു.എ.ഇ മുന്നിലാണ്. സ്വദേശികള്‍ക്ക് ഈ മേഖലയില്‍ വലിയ സാധ്യതകളാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. വനിതാ താരങ്ങളെ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങള്‍ക്കായി വാര്‍ത്തെടുക്കാന്‍ ഇതിലൂടെ യു.എ.ഇക്ക് സാധിക്കുന്നു. അതിനുള്ള ഏറ്റവും വലിയ തെളിവും അംഗീകാരവുമാണ് ഇത്തവണ യു.എ.ഇക്കായി സൈക്ലിങ് ട്രാക്കിലേക്ക് ഇറങ്ങുന്ന സഫിയ. വരും നാളുകളില്‍ കൂടുതല്‍ വനിതകള്‍ക്ക് പ്രചോദനമേകാന്‍ ഈ ചുവടുവെപ്പ് വഴിതെളിക്കും.
വെല്ലുവിളികള്‍ നിറഞ്ഞ പശ്ചാത്തലത്തിലൂടെ കടന്നുവന്ന് പതിയെ ചുവടുറപ്പിച്ചുകൊണ്ടാണ് യു.എ.ഇയുടെ ഒളിമ്പിക്സ് യാത്ര തുടരുന്നത്. ലോസ്എയ്ഞ്ചല്‍സില്‍ 1984 ല്‍ നടന്ന ഒളിമ്പിക്സിലൂടെയാണ് യു.എ.ഇ ആദ്യമായി ഈ കായികമാമാങ്കത്തിലേക്ക് കടക്കുന്നത്. പുരുഷന്മാര്‍ മാത്രമുണ്ടായിരുന്ന സംഘം യു.എ.ഇ ദേശീയപതാകയേന്തിയ ഓട്ടക്കാരനായ മുബാറക് ഇസ്മായില്‍ ആംബറിന്റെ പിന്നില്‍ നടന്നുനീങ്ങുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം യു.എ.ഇ ആര്‍ക്കൈവുകളില്‍ തെളിയുന്നു. കേവല പങ്കാളിത്തമെന്നതിനപ്പുറത്തേക്ക് മെഡല്‍ നേട്ടമോ അവസാന ഘട്ടങ്ങളിലേക്ക് കടക്കാനോ അന്ന് ആ സംഘത്തിലുള്ളവര്‍ക്ക് സാധിച്ചില്ല. പിന്നെയും രണ്ട് ദശാബ്ദം കാത്തിരിക്കേണ്ടിവന്നു യു.എ.ഇക്ക് ഒരു ഒളിമ്പിക്സ് മെഡലെന്ന സ്വപ്നം പൂവണിയുന്നതിന്.
ഏദന്‍സില്‍ നടന്ന പുരുഷ ഡബിള്‍ ട്രാപ്പില്‍ യു.എ.ഇയുടെ ഷാര്‍പ്പ് ഷൂട്ടര്‍ ശൈഖ് അഹമ്മദ് ബിന്‍ ഹാഷര്‍ ഉന്നംപിഴക്കാതെ കാഞ്ചിവലിച്ചപ്പോള്‍ ഒരു ചരിത്രം കൂടി പിറവികൊള്ളുകയായിരുന്നു. യു.എ.ഇയുടെ കായിക ചരിത്രത്തില്‍ എന്നും സുവര്‍ണലിപികളില്‍ കോറിയിടപ്പെട്ട ആദ്യ 'ഒളിമ്പിക്സ് സ്വര്‍ണമെഡല്‍'. 2004'ല്‍ നേടിയ ആ മെഡല്‍ യു.എ.ഇയുടെ അന്താരാഷ്ട്ര കായികരംഗത്തെ പ്രഥമ അടയാളപ്പെടുത്തലായി. ഇന്ത്യയുടെ ഷാര്‍പ്പ്ഷൂട്ടര്‍ രാജ്യവര്‍ധന്‍ സിങ് റാത്തോട് ആയിരുന്നു വെള്ളിമെഡലിന് അര്‍ഹതനേടിയത്. യു.എ.ഇ ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന നായാട്ടുസംസ്‌കാരത്തിന്റെ ഒരു പകിട്ടുകൂടി ലോകത്തോട് വിളിച്ചുപറയുന്നതായി ആദ്യ ഒളിമ്പിക് മെഡല്‍.

ശൈഖ മെയ്ത ബിന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള യു.എ.ഇ.ടീം
ബെയ്ജിങില്‍ 2008'ല്‍ നടന്ന ഒളിമ്പിക്‌സും യു.എ.ഇക്ക് ഏറെ പ്രത്യേകതകള്‍ സമ്മാനിച്ച ഒന്നായിരുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ പുത്രി ശൈഖ മെയ്ത ബിന്‍ മുഹമ്മദായിരുന്നു അന്ന് യു.എ.ഇ പതാകയേന്തിയത്. 67 കിലോ വിഭാഗത്തില്‍ തായ്കൊണ്ടോ റിങ്ങില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്കായി. ആയോധനകലയില്‍ യു.എ.ഇയുടെ വനിതാ പതിനിധ്യം വലിയ ചര്‍ച്ചകള്‍ക്കുകൂടി വഴിവെക്കാന്‍ രാജകുമാരിയിലൂടെ കഴിഞ്ഞു.
ബ്രസീലിലെ റിയ ഡി ജെനീറോയില്‍ നടന്ന 2016 ഒളിമ്പിക്സില്‍ വനിതാ നീന്തല്‍ താരം നദ അല്‍ ബെദ്വാബിയും യു.എ.ഇ പതാകയേന്തി. പതിമൂന്ന് അത്ലറ്റുകള്‍ ഉള്‍പ്പെടുന്ന യു.എ.ഇ സംഘമായിരുന്നു അന്ന്. ഒരു വെങ്കല മെഡല്‍ മാത്രമാണ് അത്തവണ യു.എ.ഇക്ക് നേടാനായത്.
ശൈഖ് അഹമ്മദിന് ശേഷം യു.എ.ഇക്ക് ഒരു ഒളിമ്പിക്സ് സ്വര്‍ണമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സഫിയ അല്‍ സയെഹ് എന്ന 22 കാരി സൈക്ലിസ്റ്റിലൂടെ കഴിയുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ചെറുപ്പം മുതല്‍ കണ്ടുകൊണ്ടിരുന്ന ഒളിമ്പിക്സ് പങ്കാളിത്തമെന്ന വലിയ സ്വപ്നം യാഥാര്‍ഥ്യമായത് പോലും ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. രക്തവും വിയര്‍പ്പും വേദനയും കണ്ണുനീരുമെല്ലാം ചേര്‍ത്തുവെച്ചാണ് ആ സ്വപ്നത്തെ ലക്ഷ്യത്തിലേക്ക് കൊണ്ടുവന്നതെന്നും അവര്‍ പറയുന്നു. രാജ്യം ഉറ്റുനോക്കുന്ന വലിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കാനുള്ള പ്രതീക്ഷയോടെയാണ് യു.എ.ഇ ടീം ഇത്തവണ പാരീസില്‍ നടക്കുന്ന ഒളിമ്പിക്സിലേക്ക് എത്തുന്നത്.
Content Highlights: gulf.com column, vanitha
Published: 03 Jul 2024, 01:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented