ലോക പുരോഗതിയുടെ താളവും വേഗവും ഒരു അളവുകോലില്‍ രേഖപ്പെടുത്തിയാല്‍ അതിലേറ്റവും വേഗം അറബ് രാജ്യങ്ങള്‍ക്കാകും. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, അടിസ്ഥാന സൗകര്യ വികസനം, അന്താരാഷ്ട്ര സഹകരണം തുടങ്ങി എല്ലാ മേഖലയിലും ഇന്ന് അറബ് ലോകം കൈവരിച്ച നേട്ടങ്ങള്‍ പ്രകടമാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ കുതിപ്പിന് അവരെ പ്രാപ്തമാക്കിയത് എണ്ണയില്‍ നിന്നോ, വിനോദ മേഖലകളില്‍ നിന്നോ ഉള്ള വരുമാനം കൊണ്ടുമാത്രമല്ല. മറിച്ച് അറബ് ലോകത്തിന്റെ ഐക്യം കൊണ്ടുകൂടിയാണ്.

To advertise here,

1981 മെയ് മാസം 25 ന് ആയിരുന്നു ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) നിലവില്‍ വന്നത്. യു.എ.ഇയുടെ മാത്രമല്ല, സൗദി, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെയെല്ലാം വളര്‍ച്ചയില്‍ നിര്‍ണായകമായ മെയ് മാസത്തിന്റെ ഐക്യം. 1996 മെയ് 20 ന് ആയിരുന്നു യു.എ.ഇ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ നിലവില്‍ വരുന്നതും അബുദാബിയെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതും. അതുകൊണ്ടുതന്നെ മെയ് മാസം യു.എ.ഇയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും സുപ്രധാനമായ ഒന്നാകുകയും ഐക്യമെന്ന അര്‍ഥം വരുന്ന 'ഇത്തിഹാദ്' എന്ന വാക്ക് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രസക്തമാകുകയും ചെയ്യുന്നു. ഈ ആഴ്ചയുടെ വാക്കായി അത് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ പങ്കുവെക്കപ്പെടേണ്ട പ്രത്യേകതകള്‍ ഏറെയാണ്.

യു.എ.ഇയുടെ ഇതുവരെയുള്ള യാത്രയില്‍ ഏറ്റവും സുപ്രധാനമായ ഭാഷാ പ്രയോഗങ്ങളില്‍ ഒന്നായി 'ഇത്തിഹാദ്' എന്ന വാക്ക് മാറി. ഐക്യത്തിന്റെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെയുമെല്ലാം പ്രതീകമാണത്. സാമൂഹികമായും സര്‍ക്കാര്‍ തലങ്ങളിലുമെല്ലാം പ്രയോഗത്തിലുള്ള ഒന്നായത് മാറി. ഐക്യം, സമ്മതം, കൂട്ടായ ശ്രമം തുടങ്ങിയ അര്‍ഥങ്ങള്‍ വരുന്ന 'ഇത്തിഹാദ' എന്ന അറബ് വാക്കില്‍ നിന്നാണ് ഇത്തിഹാദ് ഉടലെടുക്കുന്നത്. രാജ്യത്തിന്റെ ഐക്യം, അറബ് രാജ്യങ്ങളുടെ ഐക്യം തുടങ്ങി ആളുകളെ, സ്ഥലങ്ങളെ, അതിര്‍ത്തികള്‍ക്കപ്പുറം രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുന്ന ഒരു ഭാഷാപ്രയോഗമായി മെയ് മാസത്തിന്റെ ഒരു ഓര്‍മപ്പെടുത്തല്‍ പോലെ ഇത്തിഹാദ് നിറഞ്ഞുനില്‍ക്കുന്നു.

ലോകത്തിന്റെ പല നാടുകളില്‍ നിന്നുള്ളവര്‍ വന്ന് തൊഴിലെടുത്ത്, കാഴ്ചകള്‍ കണ്ടാസ്വദിച്ച് കഴിയുന്ന ഒരു രാജ്യമാണ് യു.എ.ഇ. ഏകദേശം 200 ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യു.എ.ഇയില്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ പല നിറങ്ങളില്‍പ്പെടുന്നവരുണ്ട്. പല ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്. പല രൂപ ഭാവങ്ങളില്‍പ്പെടുന്നവരുണ്ട്. പല മതവിശ്വാസങ്ങള്‍ പിന്തുടരുന്നവരുണ്ട്. എന്തുകൊണ്ട് യു.എ.ഇ അവര്‍ക്ക് പ്രിയപ്പെട്ടയിടമാകുന്നുവെന്ന ചോദ്യത്തിന് ഇത്തിഹാദ് എന്ന അറബി വാക്ക് ആത്മീയമായ ഒരു തലം സമ്മാനിക്കുന്നു. അവരെ ഒന്നായി കാണാന്‍, വിഭാഗീയതകള്‍ ഏതുമില്ലാതെ ഈ നാടിന്റെ ഭാഗമായി പരിഗണിക്കാന്‍ ഈ നാടിന്, ഭരണാധികാരികള്‍ക്ക് കഴിയുന്നതിന്റെ പ്രതീകമാണ് ഇത്തിഹാദ്. മലയാളത്തില്‍ ഏറ്റവും ഉദാത്തമായ 'അദ്വൈതം' എന്ന ആശയത്തോട് ചേര്‍ന്നുനിലകൊള്ളുന്ന അറബി വാക്ക് 'ഇത്തിഹാദ്'.

യു.എ.ഇയുടെ കാഴ്ചകളിലേക്ക് ലോകത്തെയെത്തിക്കുന്ന, യു.എ.ഇയുടെ ചിറകായ ദേശീയ എയര്‍ലൈനിന് 'ഇത്തിഹാദ് എയര്‍ലൈന്‍സ്' എന്ന് നാമകരണം നല്‍കിയതും മിഡിലീസ്റ്റിലെ തന്നെ ഏറ്റവും വലിയ ഇന്‍ഡോര്‍ വിനോദകേന്ദ്രമായ 'ഇത്തിഹാദ് അരീന'യുമെല്ലാം ആ വാക്കിന്റെ അര്‍ത്ഥതലങ്ങളിലൂടെ നമ്മളോട് സംസാരിക്കുന്നത് ഐക്യത്തെക്കുറിച്ചാണ്. യു.എ.ഇ ലോകത്തിന് മുന്നില്‍ മുറുകെപ്പിടിക്കുന്ന മൂല്യങ്ങളുടെ മാത്രം പ്രതീകമല്ല 'ഇത്തിഹാദ്' എന്ന വാക്ക്, മറിച്ച് അതിന്റെ ചരിത്രത്തിന്റെയും അസ്ഥിത്വത്തിന്റെയും കൂടി അടയാളപ്പെടുത്തലാകുന്നു ഇത്തിഹാദ് അഥവാ ഐക്യം. മെയ് മാസം അതിന് ഒരു ഓര്‍മപ്പെടുത്തലാകുന്നു എന്നുമാത്രം.