മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിലിരുന്ന് തലപുകച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സഹപ്രവര്‍ത്തകര്‍ കൂടിയിരുന്ന് അതിലെ ശരി തെറ്റുകള്‍ വിശകലം ചെയ്ത് അന്തിമരൂപമുണ്ടാക്കുന്നു. അതിന്റെ ചുവടുപിടിച്ചാണ് കമ്പനിയുടെ അടുത്ത സെയില്‍സ് ചുവടുവെപ്പുകള്‍. അതിനായി ചെലവഴിക്കുന്ന സമയം, മനുഷ്യാധ്വാനം, തലച്ചോര്‍ ചൂടുപിടിക്കുന്ന പ്രവര്‍ത്തനം എല്ലാം യു.എ.ഇയിലെ തൊഴിലിടങ്ങളില്‍ പുതുമയില്ലാത്തതാണ്. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങളെയെല്ലാം ഒറ്റക്ലിക്കില്‍ ഒതുക്കുന്ന നിര്‍മിത ബുദ്ധിയിലധിഷ്ടിതമായ തൊഴില്‍ അന്തരീക്ഷമാണ് പുതിയ കാലത്തിന്റെ രീതി. എ ഐ കണക്കുകൂട്ടലുകളിലെ ഈ കൃത്യതയാണ് ഇപ്പോള്‍ യു.എ.ഇയിലെ 75 ശതമാനം സെയില്‍സ് ടീമുകളെയും നവീന രീതികള്‍ പിന്തുടരാന്‍ പ്രേരിപ്പിക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാകുന്നു. 

To advertise here,

അനുദിനം മാറിമറിയുന്ന വിപണി സാധ്യതകള്‍ ഡേറ്റകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി ഉപഭോതാക്കളുമായി സൂക്ഷ്മമായ ആശയവിനിമയം നടത്താന്‍ സെയില്‍സ് സംഘങ്ങളെ നിര്‍മിത ബുദ്ധി സഹായിക്കുന്നു. മനുഷ്യരേക്കാള്‍ കൃത്യമായി സാങ്കേതിക വിദ്യക്ക് ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നുവെന്ന് പ്രൊഫഷണലുകള്‍ വ്യക്തമാക്കുന്നു. പുതിയ ഒരാളെ വിപണിയിലും ഇടപാടുരീതിയിലും പരിശീലനം നല്‍കി കാര്യക്ഷമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്നതിലും എളുപ്പത്തില്‍ ഒറ്റക്ലിക്കില്‍ സാങ്കേതികത ഫലം നല്‍കുന്നു. ഈ രീതി പിന്തുടരുകയല്ലാത്ത പരമ്പരാഗത രീതിയില്‍ കാര്യങ്ങള്‍ നടപ്പാക്കുന്നത് സ്ഥാപനങ്ങളെ പിറകോട്ട് നയിക്കുമെന്നും ആളുകള്‍ മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. 

ഉപഭോക്താക്കളുടെ ആവശ്യകതകള്‍ മനസിലാക്കി കച്ചവടം നടത്തുകയെന്നതാണ് സെയില്‍സിന്റെ അടിസ്ഥാനതത്വം. എന്നാല്‍ ഈ ആവശ്യകതകള്‍ കൃത്യതയോടെ മനസിലാക്കുകയെന്നതാണ് ആഗോളതലത്തില്‍ സെയില്‍സ് പ്രതിനിധികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. തൊഴില്‍ സമയത്തിന്റെ 27 ശതമാനവും ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിനായാണ് സംഘം നീക്കിവെക്കുന്നത്. യു.എ.ഇയിലെ 57 ശതമാനം സെയില്‍സ് പ്രൊഫഷണലുകളും ഇതൊരു വലിയ വെല്ലുവിളിയാണെന്ന് വ്യക്തമാക്കുന്നു. 13 ശതമാനം മാത്രമാണ് ഇതിനെ ബുദ്ധിമുട്ടില്ലാത്ത പ്രവര്‍ത്തനമായി കണക്കാക്കുന്നത്. ഇതിനെ നിര്‍മിതബുദ്ധി സാധ്യതകള്‍ പ്രയോജനപ്പെടുത്തി എളുപ്പമാക്കുകയാണ് ആഗോളതലത്തിലുള്ള സെയില്‍സ് പ്രൊഫഷണലുകള്‍. ഇത് സ്ഥാപനത്തിന്റെ മൊത്തം പ്രവര്‍ത്തനക്ഷമത ഉയര്‍ത്തുമെങ്കിലും വ്യക്തിഗത തൊഴില്‍ സാധ്യതകള്‍ക്ക് വലിയ വെല്ലുവിളികളായും മാറുന്നു. 

എ.ഐ സാങ്കേതികതയുടെ ചുവടുപിടിച്ചാണ് യു.എ.ഇയിലെ സെയില്‍സ് സ്ഥാപനങ്ങള്‍ മുന്നോട്ടുപോകുന്നതെന്ന് മിഡില്‍ ഈസ്റ്റ് സെയില്‍സ്‌ഫോഴ്‌സ് വൈസ് പ്രസിഡന്റും ജനറല്‍ മാനേജറുമായ തിരെ നിക്കോള്‍ട്ട് പറയുന്നു. പരമ്പരാഗത രീതിയില്‍ നിന്നും മാറി ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രവര്‍ത്തനം കൃത്യതയോടെ നടപ്പാക്കാന്‍ ഇത് സഹായകരമാകുന്നു. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എ.ഐ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നതില്‍ ഇപ്പോഴും വ്യക്തതക്കുറവുണ്ട്. സാങ്കേതികത മനുഷ്യാധ്വാനവും ഒപ്പം തൊഴില്‍ അവസരങ്ങളും കുറക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ പകുതിയിലധികം ജോലിയും ഇപ്പോള്‍ എ.ഐ ആണ് ചെയ്യുന്നത്. കോഡിങ്ങും ഡേറ്റ സ്ഥിതിവിവരക്കണക്കുകളും പോലും ഈ സാങ്കേതികതയിലൂടെയാണ് ഇപ്പോള്‍ കമ്പനികള്‍ ചെയ്യുന്നത്. 

പൂര്‍ണമായും നിര്‍മിതബുദ്ധിയില്‍ അധിഷ്ടിതമായ തൊഴിലിടങ്ങളുടെ സാധ്യതയെക്കുറിച്ചാണ് കമ്പനികള്‍ ഇപ്പോള്‍ ആലോചിക്കുനന്ത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 6000 പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ പഠനവും ഈ വാദത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. എന്നാല്‍ സാങ്കേതികത മുന്നിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ നഷ്ടമായേക്കാവുന്ന തൊഴില്‍ അവസരങ്ങളെക്കുറിച്ചുള്ള ആശങ്കകളും ആളുകള്‍ വ്യക്തമാക്കുന്നുണ്ട്. നിലവിലെ കണക്കുകള്‍ പ്രകാരം 43 ശതമാനം ജോലികളും നിര്‍മിതബുദ്ധിയിലാണ് ആളുകള്‍ നടപ്പാക്കുന്നത്. എന്നാല്‍ വലിയൊരു ശതമാനം ആളുകള്‍ എ.ഐ എങ്ങനെ തൊഴിലിടങ്ങളില്‍ പ്രയോജനപ്പെടുത്തണം എന്ന കാര്യത്തില്‍ വ്യക്തതയില്ലായ്മയുള്ളതായും അഭിപ്രായപ്പെടുന്നു. 

അടിസ്ഥാനപരമായ സാങ്കേതിക പരിജ്ഞാനം പുതിയ തൊഴിലിടങ്ങളില്‍ ഏറ്റവും നിര്‍ബന്ധമായിരിക്കുന്നു. അതുകൊണ്ടുതന്നെ യു.എ.ഇയിലേക്ക് തൊഴില്‍ തേടിയിറങ്ങുന്നവര്‍ കാലത്തിന്റെ മാറുന്ന സാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും പ്രൊഫഷണലുകള്‍ വ്യക്താമാകുന്നു.