മാലിന്യം തള്ളിയത് കനാൽ ശുചീകരിച്ചു സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കിടെ
പോലീസ് അന്വേഷണം തുടങ്ങി, ഒരു വാഹനം പിടിച്ചെടുത്തു
ചേർത്തല : ചേർത്തല നഗരത്തിലൂടെ ഒഴുകുന്ന എ.എസ്. കനാലിൽ വൻതോതിൽ ശൗചാലയമാലിന്യം തള്ളി. ഇരുമ്പുപാലത്തിനും പടയണിപ്പാലത്തിനും ഇടയ്ക്കായാണ് മാലിന്യം തള്ളിയത്. ശുചീകരിച്ചു സംരക്ഷിക്കാൻ ജനകീയ സഹകരണത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സമൂഹവുരുദ്ധ നടപടി. വെള്ളിയാഴ്ച രാത്രി മാത്രം മൂന്നു ലോറി മാലിന്യം തള്ളിയിട്ടുണ്ട്. ഈ ഭാഗത്ത് ഏതാനും നാളുകളായി തുടർച്ചയായി മാലിന്യം തള്ളിക്കൊണ്ടിരിക്കുകയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
നഗരസഭാധ്യക്ഷൻ എസ്. സോബിൻ, വൈസ് ചെയർപേഴ്‌സൺ എൻ.എൽ. വത്സലകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എസ്. സനീഷ്, ബീനാ അജി, കൗൺസിലർമാരായ ഡി. ജ്യോതിഷ്, സി.ഡി. ശങ്കർ തുടങ്ങിയ ജനപ്രതിനിധികളും പോലീസും സ്ഥലത്തെത്തി.
സംഭവത്തിൽ അന്വേഷണം തുടങ്ങിയ പോലീസ് ഒരു സെപ്‌റ്റേജ് വാഹനം കസ്റ്റഡിയിലെടുത്തു. നഗരസഭാ അധികൃതരുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് മാലിന്യം തള്ളിയ വാഹനങ്ങളെല്ലാം പിടികൂടി നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മാലിന്യം തള്ളിയതോടെ ഇതു കനാലാകെ ഒഴുകിപ്പരന്നു. വെള്ളത്തിന്റെ നിറവ്യത്യാസവും ദുർഗന്ധവുമാണ് സംശയങ്ങൾക്കിടയാക്കിയത്. ഏതാനും നാളുകൾക്കു മുൻപും ഇതേ ഭാഗത്ത് കച്ചവടക്കാരും പ്രദേശവാസികളും മാലിന്യം തള്ളിയതായി പരാതി ഉയർത്തിയിരുന്നു.
രാത്രികാലത്ത് കനാലോരത്ത് വണ്ടിയിട്ടാണ് സംഘങ്ങൾ മാലിന്യം കനാലിലേക്കു തള്ളുന്നത്. പോലീസിന്റെയും ആരോഗ്യവകുപ്പധികൃതരുടെയും ഭാഗത്തുനിന്നു തുടർച്ചയായുണ്ടാകുന്ന മൃദുസമീപനമാണ് ഇത്തരം നടപടികൾ ആവർത്തിക്കുന്നതിനു പിന്നിലെന്നാണ് വിമർശം.
പരിശോധന ശക്തമാക്കും
: കനാലിൽ മാലിന്യം തള്ളിയ സാഹചര്യത്തിൽ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ രാത്രികാല പരിശോധന ശക്തമാക്കാൻ തീരുമാനം. ഇതിനായി പോലീസിന്റെ സഹായവും തേടിയിട്ടുണ്ടെന്ന് ചെയർമാൻ എസ്. സോബിൻ പറഞ്ഞു. ശനിയാഴ്ച രാത്രിമുതൽ നഗരത്തിൽ രാത്രികാല സ്‌ക്വാഡ് രംഗത്തിറങ്ങും.
Published: 19 Sept 2026, 02:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented